ഓപ്പറേഷന്‍ ഒളിമ്പിയക്ക് തുടക്കം 

0

അടുത്ത ഒളിമ്പിക്‌സില്‍ രാജ്യത്തിന് അഭിമാനകരമായ വിജയം കൈവരിക്കാന്‍ കേരളത്തെ സജ്ജമാക്കുകയാണ് ഓപ്പറേഷന്‍ ഒളിമ്പിയയുടെ ലക്ഷ്യമെന്ന് യുവജന കായിക മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എ.സി.മൊയ്തീന്‍. 

കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഓപ്പറേഷന്‍ ഒളിമ്പിയയുടെ ഭാഗമായി 11 ഒളിമ്പിക്‌സ് ഇനങ്ങളില്‍ 280 കായിക താരങ്ങളെ പരിശീലിപ്പിമെന്നും കുട്ടികളുടെ കായികക്ഷമത നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് മിഷന്‍ രൂപകരിക്കമെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. വിദേശ കോച്ചുമാരെ പരിശീലനത്തിന് നിയോഗിക്കും. കായിക വികസനത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ ലോകോത്തരനിലവാരത്തിലേക്ക് ഉയര്‍ത്തും. 14 ജില്ലകളിലും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ സ്ഥാപിക്കും. ഇതിനായി 700 കോടി രൂപ കിഫ്ബിയില്‍ വകയിരുത്തിയിട്ടുണ്ട്. ജില്ലയില്‍ ലാലൂരില്‍ ഫുട് ബോളര്‍ ഐ.എം.വിജയന്റെ പേരില്‍ 70 കോടി രൂപ ചെലവഴിച്ച് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കായിക താരങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും. 68 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. അണ്ടര്‍ 17 ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്കുളള കൊച്ചിയിലെ വേദികളുടെ ഒരുക്കങ്ങളില്‍ ഫിഫ സംതൃപ്തി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. കായിക താരങ്ങള്‍ക്കുളള ട്രാക്ക് സ്യൂട്ട് വിതരണം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍, പി.കെ.ബിജു എം.പി., കെ.വി.അബ്ദുള്‍ കാദര്‍ എം.എല്‍.എ, ജില്ലാ പഞ്ചായ്ത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ജോര്‍ജ്ജ് തോമസ്, ഐ.എം.വിജയന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് വിന്‍സെന്റ് കാട്ടൂക്കാരന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി.ദാസന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് മേഴ്‌സിക്കൂട്ടന്‍ നന്ദിയും പറഞ്ഞു. തൃശൂര്‍ അക്വാട്ടിക്ക് കോംപ്ലക്‌സിന്റെ നവീകരണ പ്രവൃത്തികളും മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.