കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി ഇഫാം

0

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന മേഖലയായിട്ടു കൂടിയും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് കാര്‍ഷിക മേഖലയിലാണ്. ഇത് മനസിലാക്കിയാണ് ഐ.ഐ.ടി ബിരുദധാരിയായ വെങ്കട്ട സുബ്രഹ്മണ്യം തന്റെ ഐ.ടി മേഖലയിലെ ജോലി ഉപേക്ഷിച്ചതും കാര്‍ഷിക മേഖലയിലേക്ക് ചുവട് വച്ചതും.

വിശ്വസനീയമായ മാര്‍ക്കറ്റിന്റെ അഭാവമാണ് കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നമെന്ന് വെങ്കട്ട സുബ്രഹ്മണ്യം മനസിലാക്കി. ഇതിന് ഒരു പരിഹാരോപാധി എന്ന നിലയിലാണ് അദ്ദേഹം ഇഫാം എന്ന സോഷ്യല്‍ എന്റര്‍പ്രൈസ് ആരംഭിച്ചത്. കര്‍ഷകരില്‍ നിന്നും വിഭവങ്ങള്‍ വാങ്ങുകയും ചെന്നൈയിലെ റസ്റ്ററന്റുകള്‍ക്ക് അവ വിതരണം ചെയ്യുന്ന ഉപാധിയാണ് ഇഫാം. കൃഷിക്കാര്‍ക്ക് സഹായകമാകുന്ന ഈ സംവിധാനത്തിലൂടെ അവരുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാകുമെന്നും ന്യായവിലയ്ക്ക് അവ വില്‍ക്കാനും മികച്ച ലാഭം നേടാനുമാകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. കര്‍ഷകരുടെ കൃഷി രീതിയെപ്പറ്റി വിശദമായി മനസിലാക്കിയ ശേഷം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഇവ തയ്യാറാക്കുന്നത്. അതിനാല്‍ വിഭവങ്ങള്‍ പാഴായിപോകുന്നില്ലെന്നും ഉറപ്പിക്കാനാകും.

2008ലാണ് ഇഫാം ആരംഭിച്ചത്. 2009ല്‍ ഐ.ഐ.എം-കോഴിക്കോട് വൈറ്റ്‌നൈറ്റ് ബിസിനസ് പ്ലാന്‍ കോണ്ടസ്റ്റില്‍ ഇഫാം വലിയ മാദ്ധ്യമശ്രദ്ധയാണ് നേടിയത്. എങ്ങനെയാണ് ഇഫാം കര്‍ഷകരുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം നല്‍കിയതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സാധാരണ ഇടനിലക്കാര്‍ വഴി കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുമ്പോള്‍ പലപ്പോഴും കബളിപ്പിക്കപ്പെടലിന് ഇരയാകാറുണ്ട്. തൂക്കത്തിലും അളവിലും എല്ലാം ഇടനിലക്കാര്‍ പാവം കര്‍ഷകരോട് ചതി കാണിക്കാറുണ്ട്. ഇതൊഴിവാക്കാന്‍ കര്‍ഷകര്‍ക്ക് ഇഫാം അവബോധ ക്ലാസുകള്‍ നടത്താറുണ്ട്. തൂക്കത്തെപ്പറ്റിയും കാര്‍ഷിക വിഭവങ്ങളുടെ ന്യായ വിലയെപ്പറ്റിയുമെല്ലാം അവര്‍ പറഞ്ഞു കൊടുക്കും.കര്‍ഷകരെ മാത്രമല്ല, ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരേയും ഇഫാം സഹായിക്കാറുണ്ട്. അവര്‍ക്കായി ജോലി സാധ്യതയും ഒരുക്കാറുണ്ട്.