സ്ത്രീകളുടെ കാവലാളായി സുനിതാ കൃഷ്ണന്‍

സ്ത്രീകളുടെ കാവലാളായി സുനിതാ കൃഷ്ണന്‍

Thursday May 26, 2016,

4 min Read

സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കുകയും അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍ വിശ്വാസവും ശക്തിയും പകര്‍ന്നു നല്‍കുകയുമാണ് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുനിതാ കൃഷ്ണന്‍ എന്ന സാമൂഹ്യപ്രവര്‍ത്തക. കുട്ടിക്കാലം മുതല്‍ ഊര്‍ജ്ജസ്വലയായ കുട്ടിയായിരുന്നു സുനിതാ കൃഷ്ണന്‍. മാനസികമായി തളര്‍ന്നു പോയ കുട്ടികള്‍ക്കായി നൃത്തം പഠിപ്പിക്കാന്‍ തന്റെ എട്ടു വയസുമുതല്‍ മുന്നിട്ടിറങ്ങിയ സുനിതക്ക് സാമൂഹ്യ സേവനം ചെറുപ്പത്തിലേ തന്റെ ജീവിതത്തിന്റെ ഭാഗമാണ്. 12 വയസില്‍ ചേരിപ്രദേശത്തെ ദളിതര്‍ക്കായി ആരംഭിച്ച വിദ്യാ കേന്ദ്രം. എന്നാല്‍ കൗമാരത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാകേണ്ടി വന്ന സുനിത തന്റെ പിന്നീടുള്ള ജീവിതം ചൂഷണത്തിനും അതിക്രമത്തിനും ഇരയാകേണ്ടി വന്ന സ്ത്രീകള്‍ക്കായി മാറ്റിവെച്ചു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രജ്വല എന്ന സംഘടനക്കും സുനിത തുടക്കമിട്ടു.

image


16 വയസുള്ള സുനിത തന്റെ സഹപാഠികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായിരുന്നു, ചിന്ത കൊണ്ടും, പ്രവൃത്തി കൊണ്ടും. മറ്റു വിദ്യാര്‍ഥികളെപ്പോലെ കോളജില്‍ പോകുമായിരുന്നുവെങ്കിലും വൈകുന്നേരം തന്റെ യാത്രകള്‍ അതിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന വേശ്യാലയങ്ങളിലെ സ്ത്രീകളോട് സംസാരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. വേശ്യാലയങ്ങളില്‍ അവരുടെ അവസ്ഥ, കഷ്ടപ്പാടുകള്‍ എന്നിവ മനസിലാക്കി അവരെ ആ ദുരിതത്തില്‍ നിന്നും കരകയറ്റുക എന്നതായിരുന്നു സുനിതയുടെ മനസിലെ ലക്ഷ്യം. എന്നാല്‍ പല ഘട്ടങ്ങളിലും സുനിതയുടെ സന്ദര്‍ശനം വേശ്യാലയത്തിലെ സെക്യൂരിറ്റി തടഞ്ഞിരുന്നു ചിലപ്പോഴൊക്കെ സുനിതയ അയാള്‍ ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം സുനിത ബാംഗ്ലൂര്‍ നഗരത്തിലെ ഒരു വേശ്യാലയത്തില്‍ പോയി. അവിടെ നിന്നും പുറത്താക്കുമെന്ന കണക്കു കൂട്ടലിലാണ് സുനിത അവിടെയെത്തിയത്. തന്റെ സന്ദര്‍ശനോദ്യേശ്യം വ്യക്തമാക്കിയപ്പോള്‍ അവിടെ ഉദ്ദേശം 12-13 വയസു പ്രായമുള്ള ഒരു കുട്ടിയെ നിനക്ക് രക്ഷിക്കാനാകുമോ എന്ന ചോദ്യമാണ് സുനിതക്ക് നേരിടേണ്ടി വന്നത്. അവളെ അവിടെ നിന്ന് രക്ഷപ്പെടുത്താന്‍ തന്നെ സുനിത തീരുമാനിച്ചു. മാറി നിന്ന് നിരീക്ഷിച്ചപ്പോള്‍ ആ കുട്ടി മാനസികമായി വളരെ തളര്‍ന്നിരിക്കുകയാണെന്ന് സുനിതക്ക് മനസിലായി. കാമപൂരണത്തിനായി ചെറുപ്പക്കാരെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ പലരും ദിനം തോറും തന്റെ ശരീരം ഉപയോഗിക്കുകയും ഇതിന് പ്രതിഫലം എന്നോളം അഞ്ചും പത്തും രൂപയുടെ നോട്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അവള്‍ക്ക് ഈ നോട്ടുകള്‍ എന്തിനു വേണ്ടി ഉള്ളതാണെന്നു പോലും അറിയില്ലായിരുന്നു.

image


 മാനസികമായി തളര്‍ന്നതു കൊണ്ടു തന്നെ ആ കുട്ടി അധികമാരോടും സംസാരിക്കുമായിരുന്നില്ല. പലപ്പോഴായി അവള്‍ പറഞ്ഞ മുറിഞ്ഞ വാക്കുകള്‍ കൂട്ടിയിണക്കി സുനിത ആ കുട്ടിയുടെ ഗ്രാമം എവിടെയെന്നു മനസിലാക്കി. അവളെ വേശ്യാലയത്തില്‍ നിന്ന് രക്ഷപ്പെടുത്തി അവളുടെ ഗ്രാമത്തില്‍ എത്തിക്കുക എന്നതായിരുന്നു അടുത്ത ശ്രമം. ഇതിനായി സുനിത തന്റെ അഛ്ഛന്റെ സുഹൃത്തിന്റെ സഹായം തേടി. അദ്ദേഹത്തിന്റെ സഹായത്തില്‍ ഒരു വണ്ടി സംഘടിപ്പിച്ച് സുനിത വേശ്യാലയത്തിലേക്ക് പോയി. അവളെ അവിടെ നിന്നും ഗ്രാമത്തിലേക്ക് കൊണ്ടു പോകാന്‍ അവിടെയുണ്ടായിരുന്ന നാല് മുതിര്‍ന്ന വേശ്യകളും വണ്ടിയില്‍ കയറി. തന്റെ ഇടപെടല്‍ കൊണ്ട് അവരില്‍ വന്ന മനംമാറ്റം സുനിതയെ അമ്പരപ്പിച്ചു. ആ കുട്ടിയുടെ ഗ്രാമത്തിലെത്തിയ സുനിത ആ കുട്ടിയുടെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു. നല്ല സാമ്പത്തിക നിലയില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കളായിരുന്നു ആ കുട്ടിയുടേത്. പെട്ടെന്ന് ഒരു അപകടത്തില്‍ ആ കുട്ടിയുടെ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് അവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായി അവരുടെ ഒരു ബന്ധും ഈ കുട്ടിയെ ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് പോകുന്ന ഒരു ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്ന് കണ്ടെടുത്ത അവളെ ആരോ വേശ്യാലത്തിന് വില്‍ക്കുകയായിരുന്നു. കുട്ടിയുടെ കുടുംബ പശ്ചാത്തലം മനസിലായതോടെ കുട്ടി വേശ്യാലയത്തില്‍ നിന്നാണ് വരുന്നത് എന്ന കാര്യം അവര്‍ മറച്ചു വെച്ചു. ബാംഗ്ലൂരില്‍ സുനിതയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു കുട്ടിയെന്ന് അവര്‍ ഗ്രാമീണരെ വിശ്വസിപ്പിച്ചു. ഒരു കുരുന്നു ബാല്യത്തെ രക്ഷിക്കാനായി കൂടെ വന്ന വേശ്യകളും സുനിതക്കൊപ്പം ഉറച്ചു നിന്നു. കുട്ടിയുടെ കാര്യം ചര്‍ച്ച ചെയ്യാനായി ഗ്രാമപഞ്ചായത്ത് വിളിച്ചു കൂട്ടി. ഒടുവില്‍ നിരന്തര ശ്രമങ്ങള്‍ക്ക് ഒടുവില്‍ കുട്ടിക്ക് അനുകൂലമായി കാര്യങ്ങള്‍ എത്തിക്കാന്‍ സുനിതക്ക് കഴിഞ്ഞു. ആ കുട്ടിയെ രക്ഷിച്ചതിലൂടെ സമൂഹത്തിലെ വേശ്യാലയങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ മോചനത്തിനായി വലിയ പ്രക്ഷോഭം ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് സുനിത എത്തി. അതിനു വേണ്ടിയുള്ള നിരന്തര ശ്രമങ്ങളാണ് സുനിതയെ ഡോ. സുനിതാകൃഷ്ണന്‍ എന്ന പോരാളിയാക്കി മാറ്റിയത്. ചൂഷണത്തിന് വിധേയരായ സ്ത്രീകളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം പത്മശ്രീ നല്‍കി സുനിതാ കൃഷ്ണനെ ആദരിച്ചു.

image


കോളജില്‍ പഠിക്കുന്ന സുനിതാ കൃഷ്ണന്‍ മറ്റുള്ള കുട്ടികളില്‍ നിന്ന് വ്യത്യസ്തയായി എന്തു കൊണ്ടാണ് വേശ്യാലയങ്ങളില്‍ സന്ദര്‍ശിച്ചിരുന്നതെന്ന് ചോദ്യം സ്വാഭാവികമായി ഉയരാം. സുനിതയും തന്റെ ബാല്യത്തില്‍ ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ട് എന്നതാണ് അതിന്റെ ഉത്തരം. 16 വയസുള്ള സുനിത തന്റെ സമീപത്തെ ഗ്രാമത്തിലെ ദളിത് വിഭാഗങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനായി ക്ലാസുകള്‍ എടുക്കുമായിരുന്നു. എന്നാല്‍ ഇത്തരം ബോധവത്കരണത്തിലൂടെ തങ്ങളുടെ കീഴില്‍ പണിയെടുക്കുന്ന ദളിതര്‍ കൂടുതല്‍ ശക്തി പ്രാപിക്കുമോ എന്ന് ഉയര്‍ന്ന ജാതിയിലുള്ള ജന്‍മികള്‍ ചിന്തിച്ചു. സുനിതയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതികാരമായി എട്ടു പേര്‍ ചേര്‍ന്ന് സുനിതയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

image


ഈ സംഭവം ഓര്‍ക്കാന്‍ തന്നെ സുനിതക്ക് ഇഷ്ടമല്ല. അത്രയും നാള്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവളായിരുന്ന താന്‍ ഒറ്റ ദിവസം കോണ്ട് മോശക്കാരിയായി. എവറസ്റ്റ് പര്‍വതത്തില്‍ നിന്ന് താഴെ മണ്ണിലേക്ക് പതിച്ച അവസ്ഥ. അതു വരെ തന്നെ പുകഴ്ത്തിയിരുന്നവര്‍ തന്നെ കുറ്റം പറഞ്ഞു തുടങ്ങി. പീഢനത്തിന്റെ കാരണക്കാരായ പ്രതികള്‍ക്ക് ഗ്രാമസഭ ശിക്ഷയൊന്നും നല്‍കിയില്ല. കുറ്റമെല്ലാം സുനിതയുടെ തലയില്‍ കെട്ടിവെക്കാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ ഇതു കൊണ്ടൊന്നും സുനിതയിലെ പോരാളി തളര്‍ന്നില്ല. തന്റെ ഇച്ഛാശക്തിയും പോരാട്ടവീര്യവും വിട്ടുനല്‍കാന്‍ സുനിത തയ്യാറായില്ല. ഈ സംഭവത്തിനു ശേഷം സുനിതയുടെ ലോകം മാറി മറിഞ്ഞു. താന്‍ നേരിട്ടറിഞ്ഞ പീഢനത്തിന്റെ, വേദനയുടെ ആഴം തിരിച്ചറിഞ്ഞ സുനിത തന്നെപ്പോലെ പീഢിപ്പിക്കപ്പെട്ട് അവഗണിക്കപ്പെട്ടവരുടെ ജീവിതത്തിലെ ശബ്ദമായി മാറി.

image


ബാംഗ്ലൂരില്‍ രാജു നളിനി കൃഷ്ണന്‍ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായി ജനിച്ച സുനിതക്ക് രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ചതു കൊണ്ടു തന്നെ സുനിത ചെറുപ്പം മുതല്‍ സ്വന്തം കാര്യസാധ്യത്തിനായി വാശി പിടിച്ചിരുന്നില്ല. ജന്‍മനാ ഒരു കാലിന് കുഴപ്പമുണ്ടായിരുന്ന സുനിതക്ക് വേണ്ടതെല്ലാം മാതാപിതാക്കള്‍ അറിഞ്ഞു ചെയ്തിരുന്നു. കാലിന്റെ കുഴപ്പമുള്ളതു കൊണ്ടു തന്നെ കുട്ടിക്കാലത്ത് കളികളിലൊന്നും ഏര്‍പ്പെടാന്‍ പറ്റിയിരുന്നില്ല. കുട്ടിക്കാലത്തു തന്നെ വിവേകമുള്ള കുട്ടിയായി സുനിത വളര്‍ന്നു. തെറ്റു കണ്ടാല്‍ എതിര്‍ക്കാനും നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള മനസ് ചെറു പ്രായത്തില്‍ തന്നെ സുനിത പ്രകടമാക്കിയിരുന്നു.

എന്താണ് താങ്കള്‍ നേരിട്ടിട്ടുള്ള പ്രശ്‌നമെന്ന് ഒരു ഇന്റര്‍വ്യൂവില്‍ സുനിതയോട് ചോദിച്ചപ്പോള്‍ അത്തരത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്നായിരുന്നു ഉത്തരം. ഓരോ പ്രശ്‌നങ്ങളും ഉത്തരങ്ങളിലേക്കുള്ള അവസരമായാണ് കാണുന്നത്. പ്രശ്‌നങ്ങളില്‍ തന്നെ അവക്കുളള ഉത്തരവും അടങ്ങിയിട്ടുണ്ടാകും. പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി കാണാതെ പരിഹാരത്തിനായുള്ള സാധ്യതകളാണ് താന്‍ തേടുന്നതെന്നാണ് സുനിതയുടെ ഉത്തരം. ഈ ഉത്തരത്തില്‍ സുനിതയെന്ന പോരാളിയുടെ സാമൂഹ്യപ്രവര്‍ത്തകയുടെ ആകെത്തുകയുണ്ട്.

image


1996ല്‍ ബാംഗ്ലൂരില്‍ വച്ചു നടന്ന മിസ് വേള്‍ഡ് മത്സരത്തിനെതിരെ സുനിത ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സ്ത്രീകളെ ഭോഗവസ്തുക്കളായി മാത്രം കാണുകയും അവരെ സൗന്ദര്യമത്സരത്തിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ സുനിത ശക്തമായി ശബ്ദമുയര്‍ത്തി. സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളാക്കുകയല്ല മറിച്ച് അവരെ സമഭാവനയോടെ കാണുന്ന സമൂഹമാണ് വേണ്ടതെന്ന് സുനിത വാദിച്ചു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സുനിതയെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ടു മാസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സുനിത ആരംഭിച്ച പ്രജ്വലയെന്ന സംഘടന വനിതകള്‍ക്കെതിരെ ഉയരുന്ന ഓരോ സംഭവങ്ങളിലും സജീവമായി ഇടപെടല്‍ നടത്തി. അവക്കുളള പരിഹാരമാര്‍ഗ്ഗങ്ങളും പ്രജ്വലയിലൂടെ ഉയര്‍ന്നു വന്നു. ചെറിയ തുടക്കത്തില്‍ നിന്ന് പ്രജ്വലയെന്ന വലിയ പ്രസ്ഥാനത്തിലേക്കുള്ള വളര്‍ച്ചയില്‍ സുനിത ഇപ്പോഴും സമൂഹത്തില്‍ പിന്തള്ളപ്പെട്ട സ്ത്രീകള്‍ക്കൊപ്പമുണ്ട്.