ഹോണ്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  

0

ഏപ്രില്‍ 26-ാം തീയതിയിലെ ഹോണ്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രമകരമാണെങ്കിലും ഒരു ദിവസം പൂര്‍ണമായി ഹോണ്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ ശബ്ദ മലിനീകരണ ബോധവത്ക്കരണ ദിവസമായ ഏപ്രില്‍ 26 ഹോണ്‍ വിമുക്ത ദിനത്തിന് (NO HORN DAY) മുന്നോടിയായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാഹന പ്രചരണ യാത്ര വെള്ളയമ്പലം മാനവീയം വീഥിയില്‍ ഫ്‌ളാഗോഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശബ്ദ മലിനീകരണത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഭൗമ ദിനത്തില്‍ തന്നെ ശബ്ദമലിനീകരണ ബോധവത്ക്കരണത്തിന് ഐ.എം.എ. തുടക്കമിട്ടത് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ശബ്ദമലിനീകരണത്തിനെതിരെയുള്ള വലിയൊരു പ്രസ്ഥാനമായി ഇത് മാറട്ടേയെന്നും മന്ത്രി ആശംസിച്ചു.

എല്‍.എന്‍.സി.പി.ഇ., ഇന്‍ഡസ് സൈക്കിള്‍ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടുകൂടി നടത്തിയ സൈക്കിള്‍ റാലി മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഫ്‌ളാഗോഫ് ചെയ്തു. നോ ഹോണ്‍ ഡേ പോസ്റ്ററുകളുടെ പ്രകാശനം പ്രീപെയ്ഡ് ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നല്‍കി മന്ത്രി നിര്‍വഹിച്ചു.

ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, മോട്ടോര്‍ വാഹന വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് കുമാര്‍, മഹേഷ്, ഐ.എം.എ. മുന്‍ പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, മുന്‍ സെക്രട്ടറി ഡോ. ജയറാം, ഐ.എം.എ. തിരുവനന്തപുരം മുന്‍ പ്രസിഡന്റ് ഡോ. ആര്‍.സി. ശ്രീകുമാര്‍, ആട്ടോ ടാക്‌സി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സുനില്‍ കുമാര്‍, തമ്പാനൂര്‍ പ്രീ പെയ്ഡ് ആട്ടോ പ്രസിഡന്റ് മുരുകന്‍, എയര്‍പോര്‍ട്ട് പ്രീ പെയ്ഡ് ടാക്‌സി പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സരസ്വതീ വിദ്യാലയം, സര്‍വോദയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും സൈക്കിള്‍ റാലിയില്‍ പങ്കെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അമിത ശബ്ദത്തിനെതിരെ ബോധവത്ക്കരണം നടത്തി. കിംസ് ആശുപത്രി, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ക്രിഡായ്, യങ് ഇന്ത്യന്‍സ്, റോട്ടറി എന്നീ സ്ഥാപനങ്ങളും സംഘടനളും ബോധവത്കരണ പരിപാടിയില്‍ പങ്കാളികളായി.

കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഏപ്രില്‍ 26ന് ഹോണ്‍ വിമുക്ത ദിനം ആചരിക്കുന്നത്. അന്നേദിവസം എല്ലാ വാഹനങ്ങളും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹോണ്‍ വിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര ശബ്ദ മലിനീകരണ അവബോധ ദിവസമായ ഏപ്രില്‍ 26-ാം തീയതി വൈകുന്നേരം 5.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.