സന്തോഷ് ട്രോഫി കേരളാ ടീം കോവളം എഫ്‌സിയുമായി ഏറ്റുമുട്ടുന്നു  

0

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് അര്‍ഹത നേടിയ കേരളാ ഫുട്‌ബോള്‍ ടീമിന്റെ പ്രദര്‍ശന മത്സരം 31 ന് തിരുവനന്തപുരത്ത്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗോകുലം എഫ്‌സി കേസരി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിനു മുമ്പാണ് സന്തോഷ് ട്രോഫിയ്ക്കായുള്ള കേരളാ ഫുട്‌ബോള്‍ ടീം തലസ്ഥാനത്തെ പ്രമുഖ ക്ലബ് ടീമായ കോവളം എഫ് സിയുമായി ഏറ്റുമുട്ടുക.

 തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ 31 ന് വൈകുന്നേരം അഞ്ചിനാണ് പ്രദര്‍ശന മത്സരം നടക്കുക. സന്തോഷ് ട്രോഫി പ്രാഥമീക റൗണ്ട് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്താന്‍ ആദ്യം തീരുമാനിക്കുകയും പിന്നീട് ചില സാങ്കേതിക കാരണങ്ങളാള്‍ കോഴിക്കോട്ടേയ്ക്ക് മാറ്റുകയുമായിരുന്നു. ഇത് തലസ്ഥാനത്തെ ഫുട്‌ബോള്‍ പ്രേമികളെ ഏറെ നിരാശരാക്കിയിരുന്നു. എന്നാല്‍ കേരളാ ടീമിന്റെ പ്രദര്‍ശന മത്സരം തിരുവനന്തപുരത്ത് നടത്തുന്നതോടെ ഈ നിരാശയ്ക്ക് വിരാമകാകും. ഉസ്മാന്‍ ക്യാപ്ടനായുള്ള കേരളാ ടീമിനോട് മത്സരിക്കാന്‍ മികച്ച യുവനിരയുമായാണ് കോവളം എഫ്.സി രംഗത്തെത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരുവനന്തപുരം ജില്ലാ ലീഗില്‍ ഉള്‍പ്പെടെ മിന്നും പ്രകടനം നടത്തിയ ടീമാണ് കോവളം എഫ്.സി. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ ഐ.എം.വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരം കാണാന്‍ എത്തുന്നുണ്ട്.