സന്നിധാനത്തിന്റെ സുരക്ഷക്ക് ഡോക്ടര്‍ പോലീസ്; സുരക്ഷയുടെ കണ്ണുകള്‍ ചിമ്മാതെ നേത്രയും

സന്നിധാനത്തിന്റെ സുരക്ഷക്ക് ഡോക്ടര്‍ പോലീസ്; 
സുരക്ഷയുടെ കണ്ണുകള്‍ ചിമ്മാതെ നേത്രയും

Thursday January 07, 2016,

2 min Read

ഒരു കാലത്ത് രോഗികളുടെ ആരോഗ്യരക്ഷക്കായി നിലകൊണ്ട ഈ പഴയ ഡോക്ടര്‍ ഇന്ന് ജനസുരക്ഷ കാത്തു സൂക്ഷിക്കുന്ന ഐ പി എസ് ഓഫീസറാണ്. കാത്തിരുന്ന രോഗികളെ ഊഴം വച്ച് പരിശോധിച്ചിരുന്ന ആ പഴയ ഡോക്ടര്‍ ഇന്ന് ശബരിമലയില്‍ പഴുതില്ലാത്ത സുരക്ഷ ഉറപ്പാക്കുന്ന തിരക്കിലാണ്. വെള്ളക്കോട്ടില്‍ നിന്നും കാക്കിക്കുള്ളിലേക്കെത്തിയ അരുള്‍ ആര്‍ ബി കൃഷ്ണ എന്ന യുവ ഐ പി എസ് ഓഫീസറാണ് സന്നിധാനത്തിന്റെ സുരക്ഷാ ക്രമീകരണത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന സ്‌പെഷ്യല്‍ ഓഫീസര്‍. 

image


സ്‌പെഷ്യല്‍ ഓഫീസറായി ചാര്‍ജ്ജ് എടുത്തതിന് പിന്നാലെ സന്നിധാനത്തില്‍ മിഴി ചിമ്മാത്ത സുരക്ഷക്കായി നേത്രയുമെത്തി. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ജാര്‍ഖണ്ഡില്‍ നിന്നും എത്തിച്ച നേത്ര യു എ വി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) ശബരിമലയുടെ മുകളില്‍ വിജയകരമായ പരീക്ഷണപ്പറക്കലും നടത്തി. 200 മീറ്റര്‍ ഉയരത്തില്‍ നിന്നും വ്യക്തമായ ചിത്രങ്ങള്‍ അയക്കുന്നതിന് കഴിയുന്ന നിരീക്ഷണ ക്യാമറാ സംവിധാനമാണ് നേത്ര. മികവാര്‍ന്ന ചിത്ര വ്യക്തത തരുന്ന 2 എച്ച് ഡി ക്യാമറയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

തേനീച്ചയുടെ മുരള്‍ച്ചപോലുള്ള നേരിയ ശബ്ദം മാത്രമുള്ള യന്ത്രത്തിലൂടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ ദ്യശ്യങ്ങള്‍ പതിയുന്ന രീതിയിലാണ് ഇതിന്റെ സാങ്കേതിക വിദ്യ. മാവോയിസ്റ്റ് വനമേഖലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ നേത്ര’ ബോംബെ ഐ.ഐ.ടി വിദ്യാര്‍ത്ഥികളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 35 ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്. സി ആര്‍ പി എഫില്‍ ആകെ 15 യു.എ.വി നേത്രയാണുള്ളത്. നേത്രയുടെ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം നേടിയ സി ആര്‍ പിഎഫ് കമാന്‍ഡോ വിഭാഗമായ കോബ്രയിലെ ഉദ്യോഗസ്ഥരാണ്‌ സന്നിധാനത്ത് ഇതിനെ നിയന്ത്രിക്കുന്നത്. ഡെപ്യൂട്ടി കമാന്‍ഡന്റ് മധു ജി നായരാണ്‌ ശബരിമലയില്‍ ആര്‍ എ എഫിന്റെ ചുമതല വഹിക്കുന്നത്.

image


ആതുരസേവനത്തിന്റെ വഴികളിലുടെ സഞ്ചരിച്ചു കൊണ്ടാണ് ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ എന്ന 33കാരന്‍ പോലീസ് ഉന്നത ഉദ്യോഗത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം ഡി നേടിയ അദ്ദേഹം പോലീസ് മേഖല തിരഞ്ഞെടുക്കുന്നത് യാദ്യച്ഛികമല്ല. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ജി. ബി. ബാലകൃഷ്ണന്‍ നായരുടെ മകനായ അരുളിന് ചെറുപ്പം മുതല്‍ ഐ പി എസ് ഒരു സ്വപ്നമായിരുന്നു. അറിവായ നാള്‍ മുതല്‍ പോലീസ് യൂണിഫോമിനെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന തനിക്ക് ഐ പി എസ് സെലക്ഷന്‍ ലഭിച്ച നിമിഷം സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷമായിരുന്നുവെന്ന് അരുള്‍ ഓര്‍ത്തെടുക്കുന്നു. ട്രെയിനിംഗ് കഴിഞ്ഞ് ആദ്യ പോസ്റ്റിങ് 2014 ജനുവരിയില്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു. കഴിഞ്ഞ വര്‍ഷം സന്നിധാനത്തെ അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്.

image


ചെങ്ങന്നൂര്‍ എ എസ് പി യായി ജോലി നോക്കുമ്പോഴാണ് സന്നിധാനം സ്‌പെഷല്‍ ഓഫീസറായി വരുന്നത്. സന്നിധാനത്ത് ജോലിയില്‍ പ്രവേശിച്ച അതേ സമയം തന്നെയാണ് കൊച്ചി ഡി.സി.പി. ആയി സ്ഥാനക്കയറ്റം ലഭിച്ചുവെന്ന ഉത്തരവ് കൈപ്പറ്റുന്നത്. മകരവിളക്കിന് ശേഷം ശബരിമല നടയടച്ചാല്‍ കൊച്ചി ഡി.സി.പി. ആയി ചുമതലയേല്‍ക്കും. അയ്യപ്പ സ്വാമിയുടെ ജന്മനക്ഷത്രമായ ഉത്രം തന്നെയാണ് തന്റെയും മകന്‍ ഭരതിന്റെയും നക്ഷത്രമെന്നത് സന്തോഷകരമാണെന്ന് നിയുക്ത ഡി സി പി. പറഞ്ഞു. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ശ്രീരഞ്ജിനിയാണ് അമ്മ. ഗോകുലം മെഡിക്കല്‍ കോളേജിലെ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ. ദേവിയാണ് ഭാര്യ. നാലുമാസം പ്രായമുള്ള ഒരു മകനുണ്ട്, ഭരത് ഡി കൃഷ്ണ.