ഒരു ദിവസം 500 രൂപക്ക് ഇന്ത്യയില്‍ യാത്ര ചെയ്ത് ദമ്പതികള്‍

0


മറ്റ് നിരവധി ദമ്പതികളപ്പോലെ ദേവപ്രിയാ റോയിയും ഭര്‍ത്താവ് സൗരവ് ഝായും ഇതുവരെ ഒമ്പതിലധികം ജോലികള്‍ വരെ നോക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ഡല്‍ഹിക്കാരായ ദമ്പതികള്‍ ചിന്തിക്കുന്നത് അധികം ദമ്പതിമാര്‍ ചിന്തിക്കാത്ത ഒരു കാര്യത്തെക്കുറിച്ചാണ്. തങ്ങളുടെ പ്രിയപ്പെട്ട യാത്രകള്‍ക്കും എഴുത്തിനും വേണ്ടി ജോലി ഉപേക്ഷിക്കുകയെന്നത്. 2015ല്‍ വര്‍ഷത്തില്‍ 100 ദിവസവും അവര്‍ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയായിരുന്നു. ഒരു യാത്രക്ക് ഒരു ദിവസം 500 രൂപ മാത്രമാണ് ഇരുവരും വിനിയോഗിക്കുന്നതെന്ന പ്രത്യകതയുമുണ്ട്.

മറ്റ് നിരവധി പേരെ പോലെ പണം ഇവര്‍ക്കും ഒരു വെല്ലുവിളിയായിരുന്നു. മാത്രമല്ല ഇവര്‍ക്ക് വളരെ തുച്ഛമായ സമ്പാദ്യം മാത്രമായിരുന്നു മിച്ചമുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇരുവരും തങ്ങളുടെ യാത്രക്ക് ഒരുദിവസം വേണ്ട തുക 500 രൂപയായി ചുരുക്കുകയായിരുന്നു. താമസവും ഭക്ഷണവുമുള്‍പ്പെടെയാണ് തുക.

ഇന്ത്യാ ടൈംസിനോട് പറഞ്ഞനുസരിച്ച് ദേവപ്രിയയും സൗരവും ഹിമാചല്‍ പ്രദേശില്‍നിന്നാണ് തങ്ങളുടെ യാത്ര തുടങ്ങിയത്. ധര്‍മശാല, മക് ല്യോഡ്ഗഞ്ച്, കാംഗ്ര തുടങ്ങിയ സ്ഥലങ്ങളിലൂടെ രാജസ്ഥാനിലെത്തി. അവിടെ ജയ്പൂര്‍, അജ്‌മേര്‍, പുഷ്‌കര്‍, ജോധ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ചു. അതിന്‌ശേഷം മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലും ചുറ്റി സഞ്ചരിച്ചു. തങ്ങളുടെ യാത്രകള്‍ വിശദീകരിക്കുന്ന ഒരു പുസ്തകവും ഇരുവരും തയ്യാറാക്കി. ദ ഹീറ്റ് ആന്‍ഡ് ഡസ്റ്റ് പ്രോജക്ട്: ദ ബ്രോക്ക് കപ്പിള്‍സ് ഗൈഡ് ടു ഭാരത് എന്നാണ് ബുക്കിന് പേര് നല്‍കിയത്.

ഇന്ത്യയിലെ യാത്ര സമ്മിശ്ര അനുഭവമാണ് നല്‍കുന്നത്. ചിലപ്പോള്‍ ഭയപരവശരായേക്കാം. മറ്റ് ചിലപ്പോള്‍ സംഭ്രമിച്ച് പോകും. ചിലപ്പോള്‍ വിദ്വേഷം തോന്നും. എന്നാല്‍ ഇതെല്ലാം വളരെ കുറച്ച് സമയം മാത്രമേ നിലനില്‍ക്കൂ. തങ്ങളുടെ ബന്ധം പരിശോധിക്കാന്‍ കൂടിയുള്ള യാത്ര എന്നാണ് ഇരുവരും ഇതിനെ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ യാത്രാ പുസ്തകത്തിന്റെ തലക്കെട്ട് ദ അള്‍ട്ടിമേറ്റ് റിലേഷന്‍ഷിപ്പ് ടെസ്റ്റ് എന്നാക്കണമെന്നും ഇരുവരും തമാശ രൂപേണെ പറയുന്നു.