അവധി ദിനങ്ങള്‍ ശുചികരണത്തിനായി മാറ്റിവച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍

അവധി ദിനങ്ങള്‍ ശുചികരണത്തിനായി മാറ്റിവച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍

Saturday December 10, 2016,

1 min Read

ഡിസംബര്‍ 10, 11, 12 എന്നീ അവധി ദിവസങ്ങള്‍ വേണ്ടെന്ന് വച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി. ദൈനംദിനം നടന്നുകൊണ്ടിരിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഈ പരിപാടിയിലൂടെ ഊര്‍ജിതപ്പെടുത്തുകയാണ് ജീവനക്കാരുടെ ലക്ഷ്യം.

image


മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, വിവിധ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. സംസ്ഥാന പീഡ് സെല്‍, വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് മെഡിക്കല്‍ കോളേജിലെ ഹരിത കേരളം മിഷന്‍ ഉദ്ഘാടനം ചെയ്തു. വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും പ്രധാനമാണെന്ന് മേയര്‍ പറഞ്ഞു. ഓരോരുത്തരും സ്വന്തം വീടും സ്ഥാപനങ്ങളും സംരക്ഷിച്ചാല്‍ തന്നെ വലിയൊരു മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും മേയര്‍ അഭിപ്രായപ്പെട്ടു.

സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി. മിനി അധ്യക്ഷയായ ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സാറാ വര്‍ഗീസ്, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി, മെഡിക്കല്‍ കോളേജ് ആശുപത്രി ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, കെ.ജി.ഒ. പ്രതിനിധി അഖില്‍, എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെക്രട്ടറി മെമ്പര്‍ ശ്രീകുമാര്‍, സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.