ഐ.എം.എ. പ്രഥമ ശുശ്രൂക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു  

0

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ശാഖയുടെ സ്‌നേഹ സാന്ത്വനം പരിപാടിയുടെ കീഴില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ റീജിയണല്‍ സെന്ററില്‍ പ്രഥമ ശുശ്രൂക്ഷക്ക് വേണ്ടിയുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള പോലീസും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ റീജിയണല്‍ സെന്ററും പരിപാടിയില്‍ പങ്കാളികളായി.

റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടത്ര പരീശിലനം നല്‍കാന്‍ വേണ്ടിയാണ് ഐ.എം.എ. ഇത്തരമൊരു പരിശീലന പരിപാടി സംഘടിപ്പിച്ചത്. സംസ്‌കൃത സര്‍വകലാശാല റീജിയണല്‍ സെന്ററിലെ വിദ്യാര്‍ത്ഥികളും ഐ.എം.എ. വോളന്റിയര്‍മാരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ ഐ.പി.എസ്. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അപകടങ്ങള്‍ ഉണ്ടായ ഉടന്‍ ചെയ്യുന്ന പ്രഥമ ശുശ്രൂക്ഷകള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് ഡോ. അരുള്‍ ബി. കൃഷ്ണ പറഞ്ഞു. ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. സി. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഡോ. ശ്യാം സുന്ദര്‍, പാലീയേറ്റീവ് കെയര്‍ കണ്‍വീനര്‍ ഡോ. അരുണ്‍ എ. ജോണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.