കുട്ടികള്‍ക്ക് കിഡോളജിയുമായി സുഹൃദ്‌സംഘം

കുട്ടികള്‍ക്ക് കിഡോളജിയുമായി സുഹൃദ്‌സംഘം

Saturday December 19, 2015,

3 min Read


ക്യാംപസ് കാലത്തെ ഒഴിവു സമയങ്ങള്‍ ആന്‍കര്‍ മിട്ടല്‍, നേഹ സാചര്‍ മിട്ടല്‍, കരീന രാജ്പാല്‍ എന്നീ മൂന്നു സുഹൃത്തുക്കള്‍ക്ക് എന്നും ചര്‍ച്ചാവേദിയായിരുന്നു. പഠനമോ മറ്റു വിഷയങ്ങളോ ആയിരുന്നില്ല അവര്‍ക്ക് സംസാരിക്കാനുണ്ടായിരുന്നത്. മറിച്ച് സ്വന്തമായൊരു ബിസിനസ് എന്ന ആശയത്തെക്കുറിച്ചായിരുന്നു. ക്യാംപസ് ജീവിതം കഴിഞ്ഞ് മൂവരും വ്യത്യസ്ത മേഖലകളിലേക്ക് എത്തിയെങ്കിലും സ്വന്തമായൊരു ബിസിനസ് എന്ന ലക്ഷ്യം അവര്‍ കൈവിട്ടില്ല. ഒടുവില്‍ കാലം അവരെ വീണ്ടും ഒന്നിപ്പിച്ചു. തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായി...

കോളജ് കാലം കഴിഞ്ഞ് അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ ബിരുദം നേടിയതിനുശേഷം അവിടെ തന്നെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ആന്‍കര്‍ മിട്ടല്‍. കരീന രാജ്പാല്‍ പഠനത്തിനുശേഷം ഇന്ത്യയിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. നേഹ ആന്‍കറിനെ വിവാഹം ചെയ്തു. എന്‍ഡിടിവി. ടിവി 18 എന്നീ ചാനലുകളിലായി എട്ടുവര്‍ഷത്തോളം ജോലി ചെയ്തു. ഇടയ്ക്കിടെ സൗഹൃദ കൂടിക്കാഴ്ചകള്‍ ഉണ്ടാകുമായിരുന്നെങ്കിലും ബിസിനസ് തുടങ്ങാനുള്ള തീരുമാനം ആന്‍കറിനും നേഹയ്ക്കും ഉണ്ടായിരുന്നില്ല.

image


ഈ സമയത്താണ് ആന്‍കറിനെയും നേഹയെയും കരീന കാണാനെത്തുന്നത്. 2009 ലായിരുന്നു മൂവരുടെയും വീണ്ടുമുള്ള കൂടിച്ചേരല്‍. തന്റെ ബിസിനസിനെ കുറച്ചുകൂടി വിപുലപ്പെടുത്താന്‍ ആഗ്രഹിച്ചാണ് കരീന ആന്‍കറിനെയും നേഹയെയും നേരില്‍ കാണാന്‍ എത്തിയത്. മൂന്നുപേരും തമ്മിലുള്ള ചര്‍ച്ചയില്‍ പുതിയൊരു ബിസിനസ് എന്ന ആശയം രൂപം കൊണ്ടു. കുട്ടികള്‍ക്കു വേണ്ടി മാത്രമുള്ള വസ്ത്രങ്ങള്‍ നല്‍കാന്‍ കഴിയുന്നൊരു ഇടം അതായിരുന്നു ലക്ഷ്യം. അങ്ങനെയാണ് 2010 ല്‍ കിഡോളജിക്ക് രൂപം നല്‍കുന്നത്.

ഡല്‍ഹിയിലെ ഡിഎല്‍എഫ് പ്രോമിനഡ മാളില്‍ കട തുടങ്ങി. അവിടെ നിന്നും കിഡോളജിയുടെ വളര്‍ച്ച ആരംഭിച്ചു. ഇന്നു മുംബൈ, ഹൈദരാബാദ്, ചെന്നൈ, ലുധിയാന എന്നിവിടങ്ങളില്‍ കിഡോളജിയുടെ കടകള്‍ പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ദുബായ്, സിംഗപ്പൂര്‍, സിഡ്‌നി, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും കിഡോളജിക്ക് ശാഖള്‍ ഉണ്ട്. ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ സാധ്യതകള്‍ മനസ്സിലാക്കി കിഡോളജി.ഇന്‍ എന്ന വെബ്‌സൈറ്റും തുടങ്ങി. ഇതു ബിസിനസിന് കൂടുതല്‍ ഗുണകരമായി. ലോകത്തിന്റെ ഏതു കോണിലിരുന്നും കിഡോളജിയുടെ വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ ഇതു സഹായകമായി.

10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രങ്ങള്‍ നല്‍കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെന്ന് കിഡോളജിയുടെ കോഓര്‍ഡിനേറ്ററായ ആന്‍കര്‍ മിട്ടല്‍ പറഞ്ഞു. ഇന്ത്യയിലും പുറത്തുമുള്ള ഉപഭോക്താക്കള്‍ക്ക് ഇതു കൂടുതല്‍ പ്രയോജനകരമാകുമെന്നു കരുതി. ഏറ്റവും കുറഞ്ഞ നിരക്കില്‍ എങ്ങനെ മികച്ച വസ്ത്രങ്ങള്‍ നല്‍കാമെന്നായിരുന്നു പിന്നെയുള്ള ചിന്ത. ഇതും വിജയിച്ചു. ഇതോടെ വില്‍പന കൂടി. വില്‍പന കൂടിയതോടെ ലാഭം വര്‍ധിച്ചു. ആദ്യം കടകളിലൂടെ എങ്ങനെ വില്‍പ്പന കൂട്ടാമെന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈനിലൂടെ എങ്ങനെ വ്യാപാരം കൂട്ടാമെന്നതിനെക്കുറിച്ചാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചിന്തിക്കുന്നതെന്നും ആന്‍കര്‍ പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളുടെ അടിക്കടിയുള്ള വിലക്കയറ്റം, തൊഴിലാളികളുടെ ലഭ്യത, വിലയ്‌ക്കൊപ്പം ഉല്‍പ്പന്നങ്ങളുടെ ഗുണം ഉറപ്പുവരുത്തുക എന്നിവയായിരുന്നു തുടക്കത്തിലെ പ്രധാന വെല്ലുവിളികള്‍. ഇവയെ ഒക്കെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തരണം ചെയ്യാന്‍ സാധിച്ചു. ഇന്നു കിഡോളജിയിലൂടെ ഇന്ത്യന്‍, വെസ്‌റ്റേണ്‍ ശൈലിയിലുള്ള വിവിധ വസ്ത്രങ്ങള്‍ ലഭിക്കും. മാത്രമല്ല ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മറ്റു സാധനങ്ങളും ഇവിടെ ലഭ്യമാണ്. ഇന്ത്യന്‍ ഡിസൈനര്‍മാരായ ഗൗരി, നൈനിക, ഗൗരവ് ഗുപ്ത, സിദ്ധാര്‍ഥ ടൈറ്റ്!ലര്‍, മാലിനി രമണി എന്നിവര്‍ തങ്ങള്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ കിഡോളജിയിലൂടെ വിറ്റഴിക്കുന്നു. കിഡോളജിയുടെ വ്യാപാര സാധ്യത മനസ്സിലാക്കിയ ഇവര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കാമെന്നു പറഞ്ഞ് കിഡോളജിയെ സമീപിക്കുകയായിരുന്നു. ഇതു തങ്ങളുടെ വലിയൊരു വിജയമായിട്ടാണ് ആന്‍കര്‍ കരുതുന്നത്.

സ്‌നാപ് ഡീല്‍, ഫ്‌ലിപ്കാര്‍ട്ട്, എക്‌സ്‌ക്ല്യൂസിവിലി ഡോട് കോം തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളുമായി പങ്കാളിത്തതമായത് കൂടുതല്‍ ഗുണകരമായി. ലോകമെങ്ങുമുള്ള ഇന്ത്യക്കാരിലേക്ക് കിഡോളജി എന്ന പേരിനെ എത്തിക്കാന്‍ ഇതു സഹായിച്ചു. കൂടുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളുമായി ഇന്നു കിഡോളജി കൈകോര്‍ക്കുന്നുണ്ട്. കിഡോളജിയുടെ പേര് നഷ്ടപ്പെടുത്താതെ, ഉല്‍പ്പന്നങ്ങളുടെ നിലവാരം കളയാതെ മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുന്നുണ്ട്. 5000 മുതല്‍ 25000 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ ഇന്നു കിഡോളജിയിലുണ്ട്. വസ്ത്രങ്ങളുടെ വില 3000 മുതല്‍ തുടങ്ങാനും മറ്റു സാധനങ്ങളുടെ വില 500 മുതല്‍ തുടങ്ങാനും ആലോചിക്കുന്നതായും ആന്‍കര്‍ വ്യക്തമാക്കി.

അസോചാമിന്റെ പഠനപ്രകാരം ഈ വര്‍ഷമവസാനത്തോടെ കുട്ടികളുടെ വസ്ത്രവ്യാപാര രംഗത്ത് 80,000 കോടിയുടെ വില്‍പന ഉണ്ടാകുമെന്നാണ് പറയുന്നത്. ഇതു കിഡോളജിക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി ഇനിയും ഉയരങ്ങള്‍ കീഴടക്കുകയാണ് കിഡോളജിയുടെ ലക്ഷ്യം. ഏതു പരിപാടിക്കും കുട്ടികള്‍ക്ക് അണിയാന്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ കുറഞ്ഞ നിരക്കില്‍ കിഡോളജിയിലൂടെ ലഭിക്കുമെന്നും ആന്‍കര്‍ ഉറപ്പു നല്‍കുന്നു.