അനെര്‍ട്ട് സോളാര്‍ സ്മാര്‍ട്ട് സോളാര്‍ ഓഫ്ഗ്രിഡ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

0

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ അനെര്‍ട്ട് നടപ്പാക്കുന്ന സോളാര്‍ സ്മാര്‍ട്ട് പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷം 6MW (ആകെ) പദ്ധതിയാണ് നടപ്പാക്കുന്നത്.

ഒരു കിലോവാട്ട് മുതല്‍ മൂന്ന് കിലോവാട്ട് വരെ ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്കും ഒന്നുമുതല്‍ അഞ്ച് കിലോവാട്ട് വരെ ഗാര്‍ഹികേതര ഗുണഭോക്താക്കള്‍ക്കും അപേക്ഷിക്കാം. ബാറ്ററിയുടെ കപ്പാസിറ്റിയില്‍ മാറ്റം വരുത്തി കൂടുതല്‍ ഉപഭോഗം രാത്രിസമയത്ത് ഉള്ളവര്‍ക്ക് ഓപ്ഷന്‍ ഒന്നും പകലുമാത്രം ഉപഭോഗമുള്ളവര്‍ക്ക് ഓപ്ഷന്‍ മൂന്നും ഉപയോഗിക്കാവുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. കൂടിയ സബ്‌സിഡി ഒരു കിലോവാട്ടിന് നാല്‍പ്പതിനായിരത്തി അഞ്ഞൂറ് രൂപയും കുറഞ്ഞത് ഇരുപത്തിയേഴായിരം രൂപയും ലഭിക്കും.

www.anert.gov.in-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ലഭിച്ച ഗുണഭോക്താവ് അനെര്‍ട്ട് എംപാനല്‍ ചെയ്ത ലിസ്റ്റില്‍പ്പെട്ട ഏജന്‍സിയെ കണ്ടെത്തി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണം. ഈ പദ്ധതിയ്ക്ക് സഹകരണ ബാങ്കുകളും സൊസൈറ്റികളും കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ നല്‍കും. ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് അപേക്ഷാഫീസ് ലഭിക്കുന്ന മുന്‍ഗണനാക്രമത്തിലായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡും, സ്ഥാപനങ്ങള്‍ക്കുവേണ്ടി അനെര്‍ട്ട് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ആയിരം രൂപയുടെ ഡി.ഡിയും കരുതണം.