വയനാടിന് മാതൃകയായി ഒരു നിര്‍മ്മിതി കേന്ദ്രം

വയനാടിന് മാതൃകയായി ഒരു നിര്‍മ്മിതി കേന്ദ്രം

Monday May 23, 2016,

3 min Read

ഒരു നാടിന്റെ വികസനത്തില്‍ നിര്‍മ്മാണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്. നഗരത്തിലെ പോലെ കെട്ടിട നിര്‍മ്മാണ മേഖല അത്രകണ്ട് വികസിച്ചിട്ടില്ലാത്ത ഗ്രാമങ്ങളില്‍ ഇത് എങ്ങനെ സാധ്യമാകുമെന്നത് ഇന്നും വലിയ ചോദ്യമാണ്. എന്നാല്‍ വയനാട് പോലെ അവികസിത മേഖലകള്‍ ധാരാളമുള്ള ഒരു ജില്ലയില്‍ കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍മ്മാണ മേഖലയില്‍ മാതൃകയാവുകയാണ്. വയനാട് ജില്ലയുടെ വികസനോന്മുഖമായ പദ്ധതികളില്‍ മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ പങ്ക് ചെറുതല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ ജില്ലയില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജില്ലാ നിര്‍മ്മിതി കേന്ദ്രം പങ്ക് വഹിക്കുന്നുണ്ട്.

image


ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചുകൊണ്ട് നിര്‍മ്മിതി കേന്ദ്രം നിര്‍മ്മാണ മേഘലയില്‍ വികസനപാത തെളിയിച്ചു. കേന്ദ്ര ഗവര്‍മെന്റ് ന്യൂനപക്ഷ വകുപ്പിന് കീഴില്‍ നടപ്പിലാക്കി വരുന്ന എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാം ഘട്ടത്തില്‍ 23 സ്‌കൂള്‍ കെട്ടിടങ്ങളുടെയും 10 സബ്‌സെന്ററുകളുടെയും നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രം പൂര്‍ത്തീകരിച്ചു. രാജ്യത്ത് ആദ്യമായിത്തന്നെ നല്ല രീതിയിലും സമയബന്ധിതമായും പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ ഫലമായി വയനാട് ജില്ലക്ക് കേന്ദ്ര വിഹിതമായി 10 കോടി രൂപ അധികമായി അനുവദിച്ചു. പ്രസ്തുത തുക ബത്തേരി താലൂക്ക് ആശുപത്രി നിര്‍മ്മാണത്തിന് വിനിയോഗിക്കുമെന്ന് നിര്‍മ്മിതി കേന്ദ്രം ജില്ലാ പ്രോജക്ട് മാനേജര്‍ സജീത് ഒ.കെ.അറിയിച്ചു.

രണ്ടാം ഘട്ട നിര്‍മ്മാണത്തില്‍ 29 സ്‌കൂള്‍ കെട്ടിടങ്ങളിലായി 162 ക്ലാസ്സ് മുറികളും 19 ആശുപത്രി കെട്ടിടങ്ങളും അനുവദിക്കുകയും ഒരു വര്‍ഷം കൊണ്ട് മുഴുവന്‍ സ്‌കൂളുകളുടെയും നിര്‍മ്മാണവും പൂര്‍ത്തീകരിക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ അപര്യാപ്തതമൂലം ഞെരുങ്ങിക്കഴിഞ്ഞിരുന്ന സ്‌കൂളുകളുടെ നിര്‍മ്മാണം കേവലം 4 മാസങ്ങള്‍ കൊണ്ടു പൂര്‍ത്തീകരിച്ചു നല്‍കി. ജി.എച്ച്.എസ് പേരിയയും, ജി.എച്ച്.എസ് സര്‍വജന, ജി.എല്‍.പി.എസ് കുഞ്ഞോം, ജി.യു.പി.എസ് മുണ്ടക്കൈ, ജി.യു.പി.എസ് കമ്പളക്കാട്, ജി.യു.പി.എസ് തേറ്റമല തുടങ്ങിയ സ്‌കൂളുകളും ഇത്തരത്തില്‍ പൂര്‍ത്തീകരിച്ചവയാണ്.

ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം ആശുപത്രികളുടെ നിര്‍മ്മാണം തുടങ്ങാന്‍ താമസം നേരിട്ടുവെങ്കിലും ഇപ്പോള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത കാലത്ത് പൂര്‍ത്തീകരിച്ച എം.ആര്‍.എസ് പൂക്കോട് ഡോര്‍മിറ്ററി കെട്ടിടം, ജവഹര്‍ ബാലവികാസ് ഭവന്‍ മീനങ്ങാടി, ടൂറിസം ഡോര്‍മിറ്ററി മീനങ്ങാടി, വയനാട്ടിലെ ആദ്യത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസായ ചെറുകാട്ടൂര്‍ വില്ലേജ് തുടങ്ങിയവയെല്ലാം തന്നെ ജില്ലക്ക് അഭിമാനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രവൃത്തികളാണ്. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും സംസ്ഥാനത്തിനു തന്നെ മാതൃകയാവുന്ന രീതിയില്‍ പൂര്‍ത്തീകരിച്ചതിന് റവന്യൂ മന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചിരുന്നു. ടൂറിസവുമായി ബന്ധപ്പെട്ട് പ്രിയദര്‍ശിനി ഫാം ടൂറിസം പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.

കര്‍ളാട് തടാകക്കരയിലുള്ള നവീകരണ പ്രവൃത്തികള്‍, കാന്തന്‍പാറ വികസന പ്രവര്‍ത്തനങ്ങള്‍, പൂക്കോട് നവീകരണ പ്രവൃത്തികള്‍, കുറുവ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് ദ്വീപില്‍ എത്തിച്ചേരുന്നതിനായി നിര്‍മ്മിച്ച ചങ്ങാടങ്ങള്‍, പനമരത്തുള്ള തലക്കല്‍ ചന്തു സ്മാരകം, മാവിലാംതോട് പഴശ്ശി സ്മാരക ലൈബ്രറി തുടങ്ങിയവയെല്ലാം പൂര്‍ത്തീകരിച്ച പ്രവൃത്തികളാണ്. മാനന്തവാടി പഴശ്ശി പാര്‍ക്ക് നവീകരണം, കാരാപ്പുഴ നവീകരണം കൂടാതെ വള്ളിയൂര്‍ക്കാവ് നവീകരണ പ്രവൃത്തികള്‍ ഇവയെല്ലാം നല്ല രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ജില്ലയുടെ ടൂറിസം മേഘലയില്‍ തന്നെ വമ്പിച്ച മാറ്റം വരുത്താന്‍ കഴിവുള്ള 'എന്‍ ഊരു'' പദ്ധതിയുടെ നിര്‍മ്മാണവും നടന്നുകൊണ്ടിരിക്കുന്നു. ജില്ലയിലെ ആദിവാസി മേഘലയിലെ സമ്പൂര്‍ണ്ണ വികസനം ഉറപ്പ് വരുത്തുന്നതിനായി ട്രൈബല്‍ വകുപ്പ് നടപ്പാക്കുന്ന എ.ടി.എസ്.പി (അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം, മേപ്പാടി ഗ്രാമ പഞ്ചായത്തുകളിലായി പുതിയ വീടുകളുടെ നിര്‍മ്മാണം, പഴയ വീടുകളുടെ നവീകരണം, റോഡുകള്‍, കള്‍വര്‍ട്ട്, നടപ്പാത, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, കമ്യൂണിറ്റി ഹാള്‍ തുടങ്ങിയവയുടെ പ്രവൃത്തികള്‍ നടന്നുവരുന്നു. എന്നാല്‍ ഇതേ പദ്ധതി നടപ്പിലാക്കി വരുന്ന പുല്‍പ്പള്ളി, തിരുനെല്ലി പഞ്ചായത്തുകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത മറ്റ് ഏജന്‍സികള്‍ നഷ്ടം സംഭവിക്കുമെന്ന കാരണത്താല്‍ വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കാതിരിക്കുകയും തന്മൂലം ഫണ്ട് നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍ ജില്ലാ കലക്ടറുടെ പ്രത്യേക താല്‍പ്പര്യവും നിര്‍മ്മിതി കേന്ദ്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയും കണക്കിലെടുത്ത് വീടുകളുടെ നിര്‍മ്മാണം നിര്‍മിതി കേന്ദ്രത്തെ ഏല്‍പ്പിക്കുകയും ചെയ്തു.

നിശ്ചയിച്ചതിലും കൂടിയ വിസ്തീര്‍ണ്ണത്തിലാണ് പ്രവൃത്തി നടത്തുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മാനന്തവാടി കാമ്പസ് നവീകരണം മുതല്‍ മുഴുവന്‍ പ്രവൃത്തികളും തുടക്കം മുതല്‍ തന്നെ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ബി.എഡ് കോളേജ്, ട്രൈബല്‍ സ്റ്റഡി സെന്റര്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ലേഡീസ് ഹോസ്റ്റല്‍, ചുറ്റുമതില്‍ ഇവയെല്ലാം കാമ്പസില്‍ പൂര്‍ത്തീകരിച്ചവയുടെ നിരയില്‍ ഉള്‍പ്പെടുന്നു. ജില്ലാ ആശുപത്രിയില്‍ വിവിധ ഏജന്‍സികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ ട്രൈബല്‍ മെറ്റേണിറ്റി വാര്‍ഡ്, ട്രോമ കെയര്‍ യൂണിറ്റ്, സര്‍ജിക്കല്‍ വാര്‍ഡ് തുടങ്ങിയവയുടെ നിര്‍മ്മാണവും ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പൂര്‍ത്തീകരിച്ചത്. ജില്ലാ ആശുപത്രിയിലെ 80 ബെഡ് വാര്‍ഡ്, ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ടി.ബി. വാര്‍ഡ് തുടങ്ങിയവ ജില്ലാ നിര്‍മ്മിതി കേന്ദ്രം പൂര്‍ത്തീകരിച്ച പ്രവൃത്തികളാണ്.

വയനാട്ടിലെ ആദ്യത്തെ കാന്‍സര്‍ സെന്ററിന്റെ പ്രവൃത്തി നല്ലൂര്‍നാട് ആശുപത്രിയില്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. ജില്ലാ കലക്ടര്‍ ചെയര്‍മാനും മാനന്തവാടി സബ് കലക്ടര്‍ മെമ്പര്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുതലായ പത്തോളം ജില്ലാതല ഉദ്യോഗസ്ഥരും അടങ്ങിയ ഗവേണിംഗ് ബോഡിയാണ് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പ്രവൃത്തികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എക്‌സിക്യൂട്ടീവ് സെക്രട്ടറി/പ്രൊജക്ട് മാനേജരുടെ നേതൃത്വത്തില്‍ വിദഗ്ധരായ എഞ്ചിനീയറിംഗ് ടീമിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ഒരു ജില്ലയുടെ മുഴുവന്‍ വികസനത്തിനും ആധാരമാകുന്ന തരത്തില്‍ നിര്‍മ്മാണ മേഖലയില്‍ പുതിയ ചരിത്രം കുറിക്കുകയാണ് മാനന്തവാടി ജില്ലാ നിര്‍മ്മിതി കേന്ദ്രം.