മാറ്റത്തിന്റെ മൂളലുമായി ബീ ദി ചെയ്ഞ്ച്

0

തേന്‍ പോലെ സ്വാഭാവിക മധുരം പകരുന്ന വസ്തുക്കള്‍ പ്രകൃതിയില്‍ അധികമൊന്നുമില്ല. കൈവെള്ളയില്‍ പകര്‍ന്ന് തേന്‍മധുരം നുണയുമ്പോള്‍ നാം അതു നല്‍കുന്ന തേനീച്ചകളെക്കുറിച്ച് ഓര്‍ക്കാറില്ല. എന്നാല്‍ ഐ ഐ എമ്മില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഒരു ചെറുപ്പക്കാരന്‍ ഇവിടെ തേനിനേയും തേനീച്ചയേയും കുറിച്ച് നമ്മെ ബോധവാനാക്കുന്നു. മഹാരാഷ്ട്രക്കാരനായ ശ്രീകാന്ത് ഗജ്ഭിയെയാണ് നമ്മുടെ ചിന്തകളില്‍ തേനിന്റെ മധുരം പകരുന്നത്. ഇതിനായി അയാള്‍ മഹാരാഷ്ട്ര ആസ്ഥാനമാക്കി തുടക്കമിട്ട പ്രസ്ഥാനമാണ് ബീ ദി ചെയ്ഞ്ച്.

നിസാരന്‍മാരായി നാം കാണുന്ന തേനീച്ചകളെക്കുറിച്ച് ശ്രീകാന്ത് ഗജ്ഭിയെ എന്ന ചെറുപ്പക്കാരന്റെ വാക്കുകള്‍ കേട്ടാല്‍ തേനീച്ചകളെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് തന്നെ മാറിപ്പോകും. മനുഷ്യരാശിയുടെ 90 ശതമാനം പേരും ഭൂമിയിലുള്ള മൊത്തം ഭക്ഷ്യധാന്യത്തിന്റെ 70 ശതമാനമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഈ ഭക്ഷ്യധാന്യങ്ങള്‍ വിളയുന്നതിന് കാരണമായ സ്വാഭാവിക പരാഗണം നടത്തുന്നത് ഈ തേനീച്ചകളാണ്. എന്നാല്‍ ആഗോള തലത്തില്‍ തേനീച്ചകളുടെ എണ്ണത്തില്‍ പെട്ടന്നുണ്ടായ ഗണ്യമായ കുറവ് കൃഷിയുടെ ജൈവവ്യവസ്ഥയെ തന്നെ ബാധിക്കുന്ന സ്ഥിതിയിലേക്കാണ് നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീകാന്ത് തേനീച്ച സംരക്ഷണത്തിലേക്കും അത് പ്രചരിപ്പിക്കുന്ന പ്രസ്ഥാനത്തിലേക്കും തിരിയുന്നത്.

കോഴിക്കോട് ഐ ഐ എമ്മില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ ശ്രീകാന്ത് രണ്ട് വര്‍ഷം മുമ്പ് പൂനെയിലെ ഒരു ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തേനീച്ച വളര്‍ത്തലിനെക്കുറിച്ചുള്ള പഠനക്കളരിയാണ് ശ്രീകാന്തിന്റെ കാഴ്ച്ചപ്പാടുകള്‍ മാറ്റി മറിക്കുന്നത്. ഹോബിയെന്ന നിലയില്‍ തേനീച്ച വളര്‍ത്തല്‍ പഠിക്കാനായി പഠനക്ലാസില്‍ ചേര്‍ന്ന ശ്രീകാന്ത് പിന്നീട് തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി ഒരു പ്രസ്ഥാനത്തിന് തന്നെ തുടക്കമിടുകയായിരുന്നു. പരാഗണ പ്രക്രിയയിലൂടെ തേനീച്ചകള്‍ പ്രകൃതിക്ക് നല്‍കുന്ന സംഭാവനകളും തേനീച്ച വളര്‍ത്തലിലൂടെ താഴേത്തട്ടിലുള്ള കൃഷിക്കാരുടെ കാര്‍ഷികഉത്പാദനത്തിലുണ്ടാകുന്ന വര്‍ധനവും ഇതിലൂടെയാണ് ശ്രീകാന്തിന് ബോധ്യമായത്. കൃഷിയിടങ്ങളില്‍ തേനീച്ചക്കൂടുകള്‍ സ്ഥാപിക്കുന്നതു വഴി ഉത്പാദനത്തില്‍ 20 മുതല്‍ 200 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് ശ്രീകാന്ത് സ്വന്തം അനുഭവം വഴി സാക്ഷ്യപ്പെടുത്തുന്നത്.

ലണ്ടനില്‍ നടന്ന ഒരു പഠനമനുസരിച്ച് 200 മില്യന്‍ പൗണ്ട് മൂല്യമാണ് തേനീച്ചകള്‍ വഴി പ്രതിവര്‍ഷം ബ്രിട്ടണിന് ലഭിക്കുന്നത്. ഒരു കോടി പൗണ്ടിന്റെ മൂല്യവത്തായ സേവനം ഇവയുടെ പരാഗണ പ്രക്രിയയിലൂടെയും രാജ്യത്തിന് ലഭിക്കുന്നു. ഏറെക്കുറേ എല്ലാ രാജ്യത്തും അതാത് സമ്പത് വ്യവസ്ഥ അനുസരിച്ച് ആനുപാതികമായ പണം തേനീച്ചകള്‍ കൊണ്ടു വരുന്നുണ്ട്. നാം ഇത് അറിയാറില്ലെന്ന് മാത്രം. എന്നാല്‍ അമേരിക്കയിലടക്കം പല രാജ്യങ്ങളിലും തേനീച്ചകളുടെ ചില വര്‍ഗ്ഗങ്ങള്‍ തന്നെ അപ്രത്യക്ഷമാവുകയാണ്. ചിലവ വംശനാശത്തിന്റെ വക്കിലുമാണ്. മൊബൈല്‍ ടവറുകളിലൂടെയും മൊബൈലുകളിലൂടെയും പുറത്തു വരുന്ന റേഡിയേഷനാണ് തേനീച്ചകള്‍ക്ക് ഭീഷണിയാവുന്നതെന്നാണ് പുതിയ വിവരം.

ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് സന്തോഷ് തേനീച്ച സംരക്ഷണത്തിനായി ബീ ദി ചെയ്ഞ്ച് എന്ന സ്ഥാപനം ആരംഭിക്കുന്നത്. തേനീച്ച വളര്‍ത്തലിലൂടെ കാര്‍ഷികഉത്പാദന രംഗത്ത് വന്‍ വര്‍ധനയും ശുദ്ധമായ തേനിന് വിപണി കണ്ടെത്തലുമാണ് ബീ ദി ചെയ്ഞ്ച് ലക്ഷ്യം വെക്കുന്നത്. നിലവില്‍ മഹാരാഷ്ട്രയില്‍ 500 കര്‍ഷകര്‍ക്കും വനമേഖലയില്‍ താമസിക്കുന്നവര്‍ക്കും ബീ ദി ചെയ്ഞ്ച് തേനീച്ച പരിപാലനത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. പ്രസ്ഥാനത്തിന് 50 ട്രെയിനികളും നിലവിലുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ സ്ഥാപിക്കാന്‍ തേനീച്ചക്കൂടുകളും ഇതിനുള്ള സൗജന്യ പരിശീലനവും ഇവര്‍ നല്‍കും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കര്‍ഷകര്‍ക്ക് നഷ്ടമില്ലാത്ത രീതിയില്‍ ഇവരില്‍ നിന്ന് തേന്‍ തിരിച്ചു വാങ്ങുകയും ചെയ്യും. ഈ ശുദ്ധമായ തേന്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ബീ ദി ചെയ്ഞ്ചിന് സ്വന്തം വിപണന സംവിധാനവുമുണ്ട്. ഇത്തരം തേന്‍ അത് ഉത്പാദിപ്പിക്കുന്ന പരിസ്ഥിതിയുടെ പ്രത്യേകത കണക്കാക്കി പ്രത്യേകം ബ്രാന്റ് ചെയ്താണ് വില്‍ക്കുന്നത്. തേനിന്റെ ആദായം കൃഷിക്കാര്‍ക്ക് ഒരു അധിക വരുമാനമാണ്. തേനീച്ചകള്‍ കാരണം തങ്ങള്‍ക്കുണ്ടാകുന്ന കാര്‍ഷിക ആദായ വര്‍ധനയാണ് കര്‍ഷകരെ ഈ സംരഭവുമായി കൈകോര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. കൃഷിയിടത്തിലെ കീടനാശിനി പ്രയോഗം തേനീച്ചകള്‍ക്ക് ഹാനീകരമാകുമെന്നതിനാല്‍ കര്‍ഷകര്‍ ജൈവവള പ്രയോഗത്തിന് നിര്‍ബന്ധിതരാകും. ഇത് ഫലത്തില്‍ മാരകമായ കീടനാശിനി പ്രയോഗത്തില്‍ നിന്ന് കര്‍ഷകരെ പിന്നോട്ട് നയിക്കുമെന്നു തന്നെയാണ് ശ്രീകാന്തിന്റെ അനുഭവം.

തേനീച്ചക്കൂടുകള്‍ സ്ഥാപിക്കാന്‍ വേണ്ടി വരുന്ന പ്രാരംഭ ചിലവുകള്‍ കര്‍ഷകര്‍ തന്നെ വഹിക്കണമെന്നതിനാല്‍ പലരും ആദ്യം മടിച്ചിരുന്നു. എന്നാല്‍ തേനീച്ച വളര്‍ത്തലിലൂടെ ലഭിച്ച ഉത്പാദനവര്‍ധനവ് നേരിട്ട് ബോധ്യമായതോടെ കര്‍ഷകര്‍ ധൈര്യസമേതം ഇന്ന് തേനീച്ചപരിപാലനത്തിലേക്ക് കടന്നു വരികയാണ്. പ്രകൃതിയില്‍ തന്നെ തേനീച്ച കോളനികള്‍ കുറഞ്ഞു വരുന്ന അവസരത്തില്‍ സന്തോഷിന്റെ ഈ സംരഭം തേനീച്ചകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് വരുത്തുക തന്നെ ചെയ്യും. ഒരു ചെറിയ ചിന്ത അതിലൂടെ വികസിതമാകുന്ന വലിയ പ്രപഞ്ചം അതാണ് ശ്രീകാന്തിന് ബീ ദി ചെയ്ഞ്ച്.

ബീ ദി ചെയ്ഞ്ചിനെക്കുറിച്ചറിയാന്‍ http://www.beethechange.in/ ക്ലിക്ക് ചെയ്യുക