കര്‍ഷകര്‍ക്ക് കൈത്താങ്ങായി കമല്‍ കിസാന്‍

0

കൈക്കോട്ടും കലപ്പയും മാത്രം ഉപയോഗിച്ച് കൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ നമുക്കിന്ന് അന്യമാണ്. എന്നാല്‍ വടക്കേ ഇന്ത്യയിലെ പലഗ്രാമങ്ങളിലും ഇപ്പോഴും കര്‍ഷകര്‍ ഇങ്ങനെതന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനൊരു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയ ദേവി മൂര്‍ത്തി കമല്‍ കിസാന്‍ എന്ന സംരംഭത്തിന് തുടക്കമിട്ടത്. ദേവി കൂടുതല്‍ സമയവും കര്‍ണാടകയിലെ വയലുകളില്‍ യാത്ര നടത്തി. അവിടുത്തെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി. തന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കാര്‍ഷികമേഖല തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് കൂട്ടുകാരായിരുന്നു. ഇതിനായി പല പ്രമുഖ യൂനിവേഴ്‌സിറ്റികളിലും അവര്‍ സന്ദര്‍ശിച്ചു.

ഇതേ തുടര്‍ന്നാണ് 2012 ല്‍ കമല്‍ കിസാനിനു രൂപം കൊടുത്തത്. ചെറുകിട കര്‍ഷകര്‍ക്കായുള്ള യന്ത്രങ്ങളാണ് ആദ്യം ഉണ്ടാക്കിയത്. അത് പരീക്ഷണാര്‍ത്ഥം കൃഷിയിടങ്ങളില്‍ നേരിട്ട് വിതരണം ചെയ്തു. ഇത് കര്‍ഷകര്‍ക്ക് ജോലി എളുപ്പമാക്കുക മാത്രമല്ല വിളവ് വര്‍ധിപ്പിക്കുന്നതിനും സഹായകമായി. പല യന്ത്രങ്ങളും വിപണിയില്‍ ലഭ്യമാരുന്നെങ്കിലും അത് ചെറുകിട കര്‍കര്‍ക്ക് പ്രയോജനപ്രദമായിരുന്നില്ല. അവര്‍ക്ക് പ്രോജനപ്രദമായ യന്ത്രങ്ങള്‍ നിര്‍മിക്കുകയായിരുന്നു ദേവിയുടെ ലക്ഷ്യം.

യന്ത്രങ്ങള്‍ ലഭ്യമായാലും അവ കൂടുതല്‍ പണം നല്‍കി വാങ്ങാനോ വാടകക്ക് എടുക്കാനോ കര്‍ഷകര്‍ക്ക് കഴിയാതെ വന്നതും ബുദ്ധിമുട്ടുണ്ടാക്കി. അവരുടെ കയ്യില്‍ ഒതുങ്ങുന്ന തുകക്ക് ഉ യന്ത്രങ്ങള്‍ നല്‍കുക എന്നത് ദേവിക്ക് വെല്ലുവിളി ആയിരുന്നെങ്കിലും അത് സാധ്യമാക്കാന്‍ അവള്‍ക്ക് സാധിച്ചു.

ഇത്തരം യന്ത്രങ്ങള്‍ ലഭ്യമാക്കുന്ന ചില കേന്ദ്രങ്ങള്‍ ആരംഭിച്ചു. സ്വയം സഹായ സംഘങ്ങളും തുടങ്ങി. ഒരുകൂട്ടം ഗ്രാമവാസികളുടെ സംഘങ്ങളെ കര്‍ഷകര്‍ക്ക് ഇത്തരം സഹായങ്ങള്‍ നല്‍കുന്നതിനായി നിയമിച്ചു.

നാലുപേരടങ്ങുന്ന കമല്‍ കിസാന്‍ ആദ്യമായി വികസിപ്പിച്ചെടുത്തത് ഒരു ഞാറു പറിച്ചു നടീല്‍ യന്ത്രം ആയിരുന്നു. ഇത് ഞാറ് പറിച്ച മാറ്റി നടീല്‍ കൂടുതല്‍ എളുപ്പമാക്കി. പിന്നീട് ഉരുളക്കിഴങ്ങ്, പയര്‍ കൊയ്ത്ത് യന്ത്രം, പച്ചക്കറി, പഴ വര്‍ഗങ്ങള്‍ പറിച്ചു നടീല്‍ യന്ത്രം, തേങ്ങയിടുന്ന യന്ത്രം, കരിമ്പ് പറിച്ചു നടീല്‍, വിളവെടുപ്പ് യന്ത്രങ്ങള്‍ എന്നിവ വികസിപ്പിച്ചെടുത്തത് കര്‍ഷകര്‍ക്ക് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്.

മറ്റ് പല യന്ത്രങ്ങളും പണിപ്പുരയിലാണ്. ഞാറ് പറിച്ചു നടീല്‍ യന്ത്രം ഉപയോഗിക്കാന്‍ ശ്രമകരമല്ലാത്ത രീതിയിലാണ് തയ്യാറാക്കിയത്. ഒരു കൈപ്പിടിയുള്ള യന്ത്രത്തിന്റെ പിടിയില്‍ പിടിച്ച് വയലിലൂടെ പ്രവര്‍ത്തിപ്പിക്കുക കുട്ടികള്‍ക്കുപോലും സാധ്യമായിരുന്നു. 1000 രൂപയാണ് ഒരു ഏക്കറില്‍പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി വരുന്ന ചെലവ്.

എന്നാല്‍ പല കര്‍ഷകരും ഇത്തരം യന്ത്ര സാമഗ്രികളെ വളരെ സന്ദേഹത്തോടെയാണ് വീക്ഷിച്ചത്. അവരുടെ പഴയകാല പരിചയം ഉപയോഗിച്ച് കൃഷി ചെയ്തിരുന്നതിനാല്‍ ഇത്തരം യന്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് അവരെ ഇതിലേക്ക് കൊണ്ടുവരാന്‍ ദേവിക്ക് നന്നേ പാടുപെടേണ്ടി വന്നു.

കൃഷിക്ക് ആവശ്യമുള്ള ഘട്ടത്തില്‍ യന്ത്രങ്ങള്‍ വിതരണം ചെയ്യാന്‍ അവര്‍ തയ്യാറായിരുന്നെങ്കിലും വളരെ കുറഞ്ഞ ചിലവില്‍ അവ എത്തിക്കുക വെല്ലുവിളി ആയിരുന്നു. എന്നാല്‍ പല കര്‍ഷകരുടേയും സഹകരണവും പ്രോത്സാഹനവും ദേവിക്കും സംഘത്തിനും പ്രചോദനമായി. അവരുടെ അധ്വാനത്തെ മികച്ചതായി കാണാനും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും മുമ്പോട്ട് വനന്ത് നിരവധിപ്പേരായിരുന്നു. കര്‍ഷകര്‍ക്ക കൂടുതല്‍ പ്രയോജനപ്രദമായ യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിലുള്ള തിരക്കിലാണ് ഇപ്പോള്‍ ദേവിയും സംഘവും.