ആരോഗ്യ സംരക്ഷണ രംഗത്ത് സുവര്‍ണ നേട്ടം കൊയ്ത് ഗരിമ ത്രിപദി

0


ഗരിമ ത്രിപദി നേതൃത്വം കൊടുക്കുന്ന ആരോഗ്യ സംരക്ഷണ രംഗത്തെ സംരംഭത്തില്‍ ഇന്ന് ദിനം പ്രതി അറുന്നൂറോളം പണമിടപാടുകള്‍ നടക്കുന്നുണ്ട്. ഒരു വനിതാ സംരംഭത്തെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണ്. വിദ്യാഭ്യാസവും മുന്‍പ്രവൃത്തി പരിചയവും തന്നെയാണ് ഇന്നത്തെ നേട്ടത്തില്‍ ഗരിമയെ എത്തിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചേരാനാഗ്രഹിക്കുന്ന കാണ്‍പൂര്‍ ഐ ഐ ടിയില്‍ നിന്നാണ് ഗരിമ തന്റെ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയത്. മാത്രമല്ല ബാര്‍വേഡില്‍നിന്ന് സെറാമിക്‌സിനെ കുറിച്ചുള്ള പഠനവും സ്‌കൂള്‍ ഓഫ് മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സില്‍നിന്ന് ലോക ചരിത്രത്തെക്കുറിച്ചുള്ള പഠനവും പൂര്‍ത്തിയാക്കി. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായാണ് ഗരിമ വളര്‍ന്നത്.

ഡെലോയിറ്റ് കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ബിസിനസ് അനലിസ്റ്റായിരുന്നു ഗരിമ. കോര്‍പറേറ്റ് ബിസനസിന്റെ ഭാഗമാകണമെന്ന ഉദ്ദേശത്തോടെയാണ് ഗരിമ ഡെലോയിറ്റില്‍ ബിസിനസ് അനലിസ്റ്റായി പ്രവേശിച്ചത്. എന്നാല്‍ ഇവിടെ നിന്ന് ഒരു ഇടവേള ആവശ്യമായി തോന്നിയപ്പോഴാണ് ഈ ജോലിയില്‍നിന്ന് മാറിയത്.

മണ്‍പാത്ര നിര്‍മാണമായിരുന്നു തന്റെ മറ്റൈാരു ഇഷ്ടമേഖല. മാത്രമല്ല താന്‍ ആര്‍ട് ഹിസ്റ്ററി ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഡെലോയിറ്റിലെ ജോലി ഉപേക്ഷിച്ച ശേഷം തന്റെ അറിവ് കൂടുതല്‍ വര്‍ധിപ്പിക്കണമെന്നായി ചിന്ത. അങ്ങനെയാണ് സെറാമിക് മേഖലയുമായി ബോസ്റ്റണിലെ എസ് എം എഫ് എയിലും ഹാര്‍വേര്‍ഡ് സെറാമിക്‌സിലും എത്തിയത്. അവിടെ തനിക്ക് ഇതിന്റെ ചരിത്രത്തെക്കുറിച്ചും മെറ്റീരിയലിനെക്കുറിച്ചുമെല്ലാം മനസിലാക്കാനായി. വളരെ മികച്ച അനുഭവമാണ് അവിടം സമ്മാനിച്ചത്.

ബോസ്റ്റണില്‍ വളരെ മികച്ച അധ്യാപകരും സംരംഭകരും ചരിത്രകാരന്മാരം അക്കാഡമീഷ്യന്‍സുമെല്ലമാണുള്ളത്. കേംബ്രിഡ്ജിലെ മസാച്യുസെറ്റ്‌സിലുള്ള ഒരു സെറാമിക് സ്റ്റുഡിയോയിലെ പഠനത്തോടെയാണ് ഈ മേഖലയിലുള്ള പഠനം അവസാനിപ്പിച്ചത്. അവിടെ ചിലവഴിച്ച സമയം താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയും ഇവിടത്തെ ഭക്ഷണവും രക്ഷിതാക്കളും ആരോഗ്യരീതിയുമെല്ലാം തന്നെ വീട്ടിലേക്ക് തിരികെയെത്തിച്ചു- ഗരിമ പറയുന്നു.

വീട്ടില്‍നിന്ന് മാറി താമസിക്കേണ്ടി വന്ന സമയത്താണ് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഗരിമ ഏരെ ചിന്തിച്ച് തുടങ്ങിയത്. പ്രത്യേകിച്ചും ഇന്ത്യയിലെ പ്രായമായ മാതാപിതാക്കളെക്കുറിച്ചായിരുന്നു ചിന്ത. തന്റെ ഒരു സഹപ്രവര്‍ത്തകയും തന്നെപ്പോലെ വീട്ടില്‍നിന്നും മാറി താമസിക്കുകയായിരുന്നു. സഹപ്രവര്‍ത്തകയും ഇതേ ചിന്തയില്‍ വ്യാകുലപ്പെട്ടിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് വാര്‍ധക്യകാലത്ത് മതിയായ പരിചരണം കിട്ടുമോ എന്നതായിരുന്നു ചിന്ത. നിലവിലുള്ള സംവിധാനങ്ങള്‍ക്ക് സുതാര്യതയും ഉത്തരവാദിത്തവും തീരെ കുറവാണ്.

നമ്മുടെ വീടുകളിലേക്ക് വരുന്ന നഴ്‌സ്മാരെക്കുറിച്ചോ പരിചാരകരെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും തന്നെ നമ്മുടെ പക്കല്‍ ഉണ്ടാകാറില്ല. പരിചാരകരുടെ സംരക്ഷണത്തില്‍ നമ്മള്‍ സംതൃപ്തരല്ലെങ്കില്‍ പണം മടക്കി നല്‍കുന്നതിനുള്ള സംവിധാനങ്ങളും നിലവിലില്ല. പ്രതിഫലം നല്‍കുന്നതിലും കൃത്യമായ അളവുകോലുകളില്ല.

അങ്ങനെയാണ് കെയര്‍ 24 എന്ന ആശയത്തിലേക്കെത്തിയതെന്ന് കെയര്‍ 24ന്റെ സി ഇ ഒ ആയ വിപിന്‍ പതക് പറയുന്നു. സുതാര്യമായതും കാര്യക്ഷമമായതുമായ ഒരു ഹോം കെയര്‍ സംവിധാനം തുടങ്ങണമെന്ന ചിന്തയാണ് കെയര്‍ 24ല്‍ എത്തിച്ചത്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖം ബാധിക്കുമ്പോഴാണ് ഇത്തരം സേവനങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെത്തുന്നതെന്ന് ഗരിമ പറയുന്നു.

സംരംഭ ലോകത്തേക്ക് കടക്കാനുള്ള തന്റെ തീരുമാനത്തെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആദ്യം നിരാശപ്പെടുത്തിയിരുന്നു. തനിക്ക് സുരക്ഷിതമെന്ന് തോന്നുന്ന ഏതെങ്കിലും കോര്‍പറേറ്റ് ജോലിയില്‍ തുടരാനായിരുന്നു അവരുടെ ഉപദേശം.

ഐ ഐ ടിയിലെ ടീം അംഗങ്ങള്‍ എല്ലാവരും കൂടി മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു ടീം രൂപീകരിച്ചു. ആഗോള നിലവാരത്തില്‍ തന്നെ പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. മുഴുവന്‍ സമയവും ഇവരുടെ സേവനം ലഭ്യമാകുമെന്നതാണ് പ്രത്യേകത. അതായത് നഴ്‌സുമാരും അറ്റന്‍ഡര്‍മാരും സാക്ഷ്യപ്പെടുത്തിയ ഫിസിയോതെറാപ്പിസ്റ്റുമാരും ഉള്‍പ്പെടെയുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്.

ഇന്‍ജക്ഷനുകള്‍ എടുക്കുന്നതും മരുന്നുകള്‍ കൃത്യസമയത്ത് നല്‍കുന്നതും സര്‍ജറിക്ക് ശേഷമുള്ള സംരക്ഷണവും മുറിവുകള്‍ ശുശ്രൂഷിക്കുകയും രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസികമായ ധൈര്യം പകര്‍ന്ന് നല്‍കുകയെല്ലാമാണ് നഴ്‌സുമാര്‍ ചെയ്യുന്നത്. കൃത്യമായ പരിചരണം നടത്തുകയെന്നതാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം.

പ്രത്യേകിച്ചും വീട്ടില്‍നിന്നും അകന്ന് താമസിക്കേണ്ടി വരുന്നവരുടെ ബന്ധുക്കള്‍ക്കാണ് കൂടുതലായും പരിചരണം നല്‍കേണ്ടി വരുന്നത്.

ആവശ്യക്കാര്‍ക്ക് നഴ്‌സുമാരുടെയും അറ്റന്‍ഡര്‍മാരുടേയും ഫിസിയോതെറാപ്പിസ്റ്റുമാരുടെയുമെല്ലാം സേവനത്തിനായി ബുക്ക് ചെയ്യാവുന്നതാണ്. സ്ത്രീയാണോ പുരുഷനാണോ വേണ്ടക്, വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ വേണ്ടത് തുടങ്ങി ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവസരവും കസ്റ്റമേഴ്‌സിനുണ്ട്.

ബുക്ക് ചെയ്ത് 30 മിനിട്ടിനകം തന്നെ കസ്റ്റമേഴ്‌സിന് അപ്പോയിന്‍മെന്റ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫോണ്‍കോള്‍ ലഭിക്കും.

വിശ്വസ്തരായ ജോലിക്കാരെ കണ്ടെത്തുക എന്നതായിരുന്നു ആദ്യഘട്ടത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞചെന്ന് ഗരിമ പറയുന്നു. ദിവസവും അഞ്ഞൂറിലധികം രോഗികളെയാണ് തങ്ങള്‍ പരിചരിക്കുന്നത്. സംരംഭം എന്നത് ഗരിമയെ സംബന്ധിച്ച് തുടര്‍ച്ചയായി മെച്ചപ്പെടുത്തലും നേട്ടങ്ങളും ഉണ്ടാക്കേണ്ട ഒന്നാണ്. നമുക്ക് ശക്തമെന്ന് തോന്നുന്ന ആശയങ്ങള്‍ നടപ്പാക്കാനുള്ളതാണ് സംരംഭം. വനിതാ സംരംഭകര്‍ക്ക് ഇന്ന് സമൂഹത്തില്‍ വലിയ സാധ്യതകളുണ്ട്. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും ടീം അംഗങ്ങളില്‍നിന്നും നിക്ഷേപകരില്‍നിന്നുമെല്ലാം തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്നും ഗരിമ പറയുന്നു.