പെണ്‍മനം കാത്ത് ഡോ. ഗണേഷ് രാഖ്

0

പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ പ്രകാശമാണ്. പെണ്‍കുട്ടികളിലൂടെയാണ് കുടുംബം നിലനില്‍ക്കുന്നത്. പെണ്‍ഭ്രൂണഹത്യക്കെതിരെ പോരാടി വിജയം കൈവരിച്ച ഒരു ഡോക്ടറെ ഇവിടെ നമുക്ക് പരിചയപ്പെടാം. തന്റെ ആശുപത്രിയില്‍ ജന്മം നല്‍കുന്ന പെണ്‍കുട്ടികളില്‍നിന്നും പ്രതിഫലം വാങ്ങാതെ അവരുടെ ചികിത്സ പൂര്‍ണമായും സൗജന്യമായി നല്‍കുന്ന ഡോ. ഗണേഷ് രാഖ് ഇന്ന് മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന് തന്നെ മാതൃകയാണ്.

പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് ചുറ്റമുള്ളവരില്‍നിന്ന് കേള്‍ക്കേണ്ടിവരുന്ന ഭീഷണി വാക്കുകള്‍ തന്നെ പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ടെന്ന് ഡോ. രാഖ് പറയുന്നു. മാത്രമല്ല ഇവര്‍ മിക്കവാറും ഭ്രൂണഹത്യക്ക് വിധേയരാകേണ്ടിയും വരുന്നു. ഇതിനെതിരെയാണ് ഡോ. രാഖ് പൊരുതാന്‍ ശ്രമിച്ചത്. 2007ല്‍ പൂനെയിലുള്ള ഹദപ്‌സര്‍ എന്ന സ്ഥലത്ത് 2007ല്‍ 25 കിടക്കകളോടുകൂടിയ മെഡികെയര്‍ ജനറല്‍ ആന്‍ഡ് മെറ്റേണിറ്റി ആശുപത്രി അദ്ദേഹം ആരംഭിച്ചു. പാവപ്പെട്ട രോഗകിളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി ആരംഭിച്ചത്. ഇന്ന് ആശുപത്രി വളരെയേറെ വളര്‍ന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജോലികളും വര്‍ധിച്ചു.

പെണ്‍ ഭ്രൂണഹത്യകള്‍ക്കെതിരെ ആശയമുയര്‍ത്തി തന്റെ സ്ഥാപനത്തില്‍ ജന്മം നല്‍കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രസവചിലവ് നല്‍കണ്ട എന്ന വലിയ തീരുമാനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്നുവരെ നൂറ് കണക്കിന് പ്രസവങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. സുഖപ്രസവമായാലും ശസ്ത്രക്രിയവഴിയുള്ള പ്രസവമായാലും യാതൊരു ചിലവും പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവരില്‍നിന്നും ഈടാക്കില്ല. മാത്രമല്ല പെണ്‍കുട്ടികളുടെ ജനനം മധുരം വിതരണം ചെയ്താണ് ആശുപത്രി ആഘോഷിക്കുന്നത്.

പെണ്‍കുട്ടികള്‍ക്കുവേണ്ടി ഡോ. രാഖ് സ്വീകരിച്ച് മാര്‍ഗം സമൂഹത്തില്‍ വലിയമാറ്റം വരുത്തിയിട്ടുണ്ട്. പത്ര മാധ്യമങ്ങളില്‍ തന്െക്കുറിച്ച് വന്ന റിപ്പോര്‍ട്ടിന് ശേഷം താന്‍ ഇരുപതോളം ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ടിരുന്നു. മാത്രമല്ല നൂറ് കണക്കിന് ഡോക്ടര്‍മാരുമായും ബന്ധപ്പെട്ടു. ഇവരെല്ലാം തന്നെ ഗര്‍ഭ സമയത്ത് കുട്ടിയുടെ ലിംഗനിര്‍ണയം നടത്തില്ലെന്ന് തനിക്ക് ഉറപ്പുനല്‍കിയതായി അദ്ദേഹം പറയുന്നു. മാത്രമല്ല പെണ്‍കുട്ടികളെ സ്വീകരിക്കുന്നതിന് കുടുംബാംഗങ്ങള്‍ക്ക് പ്രേരണയും നല്‍കി. ഇന്ന് മഹാരാഷ്ട്രയിലെ 3000 ഓളം ഡോക്ടര്‍മാരാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ ഭാഗവാക്കായിട്ടുള്ളത്.