ഒരു കോടിയുടെ നിക്ഷേപം നേടിയെടുത്ത് പ്രോക്‌സിമിറ്റി

0


പൂണെ ആസ്ഥാനമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പായ പ്രോക്‌സിമിറ്റി ഒരു കോടി രൂപ നിക്ഷേപമായി നേടിയെടുത്തതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപങ്ങള്‍ നേടിയെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി ലക്ഷ്യമിട്ട് 2015 ല്‍ തുടങ്ങിയ വണ്‍ക്രൗഡിലൂടെയാണ് പ്രോക്‌സിമിറ്റിക്ക് ഇതു സാധിച്ചത്. പൂണെയെക്കൂടാതെ മറ്റു നഗരങ്ങളിലേക്കും പ്രോക്‌സിമിറ്റിയെ കൊണ്ടെത്തിക്കാനായി ഈ നിക്ഷേപം ഉപയോഗപ്പെടുത്താനാണ് ഇവരുടെ തീരുമാനം.

അഭയ് ബോറ, യാഷ് മുത്ഹ, കംലേഷ് സഞ്ചേതി എന്നിവര്‍ ചേര്‍ന്നാണ് പ്രോക്‌സിമിറ്റി തുടങ്ങിയത്. ഇന്നു 16 പേര്‍ അടങ്ങിയതാണ് പ്രോക്‌സിമിറ്റി ടീം. ടിവിയില്‍ക്കൂടി മാത്രമല്ലാതെ യാത്ര ചെയ്യുന്ന അവസരങ്ങളിലും ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യം എത്തിക്കുന്ന സംരംഭമാണിത്. ഇതിനായി ഇവര്‍ തിരഞ്ഞെടുത്തത് സാധാരണക്കാരായ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഓട്ടോറിക്ഷകളെ ആയിരുന്നു. ഓട്ടോറിക്ഷകളില്‍ ടാബ്!ലെറ്റുകള്‍ സ്ഥാപിച്ചായിരുന്നു പ്രവര്‍ത്തനം. ഇവയില്‍ക്കൂടി പരസ്യങ്ങള്‍ കാണാം. യാത്രക്കാരനു ഇഷ്ടമുള്ള പരസ്യങ്ങള്‍ തിരഞ്ഞെടുത്തു കാണാം. യാത്രക്കാരന്‍ മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതു തടയാന്‍ ഇതുവഴി സാധിക്കും.

പ്രോദേശിക പരസ്യങ്ങളാണ് കൂടുതലായും കാണിക്കുന്നത്. ഇതുവഴി യാത്രക്കാരനു നേരിട്ട് പരസ്യദാതാക്കളുമായി ബന്ധപ്പെടാനുള്ള അവസരം നല്‍കുന്നു. മനോഹരമായ ദൃശ്യങ്ങളും സംഗീതവും അടങ്ങിയതാണ് ഓരോ പരസ്യവും. യാത്രക്കാരനെ ബോറടിപ്പിക്കാത്ത രീതിയിലാണ് ഓരോ പരസ്യവും തയാറാക്കിയിട്ടുള്ളത്. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ചെറിയൊരു ഭാഗം ഓട്ടോറിക്ഷ ഉടമകള്‍ക്കും നല്‍കുന്നു.

ഏതു പരസ്യമാണ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടതെന്നും പ്രോക്‌സിമിറ്റിക്ക് കൃത്യമായി അറിയാം. പരസ്യദാതാക്കളെ കൃത്യമായി ഇക്കാര്യം അറിയിക്കും. ഇതിലൂടെ അവര്‍ക്ക് തങ്ങളുടെ പരസ്യം ഒന്നുകൂടി മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നു പ്രോക്‌സിമിറ്റിയുടെ സ്ഥാപകനും എംഡിയുമായ അഭയ് പറഞ്ഞു.

ഏതു ഓട്ടോറിക്ഷയില്‍ ഏതു പരസ്യമാണ് യാത്രക്കാരന്‍ കാണുന്നതെന്നും പ്രോക്‌സിമിറ്റി ടീമിന് വ്യക്തമായി അറിയാന്‍ കഴിയും. ഇപ്പോള്‍ ഓട്ടോറിക്ഷകളില്‍ മാത്രമാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. ഭാവിയില്‍ പൊതുഗതാഗതത്തിനുപയോഗിക്കുന്ന എല്ലാ വാഹനത്തിലും ഇത്തരത്തില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശ്യം.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് മേഖല വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ ഗുണകരമാണ് വണ്‍ക്രൗഡിന്റെ പ്രവര്‍ത്തനമെന്നും അഭയ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുക മാത്രമല്ല, അവരില്‍ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടെന്ന് വണ്‍ക്രൗഡിന്റെ സഹസ്ഥാപകനായ അനില്‍ ഗുഡിബാന്‍ഡെ പറഞ്ഞു.

പ്രോക്‌സിമിറ്റി പരസ്യങ്ങള്‍ രംഗത്തു വന്നിട്ട് വളരെ കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഐബീക്കണ്‍ ടെക്‌നോളജിയുടെയും സ്മാര്‍ട്‌ഫോണുകളുടെയും കടന്നുവരവാണ് ഇതിനുപിന്നില്‍. 2015 ല്‍ യുഎസില്‍ ചെറുകിട വില്‍പനരംഗത്ത് മാത്രം നാലു ബില്യന്‍ ഡോളറാണ് ബിയോകോണ്‍ നേടിയെടുത്തിരിക്കുന്നതെന്നാണ് ബിസിനസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചി ആസ്ഥാനമായുള്ള നെറലാസ്, ബെംഗളൂരു ആസ്ഥാനമായുള്ള മോബ്സ്റ്റാക് എന്നിവരാണ് ഈ രംഗത്തെ മറ്റു കളിക്കാര്‍.

നിലവില്‍ പ്രോക്‌സിമിറ്റി ഓട്ടോറിക്ഷകളില്‍ മാത്രമാണ് തങ്ങളുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്. ഭാവിയില്‍ പരസ്യങ്ങളില്‍ മാറ്റം വരുത്തി കൂടുതല്‍ വാഹനഗതാഗത രംഗത്തേക്ക് കടക്കാനാണ് പദ്ധതി.