ജലത്തിനായി നിലകൊള്ളുന്ന പോരാളികള്‍

ജലത്തിനായി നിലകൊള്ളുന്ന പോരാളികള്‍

Saturday April 30, 2016,

3 min Read

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ജലദൗർലഭ്യതയാണ് ഇന്ത്യ ഇന്നു നേരിടുന്നത്. സെൻട്രൽ വാട്ടർ കമ്മിഷന്റെ (സിഡബ്ല്യുസി) കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രധാനപ്പെട്ട 91 ജലസംഭരണികളിലും 157.8 ബില്യൻ ക്യുബിക് മീറ്റർ വെള്ളമാണുള്ളത്. എന്നാൽ ഇവയ്ക്ക് 250 ബില്യൻ ക്യുബിക് മീറ്റർ വെള്ളം താങ്ങാനുള്ള ശേഷിയുണ്ട്. ഇതിൽനിന്നും മനസിലാകുന്നത് കഴിഞ്ഞ വർഷം ഈ സംഭരണികളിൽ ഉണ്ടായിരുന്ന വെള്ളത്തെക്കാൾ കുറവാണ് ഇപ്പോഴുള്ളത്. സിഡബ്ല്യുസിയുടെ കണക്കുകൾ അനുസരിച്ച് ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ 44 ശതമാനം മധ്യഭാഗത്ത് 36 ശതമാനവും വെള്ളവുമാണുള്ളത്. തെക്ക്, വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിലായി യഥാക്രമം 20, 26, 27 ശതമാനം വീതമാണ് വെള്ളത്തിന്റെ അളവ്.

image


കൃഷിക്കായാലും വ്യവസായത്തിനായാലും ഗാർഹിക ആവശ്യത്തിനായാലും വെള്ളം ഉപയോഗിക്കുന്ന കാര്യത്തിൽ അക്രമങ്ങൾ ഉണ്ടാകാറുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഇത് നിത്യസംഭവമാണ്. അവിടെ മൂന്നാഴ്ച കൂടുമ്പോഴാണ് ജനങ്ങൾക്ക് വെള്ളം ലഭിക്കാറുള്ളത്. ഒരു ദിവസം 8 മണിക്കൂറോളം ജനങ്ങൾ വെള്ളത്തിനായി കാത്തിരിക്കാറുണ്ട്.

വരൾച്ച മൂലം ദുരിതത്തിലായ ഇന്ത്യയിൽ വെള്ളം പാഴാക്കാതിരിക്കാനും അവയെ കരുതലോടെ സൂക്ഷിക്കാനും വേണ്ടി പോരാടുന്ന മൂന്നു പേരുണ്ട്.

രാജേന്ദ്ര സിങ്- ഇന്ത്യയുടെ ജലമനുഷ്യൻ

ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2015 ൽ സ്റ്റോക്ഹോം വാട്ടർപ്രൈസ് അവാർഡ് ലഭിച്ചു. ഇന്നുണ്ടായിരിക്കുന്ന വെള്ളം സംബന്ധിച്ച പ്രശ്നങ്ങൾക്ക് ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും മാത്രമായി ഒന്നും ചെയ്യാനാവില്ല. നല്ല ഭരണാധികാരികൾ, പദ്ധതികൾ, നേതൃത്വം എന്നിവയിൽ കൂടി മാത്രമേ ഇതുപരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

image


1959 ൽ രാജസ്ഥാനിൽ ജനിച്ച രാജേന്ദ്ര സിങ് സ്വന്തം ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് മെഡിസിനു ചേർന്നത്. എന്നാൽ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യം ആവശ്യയുണ്ടായിരുന്നത് വെള്ളമായിരുന്നു. അതു കഴിഞ്ഞായിരുന്നു ആരോഗ്യപരിപാലനം. അങ്ങനെ അദ്ദേഹം തന്റെ പാത മാറ്റി. പുരാതനകാലത്ത് ജലം ശേഖരിക്കാനായി നിർമിച്ചതുപോലുള്ള ചെറിയ അണക്കെട്ടുകൾ നിർമിക്കാൻ ഗ്രാമവാസികളോട് ആവശ്യപ്പെട്ടു. 20 കൊല്ലത്തെ പരിശ്രമങ്ങൾക്കുശേഷം ഗ്രാമവാസികളുടെ പിന്തുണയോടെ 8,600 അണക്കെട്ടുകൾ നിർമിച്ചു. സംസ്ഥാനത്തെ ആയിരത്തോളംഗ്രാമങ്ങൾക്ക് വെള്ളം ലഭ്യമാക്കാൻ ഇതുവഴി സാധിച്ചു.

ഇന്നു രാജസ്ഥാനിൽ തരുൺ ഭാരത് സംഘ് എന്ന സംഘടന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. രാജസ്ഥാനിലെ പ്രകൃതിവിഭവങ്ങൾ പരിപാലിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. 2001 ൽ റാമോൺ മഗ്സസെ അവാർഡ് അദ്ദേഹത്തിനു ലഭിച്ചു. 2008 ൽ ഭൂമിയെ സംരക്ഷിക്കാനായി പോരാടുന്ന 50 പേരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ദ് ഗാർഡിയൻ ഉൾപ്പെടുത്തി.

അയ്യപ്പ മസാകി- ജല യോദ്ധാവ്

കർണാടകയിലെ ഗദാഗ് ജില്ലയിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു അയ്യപ്പയുടെ ജനനം. മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ച അദ്ദേഹം 23 വർഷം എൽ ആൻഡ് ടിയിൽ ജോലി ചെയ്തു. ശാസ്ത്രത്തെ ഗ്രാമവികസനത്തിനായി പ്രയോജനപ്പെടുത്തുകയെന്ന സ്വപ്നമാണ് അയ്യപ്പയ്ക്ക് ഉണ്ടായിരുന്നത്. ഇതാണ് ജില്ലയിൽ 6 ഏക്കർ സ്ഥലം വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചെറിയ മഴ ലഭിച്ചാലും ധാന്യങ്ങൾ വളർത്താൻ കഴിയുമെന്നു ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ കടുത്ത വരൾച്ചയും പ്രതീക്ഷിക്കാതെയുള്ള വെള്ളപ്പൊക്കവും മൂലം അദ്ദേഹം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു. ഇതിൽ നിന്നുമാണ് മഴവെള്ളം സംഭരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്.

image


മഴവെള്ളം സംഭരിക്കുന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി. ഓരോ ഏക്കറിലും എട്ടുവീതം കുഴികൾ ഉണ്ടാക്കി. ചെളി, മണ്ണ്, മണൽ, പാറക്കഷ്ണം എന്നിവ കൊണ്ടാണ് കുഴികൾ കെട്ടിയുണ്ടാക്കിയത്. മഴ പെയ്യുമ്പോൾ ഈ കുഴികളിൽ ഒഴുകിയെത്തുന്ന വെള്ളം കളയാതെ ശേഖരിച്ചു. വേനൽക്കാലത്തുപോലും ഇവയിൽ വെള്ളം വറ്റില്ല. ആ രീതിയിലാണ് കുഴികളുടെ നിർമാണം. അതിനാൽ ഏതു സമയത്തും കൃഷിഭൂമിയിൽ വെള്ളമുണ്ടാകും. ഇന്നു ചെറിയ ഈ ടെക്നോളജിയിലൂടെ ഒരു ലക്ഷത്തോളം കർഷക കുടുംബങ്ങൾ മഴവെള്ളം സംഭരിക്കുന്നുണ്ട്.

ഇന്ത്യയിലാകമാനം ആയിരക്കണക്കിന് പദ്ധതികൾ അയ്യപ്പ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യമൊട്ടാകെ 600 ലക്ഷം കുഴികൾ ഉണ്ടാക്കി. ഇവയിൽ 70 ബില്യൻ ലിറ്റർ മഴവെള്ളം ശേഖരിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ടർ ലിറ്ററസി ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. 2020 ആകുമ്പോഴേക്കും ജലദൗർലഭ്യത ഇല്ലാത്ത രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ് സംഘടനയുടെ ലക്ഷ്യം.

ആബിദ് സുർതി

വീടുകളിൽ ജലം പാഴായി പോകുന്ന കാര്യങ്ങളിൽ ഒന്നാണ് പൊട്ടിയ പൈപ്പുകൾ. 80-ാമത്തെ വയസിൽ ആബിദ് ഇറങ്ങി പുറപ്പെട്ടത് ഇവയ്ക്കു പരിഹാരം കണ്ടെത്താനാണ്. ഇതിനായി അദ്ദേഹം ഡ്രോപ് ഡെഡ് ഫൗണ്ടേഷൻ എന്ന സംഘടന സ്ഥാപിച്ചു. അദ്ദേഹം ഒറ്റയ്ക്കാണ് ഈ സംഘടനയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എല്ലാ ഞായറാഴ്ചകളിലും മുംബൈയിലെ വീടുകളിൽ ആബിദ് കയറി ഇറങ്ങും. പൈപ്പുകളിൽ കാണുന്ന ചെറിയ തകരാറുകൾ സൗജന്യമായി ശരിയാക്കി കൊടുക്കും.

image


മുംബൈയിൽ ജനിച്ചു വളർന്ന ആബിദ് ജലത്തിനുവേണ്ടി ഉണ്ടായ നിരവധി അക്രമങ്ങൾക്ക് ദൃക്സാക്ഷിയായിട്ടുണ്ട്. എന്നാൽ ഇതൊന്നുമല്ല അദ്ദേഹത്തിനു പ്രചോദനമായത്. ജലദൗർലഭ്യത്തെക്കുറിച്ച് വായിച്ച ഒരു ലേഖനമാണ് അദ്ദേഹത്തെ മാറ്റി മറിച്ചത്. 2007 ൽ ഹിന്ദി സാഹിത്യ സൻസ്ത അവാർഡായി ഒരു ലക്ഷം രൂപ ലഭിച്ചപ്പോൾ ജലം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ഒരു വർഷത്തിനുള്ളിൽ (ഫെബ്രുവരി 2007- ഫെബ്രുവരി 2008) അദ്ദേഹം മുംബൈയിലെ 1,666 വീടുകൾ സന്ദർശിച്ചു. തകരാറുകളുള്ള 414 പൈപ്പുകൾ ശരിയാക്കി. 414,000 ലിറ്റർ വെള്ളം നഷ്ടപ്പെടുത്താതെ സംരക്ഷിച്ചു. അങ്ങനെയെങ്കിൽ ഇന്നു എത്രമാത്രം വെള്ളം അദ്ദേഹം സംരക്ഷിക്കുന്നുണ്ടാകുമെന്നു ചിന്തിച്ചു നോക്കൂ.

ജലസംരക്ഷണത്തിനായി മഹാരാഷ്ട്ര സർക്കാരും രംഗത്തുവന്നിട്ടുണ്ട്. അടുത്തിടെ ഹോളി ആഘോഷസമയത്ത് മഴ നൃത്തങ്ങൾക്കായും സ്വിമ്മിങ് പൂളുകൾക്കായും ജലം വിതരണം ചെയ്യുന്നത് നിർത്താൻ നഗരങ്ങളിലെ മുൻസിപ്പാലിറ്റികൾക്ക് മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകി. കൃഷിമേഖലയിൽ വെള്ളം പാഴാക്കാതെ ഉപയോഗപ്പെടുത്താനായി നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ കൊണ്ടുവന്നു. സർക്കാരിനു പുറമേ സാധാരണക്കാരായ മനുഷ്യരും ജലസംരക്ഷണത്തിനായി പോരാടുന്നത് സന്തോഷകരമായ സംഗതിയാണ്.