മെഡിക്കല്‍ സ്റ്റോറുകളുടെ രജിസ്‌ട്രേഷനും നികുതി നിര്‍ണയവും : ജി.എസ്.ടി. നിര്‍ദേശങ്ങളായി

0

സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്, ജി.എസ്.ടി.യില്‍ മെഡിക്കല്‍ സ്റ്റോറുകളുടെ രജിസ്‌ട്രേഷനും നികുതി നിര്‍ണയവും സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ മരുന്നു വ്യവസായ സംഘടനകളുടെയും മരുന്നു വ്യാപാരികളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് നിര്‍ദേശങ്ങള്‍. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in ല്‍ ഈ നിര്‍ദേശങ്ങള്‍ ലഭ്യമാണ്.

ജി.എസ്.ടി. യില്‍ 20 ലക്ഷത്തിനുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ മരുന്നു വ്യാപാരികളും മരുന്നു നിര്‍മ്മാതാക്കളും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതുണ്ട്. മരുന്നിന്റെയും മരുന്നിതര സാധനങ്ങളുടെയും മൊത്തം വിറ്റുവരവാണ് ഇതിനായി കണക്കാക്കേണ്ടത്. എന്നാല്‍ ഉപാധികളുടെ അടിസ്ഥാനത്തില്‍ 75 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാം. കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കുന്ന മരുന്ന് നിര്‍മ്മാതാക്കള്‍ മൊത്തം വിറ്റുവരവിന്റെ രണ്ടു ശതമാനവും (ഒരു ശതമാനം എസ്.ജി.എസ്.ടി., ഒരു ശതമാനം സി.ജി.എസ്.ടി.) മറ്റു മരുന്നു വ്യാപാരികള്‍ ഒരു ശതമാനവും (0.5% എസ്.ജി.എസ്.ടി, 0.5 ശതമാനം സി.ജി.എസ്.ടി) അടയ്ക്കണം. ഇത്തരക്കാര്‍ക്ക് ജനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നതിനോ, ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് എടുക്കുന്നതിനോ സാധിക്കുകയില്ല.

 നിബന്ധനകള്‍ക്കു വിധേയമായി 2017 ജൂണ്‍ 30 വരെ സ്റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങള്‍ക്ക് കേരള ചരക്കുസേവന നികുതി ഓര്‍ഡിനന്‍സിന്റെ ചട്ടം 140 പ്രകാരമുള്ള ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് ലഭിക്കും. ഇതിനായി ജി.എസ്.ടി. ട്രാന്‍ക എന്ന ഫോറത്തില്‍ ഓണ്‍ലൈനായി ഡിക്ലറേഷന്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും സംശയനിവാരണങ്ങള്‍ക്കും വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന് വാണിജ്യ നികുതി കമ്മീഷണര്‍ അറിയിച്ചു.വകുപ്പിന്റെ എല്ലാ ജില്ലകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയും ജി.എസ്.ടി. ഹെല്‍പ് ലൈന്‍ സെല്ലുകളുടെ നമ്പരുകളും വെബ്‌സൈറ്റില്‍ ലഭിക്കും.