വനിതകളുടെ ഫാഷന്‍ സ്വപ്‌നങ്ങള്‍ക്ക് കൂട്ടായി ഭാവന

വനിതകളുടെ ഫാഷന്‍ സ്വപ്‌നങ്ങള്‍ക്ക് കൂട്ടായി ഭാവന

Friday January 15, 2016,

3 min Read

വിവാഹം, ജന്മദിനം, ബാച്ചിലര്‍പാര്‍ട്ടി...ആഘോഷം എന്തായാലും സ്ത്രീകള്‍ക്ക് ആധി വസ്ത്രധാരണത്തെക്കുറിച്ചാണ്. വനിതാകള്‍ ഇത്രയേറെ ശ്രദ്ധചെലുത്തുന്ന മറ്റൊരുകാര്യം ഇല്ലെന്നു തന്നെ പറയാനാകും. ആഭരണങ്ങള്‍ക്കുപോലും, വസ്ത്രം കഴിഞ്ഞെ സ്ഥാനമുള്ളൂ. അതുകൊണ്ടു തന്നെ വാട്‌റോബില്‍ നിറയ്ക്കുന്ന സാരിയും ചുരിദാറും ജീന്‍സുമെല്ലാം മികച്ചതായിരിക്കണമെന്ന് ഓരോരുത്തരും ശഠിക്കുന്നു. ആകര്‍ഷകമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഏവരും ഒരു സുഹൃത്തിനെ തേടാറുമുണ്ട്. അക്കൂട്ടത്തില്‍ ഏവര്‍ക്കും കിട്ടിയിരിക്കുന്ന പുതിയ സുഹൃത്താണ് ഭാവന മൊത്‌വാനി. സ്റ്റിച്ച് മൈ ഫിറ്റ്‌സ് എന്ന ബൊട്ടീക്ക് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് ഭാവനയെന്ന ആത്മസുഹൃത്തിനെയാണ്. ഫാഷന്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ഈ ടെക്കി ഫാഷന്‍ ഡിസൈനറെ മുംബംയിലെ വനിതകള്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ഭാവനെയെക്കുറിച്ചും സ്റ്റിച്ച് മൈ ഫിറ്റ്‌സ് എന്ന അവരുടെ ബൊട്ടീക്കിനെ കുറിച്ചും പറയാന്‍ ഏറെയുണ്ട്. എന്‍ജിനിയറായ ഫാഷന്‍ ഡിസൈനറാണ് ഈ മുംബൈ സ്വദേശിനി. ഫാഷന്‍ സ്വപ്‌നമായി കൊണ്ടുനടന്ന പെണ്‍കുട്ടി, നിയോഗം കൊണ്ട് എന്‍ജിനിയര്‍ ആയിത്തീരുകയായിരുന്നു. റൂര്‍കീ ഐഐടിയില്‍ നിന്ന് എന്‍ജിനിയറിങ് പഠിച്ച ഭാവന പത്തു വര്‍ഷം നീണ്ട ടെക്കി ജീവിതത്തിനു ശേഷമാണ് വീണ്ടും ഫാഷന്‍ ലോകത്തേയ്ക്ക് എത്തുന്നത്. സ്വന്തമായൊരു ഫാഷന്‍ ലോകം എന്ന അടങ്ങാത്ത സ്വപ്‌നമാണ് ഭാവനെയെ പുതിയ പരീക്ഷണത്തിന് പ്രേരിപ്പിച്ചത്. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിന്റെ പിന്തുണകൂടിയായപ്പോള്‍ ഭാവനയുടെ 'ഭാവന' ഇതള്‍ വിരിഞ്ഞത് സിറ്റിച്ച് മൈ ഫിറ്റ്‌സ് എന്ന പേരിലാണ്.

image


സുഹൃത്ത് നീതു സിംഗുമായി ചേര്‍ന്ന് ആരംഭിച്ച ബുട്ടീക്ക് വനിതകള്‍ ഏറ്റെടുത്തത് ഭാവനയുടെ ആത്മസമര്‍പ്പണത്തിന്റഎ ഫലമാണ്. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം എന്ന ആശയമാണ് ബുട്ടീക്ക് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍, സാധാരണ ഓണ്‍ലൈന്‍ കച്ചവടക്കാരെപ്പോലെ എന്തെങ്കിലും വിറ്റാല്‍പോര, വാങ്ങുന്നവരുടെ മനസുനിറയണം എന്ന നിര്‍ബന്ധവും ഭാവനയ്ക്കുണ്ട്. അതിനാല്‍ പുതിയൊരു പരീക്ഷണം നടത്തുകയാണ് ചെയ്യുന്നതെന്ന് പറയുന്നു ഭാവന. ആവശ്യക്കാരുടെ യഥാര്‍ഥ ശരീര അളവില്‍ വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ സ്റ്റെലിസ്റ്റുകള്‍ വീട്ടിലെത്തും. സൈറ്റില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഡിസൈനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ അളവെടുക്കാനായി സ്റ്റൈലിസ്റ്റ് എത്തുന്ന തരത്തിലാണ് സ്റ്റിച്ച് മൈ ഫിറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇത് വാങ്ങുന്നയാള്‍ക്കും വില്‍ക്കുന്നയാള്‍ക്കും മനസംതൃപ്തി നല്‍കുന്നുവെന്ന് മനം നിറഞ്ഞ് പറയുന്നു ഭാവന മൊത്‌വാനി. ഓണ്‍ലൈനില്‍ തിരഞ്ഞെടുക്കുമ്പോള്‍ ശരീര അളവ് ഒരു പ്രധാന പ്രശ്‌നമാണ്. ഇന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ച് പൊതുവായ ഒരു ശരീരഘടനയില്ല. എല്ലാവരും വ്യത്യസ്ഥ ശരീരപ്രകൃതിയുള്ളവരാണ്. അതുകൊണ്ടു തന്നെ മീഡിയം, ലാര്‍ജ്, എക്‌സ്ട്രാ ലാര്‍ജ് ഇവയൊക്കെ തരംതിരിക്കുക പ്രയാസമാണ്. അതിനാലാണ് ഇത്തരത്തിലൊരു ആശയം മനസിലുദിച്ചത്. പ്രാവര്‍ത്തികമാക്കാന്‍ ടെക്‌നിക്കല്‍ അറിവും പ്രയോജനപ്പെടുത്തുകയായിരുന്നു. പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ഒരു സ്‌റ്റൈലിസ്റ്റിനെ ഒപ്പം കൂട്ടി വ്യത്യസ്ഥ മെറ്റീരിയലുകളില്‍ 20 ഡിസൈനുകള്‍ തയാറാക്കി അവയുടെ ചിത്രങ്ങള്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തു. ഇതിന് മികച്ച പ്രതികരണം ലഭിച്ചപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചെന്നു പറയുന്നു ഭാവന.

ബിസിനസ് രൂപപ്പെടുത്തിയെടുക്കുക എന്നത് വളരെ ശ്രമകരമായിരുന്നു. പെട്ടെന്ന് മാറിക്കൊണ്ടേയിരിക്കുന്ന ഫാഷന്‍ രംഗത്ത് ഒരു മോഡല്‍ എന്നത് പ്രയാസമായിരുന്നു. അതിനായി മുംബൈയിലെയും സമീപപ്രദേശങ്ങളിലെയും സ്റ്റെലിസ്റ്റുകളെക്കുറിച്ച് ഒരു പഠനം തന്നെ നടത്തി. എല്ലാവരും ഓഫ്‌ലൈനായി ബിസിനസ് ചെയ്യുന്നവരാണ്. പലയിടങ്ങളിലും സമീപപ്രദേശങ്ങളിലെ സ്ഥിരം കസ്റ്റമേഴ്‌സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പലരും പ്രത്യേകം ബുട്ടീക്കുകള്‍ ഒരുക്കാതെ വീട്ടില്‍ തന്ന ഡിസൈന്‍ ചെയ്യുന്നവരായിരുന്നു. ബിസിനസ് നെറ്റ് വര്‍ക്ക് വിപുലപ്പെടുത്താന്‍ വഴി നോക്കിയിരുന്ന അവരുടെയൊക്കെ മുന്നില്‍ ഒന്നിച്ചൊരു പ്ലാറ്റ്‌ഫോം എന്ന ആശയം വച്ചത് ഭാവനയായിരുന്നു. നിലവില്‍ സ്റ്റിച്ച് മൈ ഫിറ്റ്‌സ് ചെയ്യുന്ന ഓണ്‍ലൈന്‍ ബിസിനസില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുക. ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളുടെ ഫോട്ടോ പകര്‍ത്തി സൈറ്റില്‍ അപ് ലോഡ് ചെയ്ത് ബിസിനസ് കണ്ടെത്തുക എന്ന ആശയം എല്ലാവര്‍ക്കും ഉണര്‍വ് നല്‍കിയെന്നു പറയുന്നു ഭാവന. മുംബൈയിലെ പലഭാഗങ്ങളിലുമുള്ള സ്റ്റെലിസ്റ്റുകള്‍ സഹകരിച്ചതോടെ എല്ലായിടത്തു നിന്നുമുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ സാധിച്ചു. ഇത് ബിസിനസിന് മുതല്‍ക്കൂട്ടായി. ടെക്‌നോളജിയിലെ അറിവാണ് ഈ ആശയത്തിന് കരുത്തു പകര്‍ന്നതെന്ന് പറയുന്നു ഭാവന. ഇപ്പോള്‍ ഓണ്‍ലൈനോടൊപ്പം ഓഫ്‌ലൈന്‍ ബിസിനസും ബാലന്‍സ് ചെയ്യാനാകുന്നുണ്ട്.

image


200 വ്യത്യസ്ഥ സൈറ്റലുകളിലുള്ള ഡിസൈനുകള്‍ സൈറ്റിലുണ്ട്. അതില്‍ നിന്ന് തിരഞ്ഞെടുക്കുക എളുപ്പമാണ്. അളവുകള്‍ കൈവശമുള്ള കസ്റ്റമര്‍ക്ക് അത് നല്‍കുവാനുള്ള ഓപ്ഷനും സൈറ്റിലുണ്ട്. അതിനാല്‍ അത്തരക്കാര്‍ക്ക് വേഗത്തില്‍ വസ്ത്രങ്ങള്‍ തയാറാക്കി നല്‍കാനും സാധിക്കുന്നുണ്ട്. ഡിസൈനിംഗ് മാത്രമായിരുന്നു ചെയ്തിരുന്നതെങ്കിലും ഇപ്പോള്‍ സ്റ്റിച്ചിംഗും നടത്തുന്നുണ്ട്. ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ വളരെ മുന്നേറാന്‍ സാധിച്ചുവെന്ന് പറയുന്നു ഭാവന. ഇപ്പോള്‍ മൂന്ന് സ്‌റ്റൈലിസ്റ്റുകളും നിരവധി ടെയ്‌ലറിങ് സ്റ്റാഫുകളുമുണ്ട്. പ്രതിമാസം 200ഓളം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സ്റ്റിച്ച് മൈഫിറ്റ്‌സ് വ്യാപിപ്പിക്കാനാണ് പദ്ധതി. ഈ വര്‍ഷം അവസാനത്തോടെ ഇക്കാര്യം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാവന