ജൈവകൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ജീവനക്കാര്‍ മുന്‍കൈയെടുക്കണം

0

ജൈവകൃഷിയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജീവനക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍.

ജൈവകൃഷിരീതികള്‍ അവലംബിച്ച് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും ശ്രമങ്ങള്‍ക്ക് എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പിന്തുണയും പ്രചാരണവും നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു. ഓരോ ജീവനക്കാരും അവരവരുടെ ആവശ്യത്തിനുള്ള പച്ചക്കറികളെങ്കിലും കൃഷി ചെയ്യണം. സ്ഥലം കുറവുള്ളവര്‍ക്ക് വീടിന്റെ ടെറസില്‍ ആണെങ്കിലും കൃഷി ചെയ്യുന്നതിനുള്ള സഹായങ്ങള്‍ കൃഷി വകുപ്പില്‍ നിന്ന് ചെയ്യുന്നുണ്ട്. ഇത്തരം സഹായങ്ങളെ പ്രയോജനപ്പെടുത്തി പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ജില്ലയ്ക്ക് കഴിയണം.

കാന്‍സര്‍ ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. കാന്‍സര്‍ ബാധിച്ചതിനാല്‍ റേഷന്‍കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിന് നിരവധി അപേക്ഷകളാണ് കളക്ടറേറ്റില്‍ ലഭിക്കുന്നത്. ഇത്തരം അപേക്ഷകളുടെ എണ്ണത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം വര്‍ധന ഉണ്ടായിട്ടുണ്ട്. കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി ജൈവകൃഷി രീതിയിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ ഗുരുതരമായ ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാകൂ.

കമ്പോളങ്ങളിലെത്തുന്ന പച്ചക്കറികളിലും മറ്റു ഭക്ഷണസാധനങ്ങളിലും ഉത്പാദന, സംഭരണ, വിതരണ സമയങ്ങളില്‍ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ജങ്ങള്‍ ബോധവാന്മാരാകണമെന്നും കളക്ടര്‍ പറഞ്ഞു. ഈ ഓണക്കാലത്ത് ജില്ലയെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിന് കൃഷി വകുപ്പ് ഏറ്റെടുത്തിട്ടുള്ള മഹത്തായ ഈ പദ്ധതിക്ക് ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണം.

കളക്ടറേറ്റിലെ 120 ഓളം വരുന്ന ജീവനക്കാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള വിത്ത് പായ്ക്കറ്റുകള്‍ വീടുകളില്‍ കൃഷി ചെയ്ത് ജീവനക്കാര്‍ മാതൃകയാകണമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഡെപ്യുട്ടി കളക്ടര്‍മാരായ റ്റിറ്റി ആനി ജോര്‍ജ്, ജ്യോതിലക്ഷ്മി, ലീഗല്‍ ഓഫീസര്‍ പി.എസ്.ഷൈല, ഹുസൂര്‍ ശിരസ്തദാര്‍ എന്‍.ജയശ്രീ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എന്‍.വി സന്തോഷ്, ട്രഷറര്‍ വിനോജ്, കളക്ടറേറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.