ഐശ്വര്യറായി ആകാന്‍ മോഹിച്ച് അക്ഷര ബിഗ് സ്‌ക്രീനില്‍

0

മിനി സ്‌ക്രീനിലൂടെ സ്വീകരണ മുറികളിലെ താരമായി മാറി കുടുംബ സദസ്സുകളുടെ മനസ്സ് കീഴടക്കിയ അക്ഷര കിഷോര്‍ ബിഗ് സ്രീനിലേയും താരമാകുന്നു. നേരത്തെ തന്നെ ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചെങ്കിലും ഇപ്പോഴാണ് അക്ഷരയെ പ്രേക്ഷകര്‍ തിരിച്ചറിയാനും ആരാധിക്കാനും തുടങ്ങിയത്. അക്ഷരയുടെ പ്രശസ്തിക്ക് പ്രധാനകാരണം കറുത്തമുത്ത് എന്ന സീരിയലിലെ ബാലമോളെന്ന കഥാപാത്രമാണ്.രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട എന്ന സിനിമയിലൂടെയാണ് ബിഗ് സ്രീനിലും അക്ഷര ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബന്റെ മകളുടെ വേഷത്തിലാണ് അക്ഷര എത്തിയത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്താണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. സീരിയലിലെ അഭിനയം കണ്ട ശേഷമാണ് അക്ഷരയെ സിനിയമിലേക്ക് വിളിച്ചതെന്ന് രാജേഷ് പിള്ള പറഞ്ഞിരുന്നു.

ഇതിനകം എട്ടോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് ഈ മിടുക്കി. ജയസൂര്യ നായകനായ മത്തായി കുഴപ്പക്കാരനല്ല, ഡാര്‍വിന്റെ പരിണാമം, ജയറാമിന്റെ പുറത്തിറങ്ങാനുള്ള ആടും പുലിയാട്ടം എന്നീ ചിത്രങ്ങളാണിവ. എങ്കിലും മിനിസ്‌ക്രീനിലെ താരമായി മാത്രമാണ് അക്ഷര അറിയപ്പെട്ടിരുന്നത്.ഈ വര്‍ഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നൈറ്റില്‍ മോഹന്‍ലാലിന്റെ കൂടെ പ്രത്യക്ഷപ്പെട്ട് ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിക്കാന്‍ ഈ കലാകാരിക്ക് ഇതിനകം ക്ഷണം ലഭിച്ചിട്ടുണ്ട്. പഠന കാര്യത്തിലും മിടുക്കിയാണ് അക്ഷര കിഷോര്‍.

ആദ്യം ചില പരസ്യചിത്രങ്ങളാണ് ചെയ്തത്. അതില്‍ നിറപറയുടെ സംവിധായകന്‍ ജിസ്‌മോന്‍ ജോയ് ആണ് കിഷോര്‍ സത്യയോട് അക്ഷരയുടെ കാര്യം സൂചിപ്പിച്ചത്. തുടര്‍ന്നാണ് കറുത്തമുത്തിലെ ബാലമോളായി മാറിയത്. രസിക ജാം, നിറപറ, ജയലക്ഷ്മി, കല്യാണ്‍ സില്‍ക്‌സ്, അഹല്യ, പോപ്പി കുട, തുടങ്ങി എഴുപതോളം പരസ്യ ചിത്രങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. എറണാകുളം വെണ്ണലയില്‍ ഫെഡറല്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. അച്ഛന്‍ കിഷോര്‍ പാലാരിവട്ടത്ത് ഒരു കമ്പനിയില്‍ ആര്‍ക്കിടെക്ട് ആണ്. അമ്മ ഹേമപ്രഭ ഫെഡറല്‍ ബാങ്ക് പാലാരിവട്ടം ബ്രാഞ്ചില്‍ ഉദ്യോഗസ്ഥയാണ്. ചേച്ചി അഖിലാ കിഷോര്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു. അഖില കനല്‍ എന്ന ചിത്രത്തിലും ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ബാര്‍ബി ഡോളിനൊപ്പം കളിക്കുക, കൊച്ചു ടി വി കാണുക, സിനിമ കാണുക, ചേച്ചിയോടൊപ്പം കളിക്കുക, പടം വരയ്ക്കുക എന്നിവയാണ് അക്ഷരയുടെ ഇഷ്ട വിനോദം. ചെറുപ്പം മുതലേ പാട്ട് കേള്‍ക്കുമ്പോള്‍ ഡാന്‍സ് ചെയ്തിരുന്നു. ടി വിയില്‍ കാണുന്ന കഥാപാത്രങ്ങളെ അനുകരിക്കാനും ശ്രമിച്ചിരുന്നു. അങ്ങനെയാണ് കലാവാസന വീട്ടുകാര്‍ മനസിലാക്കിയത്. വലുതായാല്‍ ഐശ്വര്യ റായിയെപോലൊരു നടിയാകാനാണ് അക്ഷരക്ക് ഇഷ്ടം.