ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് പട്ടയം നല്‍കും: റവന്യൂമന്ത്രി

0

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള ബൃഹത് പദ്ധതിക്ക് റവന്യു വകുപ്പ് രൂപം നല്‍കിയതായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ഈ വര്‍ഷം നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ എല്ലാ ജില്ലയിലും പട്ടയ മേളകള്‍ നടത്തി ആദ്യഘട്ട പട്ടയ വിതരണം പൂര്‍ത്തിയാക്കും. രണ്ടാംഘട്ട വിതരണം അടുത്ത മേയ് മാസത്തിനകം നടത്തും. റവന്യുമന്ത്രി വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗം പദ്ധതിയെകുറിച്ച് വിശദമായ ചര്‍ച്ച നടത്തി. 

അടുത്ത ഒരു വര്‍ഷത്തില്‍ വകുപ്പ് മുന്‍ഗണന നല്‍കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ ചര്‍ച്ച ചെയ്തു. വര്‍ഷങ്ങളായി സംസ്ഥാനത്തെ ലാന്റ് ട്രൈബ്യൂണലുകളില്‍ കെട്ടികിടക്കുന്ന കേസുകള്‍ ആദ്യഘട്ടത്തില്‍ സമയബന്ധിതമായി തീര്‍പ്പാക്കും. കാണം, കുഴിക്കാണം, വെറുമ്പാട്ടം, കണ്ടുകൃഷി, കാരായ്മ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട ഭൂമിയുടെ കൈവശക്കാര്‍ക്ക് നടപടിക്രമങ്ങളില്‍ വേഗത കൂട്ടിയും സങ്കീര്‍ണതകള്‍ ഒഴിവാക്കിയും പട്ടയം നല്‍കാന്‍ കഴിയുമെന്നാണ് യോഗത്തിലെ നിഗമനം. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അടിയന്തിരമായി നിയമിക്കാന്‍ കളക്ടര്‍മാര്‍ക്ക് റവന്യു മന്ത്രി നിര്‍ദ്ദേശം നല്‍കി. ലാന്റ് ട്രിബ്യൂണല്‍ പട്ടയം നല്‍കുന്ന ഓഫീസുകളിലെ തഹസില്‍ദാര്‍മാരെ രണ്ടു വര്‍ഷമെങ്കിലും തസ്തികയില്‍ തുടരാന്‍ അനുവദിക്കുംവിധം സ്ഥലമാറ്റങ്ങള്‍ നിയന്ത്രിക്കും. ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച 7693.2 ഹെക്ടര്‍ ഭൂമിയില്‍ ബാക്കിയുള്ളത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. 1977 ജനുവരി ഒന്നിനു മുമ്പ് ഭൂമി കൈവശമുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്ന പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ ജില്ലാ കളക്ടര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയില്‍ പുതിയതായി അപേക്ഷ ക്ഷണിക്കാന്‍ നടപടിയെടുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഏറ്റെടുക്കാന്‍ ബാക്കിയുള്ള മിച്ചഭൂമി ഏറ്റെടുക്കുന്നതിന് കോടതികളിലുള്ള കേസുകളില്‍ തീര്‍പ്പാക്കാനും ഏറ്റെടുത്ത മിച്ചഭൂമി ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വിതരണം മെചയ്യുന്നതിനും നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കും. 1964, 1995 ചട്ടങ്ങള്‍ പ്രകാരം ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കും. സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കാന്‍ കളക്ടര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കര്‍ശന നടപടി തുടരും. കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാന്‍ എല്ലാ ജില്ലയിലും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഭൂമികളുടെ പാട്ടം പൂര്‍ണമായും പിരിച്ചെടുക്കാനും പാട്ട ഭൂമിയുടെ വ്യക്തമായ പട്ടിക തയാറാക്കാനും യോഗം തീരുമാനിച്ചു. മൂന്നു മാസത്തിനുള്ളില്‍ പട്ടിക തയാറാക്കും. കെട്ടിട നികുതി, തോട്ടം നികുതി തുടങ്ങി സര്‍ക്കാരിലേക്ക് എത്തേണ്ട നികുതി പൂര്‍ണ്ണമായും പിരിച്ചെടുക്കും. ക്വാറികളില്‍ നിന്നും ഈടാക്കാനുള്ള പാട്ടം, റോയല്‍റ്റി എന്നിവ സംബന്ധിച്ച് പരിശോധന നടത്തി പൂര്‍ണമായി പിരിച്ചെടുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ച ഗൗരവമായി കാണും. റവന്യു ഓഫീസുകള്‍ ജനസൗഹൃദമല്ലെന്ന ആക്ഷേപങ്ങള്‍ യോഗം ഗൗരവമായി ചര്‍ച്ച ചെയ്തു. ജോലിയില്‍ വീഴ്ച വരുത്തുന്നവരും ധിക്കാരപൂര്‍വം പെരുമാറുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം, റവന്യു റിക്കാര്‍ഡുകളുടെ ഡിജിറ്റലൈസേഷന്‍, ഇ-ഓഫീസ് തുടങ്ങിയ സംവിധാനങ്ങളുടെ പൂര്‍ത്തീകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കി ആറു മാസത്തിനുള്ളില്‍ വിപുലമായ റവന്യു പോര്‍ട്ടല്‍'സജ്ജമാക്കും. യോഗത്തില്‍ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷണര്‍, ജോയിന്റ് കമ്മീഷ്ണര്‍, ലാന്റ് ബോര്‍ഡ് സെക്രട്ടറി, സര്‍വെ ഡയറക്ടര്‍ തുടങ്ങിയവരും പങ്കെടുത്തു.