പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി സംഭരണ പദ്ധതി ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി സംഭരണ പദ്ധതി ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

Tuesday June 27, 2017,

2 min Read

പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി സംഭരണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. ടെര്‍മിനല്‍ നിര്‍മാണം തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ ഐഒസി അധികൃതരോട് അഭ്യര്‍ഥിയ്ക്കുകയും അവര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. ഇത് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയല്ല. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ്. പദ്ധതിയെ സര്‍ക്കാര്‍ എതിര്‍ക്കില്ല. പദ്ധതി ഉപേക്ഷിക്കുന്നത് നെഗറ്റീവ് സന്ദേശമാണ് നല്‍കുക. സംസ്ഥാനത്തിന്റെ വികസനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന വിഭാഗങ്ങള്‍ക്ക് അത് ഉത്തേജനം നല്‍കും. പരിസ്ഥിതി അനുമതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന ആരോപണം ഗൗരവതരമാണ്. ഇതു പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

image


നിലവില്‍ ഐഒസിക്കു പാരിസ്ഥിതികാനുമതിയുണ്ട്. ഇതു ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ടെര്‍മിനലിന്റെ നിര്‍മാണം തടസ്സപ്പെടുത്താന്‍ അനുവാദമില്ല. നിയമപരമായ നടപടികളുമായി ഐഒസിക്കു മുന്നോട്ടുപോവാന്‍ അനുവാദമുണ്ട്. ഇതില്‍ വ്യക്തതവരുത്തിയുള്ള ഉത്തരവു പുറപ്പെടുവിക്കേണ്ട സാഹചര്യമില്ല. സിആര്‍ഇസെഡ് മേഖലയിലാണു പദ്ധതി. പെട്രോളിയം ഉല്‍പന്നങ്ങളും എല്‍പിജിയും സൂക്ഷിക്കുന്നതിനു തടസ്സമില്ലെന്നു ഹരിത ട്രൈബ്യൂനല്‍ നിരീക്ഷിച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോവാന്‍ ഐഒസിയ്ക്കു പാരിസ്ഥിതികാനുമതി നല്‍കിയത് ഹരിത ട്രൈബ്യൂനല്‍ ആണ്. 2010 ജൂലൈ അഞ്ചിന് പാരിസ്ഥിതികാനുമതി ലഭിക്കുകയും 2012 ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത പദ്ധതിയാണിത്. 2016 സെപ്തംബറില്‍ ഹൈക്കോടതി പദ്ധതിയുമായി മുന്നോട്ടുപോവാമെന്നു ഉത്തരവിട്ടു. 2016 ല്‍ പഞ്ചായത്ത് സെക്രട്ടറി, കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയ പ്രതിനിധി, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി പദ്ധതി പരിശോധിച്ചു. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നു കണ്ടെത്തി. നിര്‍മാണത്തിനി് പൂര്‍ണ പോലിസ് സുരക്ഷയൊരുക്കണമെന്ന് ആലുവ റൂറ്ല്‍ എസ്പി, ഞാറയ്ക്കല്‍ സിഐ, എസ്‌ഐ എന്നിവര്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിജിപിയുടെ ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നു 2017 ജനുവരി 30 ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പദ്ധതി സ്ഥലത്തു തടസ്സങ്ങളുണ്ടാക്കുകയോ, ഉണ്ടാക്കാന്‍ പ്രേരിപ്പിക്കാന്‍ ചെയ്യില്ലെന്നും രേഖപ്പെടുത്തി. സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

ലോകത്ത് ഇന്നുള്ളതില്‍ വച്ച് ഏറ്റവും മികച്ച സുരക്ഷാസാങ്കേതിക രൂപകല്‍പ്പനയാണു പുതുവൈപ്പിലേത്. പദ്ധതിക്കുവേണ്ടി ചെലവഴിക്കുന്നതില്‍ മൂന്നിലൊന്നുതുകയും സുരക്ഷാസംവിധാനങ്ങള്‍ക്കുവേണ്ടി മാത്രമാണ് ചെലവഴിക്കുന്നത്. മൗണ്ടന്‍ ബുള്ളറ്റ് മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സുനാമിയെയും ബോംബ് സ്‌ഫോടനത്തെയും ചെറുക്കാന്‍ കഴിയും. 45 മുതല്‍ 75 മില്ലിമീറ്റര്‍ വരെ കനമുള്ള ബോയിലര്‍ ക്വാളിറ്റി സ്റ്റഈല്‍ പ്ലെയിറ്റ് കൊണ്ടുള്ള ടാങ്ക് ആണ്. ഉള്ളിലുണ്ടാവുന്ന അമിത താപത്തെ പോലും ചെറുക്കും. റേഡിയോഗ്രാഫി സാങ്കേതിക വിദ്യഉപയോഗിച്ചാണ് ഉരുക്ക് ടാങ്ക്. ഇതിനെ പുറത്തുനിന്നുള്ള ക്ഷതത്തെ പ്രതിരോധിക്കാന്‍ മണല്‍ കവചം ഒരുക്കും. വാതക ചോര്‍ച്ചയെ ചെറുക്കാന്‍ കഴിയുന്ന പിഎല്‍ഇവിഇ സാങ്കേതിക വിദ്യയിലാണ് ടാങ്ക് രൂപകല്‍പ്പന. 480 ഡിഗ്രി സെന്റീഗ്രേഡ് താപത്തെ പ്രതിരോധിക്കും. അമിതതാപമുണ്ടായാല്‍ തണുക്കാന്‍ സംവിധാനമുണ്ട്. 50 കോടി ചെലവില്‍ കടല്‍ ഭിത്തി നിര്‍മിക്കും. ഏതെങ്കിലും കാരണവശാല്‍ വാതകച്ചോര്‍ച്ചയുണ്ടായാല്‍ സ്വയം തിരിച്ചറിഞ്ഞു പൈപ്പുകള്‍ അടയുന്ന സംവിധാനമുണ്ട്. സംഭരണികള്‍ അമിതമായി നിറയ്ക്കുന്നതുകൊണ്ടുള്ള അപകടം കുറയ്ക്കാനും സംവിധാനമുണ്ട്. അമിതമായ ചൂടിനെയും പ്രതിരോധിക്കാനുള്ള സാങ്കേതിക ശേഷിയുണ്ട്. കടലാക്രമണ ഭീഷണി സംബന്ധിച്ച് ഐഐടി മദ്രാസ് നടത്തിയ പഠനത്തിലും പദ്ധതി സുരക്ഷിതമാണെന്നാണു കണ്ടെത്തിയത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി, വ്യവസായ മന്ത്രി എ സി മൊയ്തീന്‍, എസ് ശര്‍മ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, സമരസമിതി നേതാക്കള്‍, ഐഒസി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ സംബന്ധിച്ചു.