ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ കേരള താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് 

0

ജൂലൈ ആറു മുതല്‍ ഒന്‍പതുവരെ ഭുവനേശ്വറില്‍ നടന്ന 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 

വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 10 ലക്ഷം രൂപ വീതവും, ടീമിനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ഓരോ കായിക താരത്തിനും അഞ്ചു ലക്ഷം രൂപ വീതവും വ്യക്തിഗത ഇനത്തില്‍ വെള്ളിമെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഏഴു ലക്ഷം രൂപ വീതവും ടീമിനത്തില്‍ വെളളി മെഡല്‍ നേടിയ ഓരോ കായിക താരത്തിനും മൂന്നര ലക്ഷം രൂപ വീതവും, വ്യക്തിഗത ഇനത്തില്‍ വെങ്കലമെഡല്‍ നേടിയ ഓരോ താരത്തിനും രണ്ടര ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. 

ചരിത്രത്തിലാദ്യമായി ഏഷ്യൻ ചാംപ്യൻപട്ടം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് മലയാളി താരങ്ങളാണ്. വ്യക്തിഗത ഇനത്തിലും റിലേകളിലും മലയാളിതാരങ്ങൾ നിർണായകമായി. ചരിത്രം തിരുത്തിയ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആകെ 29മെഡലുകളാണ് ഇന്ത്യൻ സമ്പാദ്യം. അതിലെ മലയാളിപെരുമ ഇങ്ങനെ. പ്രതീക്ഷകൾ തെറ്റാതെ ആദ്യദിനം വെങ്കലമെഡൽ ലോങ്ജമ്പിൽ ചാടിയെടുത്ത നയന ജെയിംസ്. ജാവലിനിലെ അന്നു റാണിയുടെ വെങ്കലം. രണ്ടാം ദിനം നാനൂറു മീറ്ററിൽ സ്വർണം കൊണ്ടുവന്ന മുഹമ്മദ് അനസ്, ആയിരത്തി അഞ്ഞൂറ് മീറ്ററിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വർണം ഓടിയെടുത്ത കേരളത്തിന്റെ സ്വന്തം പി.യു ചിത്ര. നാനൂറിൽ വെങ്കലമുറപ്പിച്ച ജിസ്ന മാത്യു. മൂന്നാംദിനവും മലയാളികരുത്തിൽ തന്നെയായിരുന്നു ഇന്ത്യൻ മുന്നേറ്റം. ഹർഡിൽസിൽ ആർ. അനു വെള്ളിയണിഞ്ഞപ്പോൾ ട്രിപ്പിളിൽ എൻ.വി ഷീനയും, എം.പി ജാബിർ 400മീറ്റർ ഹർഡിൽസിലും വെങ്കലംനേടി. അവസാനദിനവും മറിച്ചായിരുന്നില്ല. എണ്ണൂറു മീറ്ററിൽ ജിൻസൺ ജോൺസൺ മൂന്നാമനായപ്പോൾ ടി. ഗോപി പതിനായിരം മീറ്ററിൽ വെള്ളിനേടി. ഒപ്പം റിലേ മത്സരങ്ങളിൽ പുരുഷ-വനിതാ ടീമുകളുടെ വിജയത്തിലും നിർണായകമായത് മലയാളിതാരങ്ങൾതന്നെ.