ഗൗരവമുള്ള വിഷയങ്ങള്‍ പ്രമേയമാക്കുക ദുഷ്‌കരം: ഇറാനിയന്‍ സംവിധായകന്‍

0

ഗൗരവമുള്ള വിഷയങ്ങള്‍ പ്രമേയമാക്കി ചിത്രമെടുക്കുന്നതിനും അതിനായി ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ദുഷ്‌കരമാണെന്ന് ഇറാനിയന്‍ സംവിധായകന്‍ ഹസന്‍ നാസര്‍. ടഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധകലുഷിതമായ അഫ്ഗാനിസ്ഥാന്‍ പശ്ചാത്തലമാക്കിയ അദ്ദേഹത്തിന്റെ ചിത്രം ഉട്ടോപ്യ ലോക സിനിമാ വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ യുദ്ധം നടക്കുന്ന സമയത്തെ അഫ്ഗാനിസ്ഥാനിലെ ചിത്രീകരണം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തങ്ങള്‍ താമസിച്ചിരുന്ന ഹോട്ടല്‍ വിട്ടിറങ്ങി ഏതാനു മണിക്കൂറിനകം താലിബാന്‍ ഭീകരര്‍ അവിടെയെത്തി ആറ് പേരെ വെടിവച്ചുകൊന്ന വിവരവും അദ്ദേഹം പങ്കുവച്ചു.

പുതിയ നായികയെ അവതരിപ്പിച്ച ഉട്ടോപ്യയുടെ 30 ശതമാനം ഇന്ത്യയിലാണ് ചിത്രീകരിച്ചത്. ജയ്പൂരിന് അഫ്ഗാന്‍ ഭുപ്രകൃതിയുമായി സമാനതയുള്ളതിനാലാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. ഇറാനിയന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ടെലിവിഷന്‍ സീരിയല്‍ കേരളത്തില്‍ വച്ച് ചിത്രീകരിക്കാന്‍ ഇഷ്ടപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യാക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിത്രം വിദേശ ഭാഷാ വിഭാഗത്തില്‍ ഓസ്‌കാറിന് നോമിനേറ്റ് ചെയ്തിട്ടുണ്ട്.

ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടിയാണ് 22 അംഗ ഇറാന്‍ സംഘത്തിന് ഇന്ത്യയില്‍ ഷൂട്ടിംഗ് നടത്തിയതെന്ന് മലയാളിയായ ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ വേണുഗോപാലന്‍ നായര്‍ പറഞ്ഞു. പരിമിതമായ ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് ജയ്പൂര്‍ കേന്ദ്രമാക്കി സിനിമയെടുക്കാന്‍ നാസറിന് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

സത്യജിത് റായ്, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുടെ സിനിമകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് അക്കാദമികളില്‍ ഫിലിം പഠനം നടത്തിയിട്ടില്ലാത്ത താന്‍ അഭിനയരംഗത്തേക്കും സംവിധാനത്തിലേക്കും കടന്നു വന്നതെന്ന് ബംഗാളി സംവിധായക സാത്പുര സന്യാല്‍ പറഞ്ഞു. മനുഷിക ബന്ധങ്ങളുടെ ഊഷ്മളതയും സ്ത്രീത്വത്തിന്റെ ആവശ്യകതയുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രം ഓന്യോ ഓപാല സംവദിക്കുന്നത്. മൃഗ ഡോക്ടറായ താന്‍ നാലുവര്‍ഷത്തെ കഠിനാദ്ധ്വാനത്തിനു ശേഷമാണ് ചിത്രം രൂപപ്പെടുത്തിയത്. ഭിന്നലിംഗക്കാരേയും ഉള്‍പ്പെടുത്തിയ ചിത്രം പുരുഷ മേധാവിത്വ സമൂഹത്തോടുള്ള പ്രതികരണമാണെന്നും അവര്‍ വ്യക്തമാക്കി.