വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നു; അഭിമാനിക്കാം സര്‍ക്കാരിനും തരൂരിനും

0

ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംഷക്കും ശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം തുടങ്ങുമ്പോള്‍ അത് സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ കൂടി നല്‍കുകയാണ്. ഏഴായിരത്തോളം കോടി ചിലവു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ അത് സംസ്ഥാനത്തിന്റെ മൊത്തം നേട്ടമായി മാറുന്നു. സര്‍ക്കാരിന്റെ വിജയമായി മുഖ്യമന്ത്രിക്കും തുറമുഖമന്ത്രി കെ ബാബുവിനും എക്കാലവും അഭിമാനിക്കാവുന്നതാണ് ഈ നേട്ടം. ഇതോടൊപ്പം രാജ്യാന്തര തുറമുഖമെന്ന സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിക്ക് യാഥാര്‍ഥ്യബോധത്തോടെ എം പി എന്ന നിലയില്‍ ശശി തരൂര്‍ നടത്തിയ പ്രയത്‌നങ്ങള്‍ കൂടിയാണ് ഇവിടെ സഫലമാകുന്നത്. വിഴിഞ്ഞത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തി നിന്ന കാലത്ത് വിഴിഞ്ഞം തുറമുഖ പദ്ധതി അന്തര്‍ദേശീയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബാക്കി വികസിപ്പിക്കണമെന്ന ആവശ്യം ഡോ. ശശി തരൂര്‍ എം പിയാണ് ലോക്‌സഭയുടെ മുന്നില്‍ അവതരിപ്പിച്ചത്. നിലവില്‍ നമ്മുടെ ട്രാന്‍സ്ഷിപ് മെന്റ് മൊത്തമായി ശ്രീലങ്കയിലെ ചൈനീസ് നിര്‍മ്മിത കൊളംബോ തുറമുഖം വഴിയാണ് നടക്കുന്നത്. നമ്മുടെ ട്രാന്‍സ്ഷിപ്‌മെന്റ് നടത്തുന്നതു വഴി വിദേശ രാജ്യങ്ങള്‍ വന്‍ലാഭമാണ് ഉണ്ടാക്കുന്നതെന്നും ഇന്ത്യയുടെ വിഭവശേഷിയും പണവും ഇന്ത്യന്‍ ചരക്കുകളും ഇന്ത്യയില്‍ തന്നെ കൈകാര്യം ചെയ്യുന്ന തരത്തില്‍ മേജര്‍ തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിക്കണമെന്ന ആവശ്യവും സജീവമായി മുന്നോട്ട് വച്ചത് ശശിതരൂരാണ്.

കേസുകളിലും നിരവധി ചുവപ്പു നാടകളിലും പെട്ട് പദ്ധതി സംസ്ഥാനത്തിനു നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ നിന്നാണ് പദ്ധതി ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യയിലെ വന്‍കിട പോര്‍ട്ട് നിര്‍മാണക്കമ്പനിയായ അദാനി പോര്‍ട്‌സിനാണ് നിര്‍മാണച്ചുമതല. സംസ്ഥാനത്തിന്റെ തന്നെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഇനി വെറും 997 ദിവസം കൊണ്ടു പൂര്‍ത്തീകരിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന ഉറപ്പ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഏകദേശം 4000ത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് അധികൃതര്‍ അവകാശപ്പെടുന്നത്. നാലുവര്‍ഷമാണ് ഹാര്‍ബര്‍ നിര്‍മാണ കാലാവധി എന്നാല്‍ അത്രയും സമയമെടുക്കില്ലെന്നും അതിനു മുമ്പുതന്നെ ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നുമാണ് അദാനി ഗ്രൂപ്പി വ്യക്തമാക്കിയിട്ടുള്ളത്. 

തുറമുഖം അതിന്റെ നിര്‍മാണ കാലയളവിലും നടത്തിപ്പു കാലയളവിലും കേരളത്തിന്റെ വന്‍തോതിലുള്ള വികസനത്തിനു വഴിയൊരുക്കും. ഈ തുറമുഖ നിര്‍മാണത്തിന് കേരളത്തില്‍ ഇത്രയും വലിയ തുക മുടക്കുന്നത് ഇതാദ്യം. ഏകദേശം 5500 കോടി രൂപ മുതല്‍മുടക്കുള്ള ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 3600 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്തുനിന്നാണ്.

വിഴിഞ്ഞവുമായി ബന്ധപ്പെട്ട് പല സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് പദ്ധതി അദാനി ഗ്രൂപ്പിന്റെ കയ്യിലെത്തുന്നത്. ഈ സര്‍ക്കാര്‍ തന്നെ പലതവണ ടെണ്ടര്‍ നീട്ടിവെക്കുകയും ആദ്യഘട്ടത്തില്‍ ടെണ്ടറുമായി സഹകരിച്ച കമ്പനികള്‍ പിന്‍മാറുകയും ചെയ്ത സാഹചര്യത്തിനൊടുവിലാണ് അദാനി കമ്പനി നിര്‍മ്മാണ താത്പര്യവുമായി മുന്നോട്ട് വന്നത്. എന്നാല്‍ അദാനി കമ്പനിക്ക് ഭൂമി തീറെഴുതി നല്‍കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തു വന്നതോടെ പദ്ധതി സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദ വിഷയമായി മാറി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിര്‍മ്മാണ ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിരുന്നെങ്കിലും നവംബറില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വന്നതിനാല്‍ ചടങ്ങ് മാറ്റി വെക്കുകയായിരുന്നു. പദ്ധതിയുടെ നിര്‍മാണം വിലയിരുത്തുന്നതിനായുള്ള സ്വതന്ത്ര എന്‍ജിനീയര്‍, ഓഡിറ്റര്‍ എന്നിവരെ നിയമിക്കുന്നതിനായുള്ള ആഗോള ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചു. സ്വതന്ത്ര എന്‍ജിനീയര്‍ക്കായി എട്ടു കമ്പനികളും, ഓഡിറ്റര്‍ നിയമനത്തിനായി ആറു കമ്പനികളും ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ടെന്‍ഡറുകളുടെ പരിശോധന അവസാനഘട്ടത്തിലാണ്.

സംസ്ഥാനത്ത് കടല്‍മാര്‍ഗമുള്ള ചരക്കുഗതാഗതത്തിന്റെ വളര്‍ച്ചയ്ക്കു കരുത്തു പകരാന്‍ വിഴിഞ്ഞം തുറമുഖത്തിനു സാധിക്കും. ദക്ഷിണ കേരളത്തിനും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ക്കും ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ വിഴിഞ്ഞം തുമുഖം സംമുഖേന കൈകാര്യം ചെയ്യാനുള്ള ഒരു പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി ഐ ഒ സി, എച്ച് ബി സി എല്‍, ബിപിസിഎല്‍ എന്നിവരുമായി ചര്‍ച്ചകള്‍ വരെ കഴിഞ്ഞു. നിലവിലെ നോണ്‍ മേജര്‍ തുറമുഖങ്ങളായ കൊല്ലം, ആലപ്പുഴ, പൊന്നാനി, ബേപ്പൂര്‍, അഴിക്കല്‍ എന്നിവയുമായുള്ള ചരക്കുഗതാഗതവും മേജര്‍ തുറമുഖമായ കൊച്ചിയുമായുള്ള ചരക്കു ഗതാഗതവും വര്‍ധിപ്പിക്കാന്‍ വിഴിഞ്ഞം തുറമുഖം വരുന്നതോടെ സാധ്യതയേറും. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ചരക്കുനീക്കമാകും ഇതോടെ ഉണ്ടാവുക. പദ്ധതിയോടനുബന്ധിച്ചു നടന്ന പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് പ്രകാരം വലിയതുറ പ്രദേശത്തെ 75 കമ്പവല തൊഴിലാളികളും മുല്ലൂര്‍ മേഖലയിലെ 250 ചിപ്പിത്തൊഴിലാളികളും ഉള്‍പ്പെടെ 325 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്. 

ഇവരുടെയും കൂടാതെ പദ്ധതി നിര്‍മാണഘട്ടത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഏകദേശം 2000 മത്സ്യത്തൊഴിലാളികളുടെയും പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കും.ഉദ്ഘാടനച്ചടങ്ങ് ഇന്നാണെങ്കിലും നേരത്തെ തന്നെ അദാനി ഗ്രൂപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. പദ്ധതി പ്രദേശത്ത് ഡ്രഡ്ജിങ് ജോലികളാണ് പുരോഗമിക്കുന്നത്. റോഡ് നിര്‍മാണവും നടക്കുന്നു. പദ്ധതിയുടെ പുലിമുട്ട് നിര്‍മാണത്തിനു കല്ലിട്ടു തുടങ്ങിയാല്‍ പദ്ധതി പ്രദേശത്തേക്കു റെയില്‍ മാര്‍ഗം യാഥാര്‍ഥ്യമാക്കുക എന്നതാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റര്‍ കമ്പനി അധികൃതരുടെ ലക്ഷ്യം.