ദാരിദ്ര്യത്തില്‍ നിന്ന് പ്രതീക്ഷയിലേക്ക് വളര്‍ന്ന ഛായ

0

കളിപ്പാട്ടങ്ങളോ ചായങ്ങളോ ഇല്ലാതിരുന്ന കുട്ടിക്കാലമായിരുന്നു ഛായയുടേത്. തന്റെ അവസ്ഥ തന്റെ കുട്ടികള്‍ക്കുണ്ടാകരുത് എന്ന അതിയായ ആഗ്രഹമാണ് ഛായ സോനവാനെക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നത്. തനിക്ക് ലഭിച്ച ഊര്‍ജ്ജം തന്റെ കുടുംബത്തിന് മാത്രമല്ല, പാവപ്പെട്ട മറ്റ് കുടുംബങ്ങള്‍ക്കും ലഭിക്കണമെന്ന തിരിചച്ചറിവും ഛായക്കുണ്ടായിരുന്നു. അങ്ങനെയാണ് സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഒരു സ്ത്രീക്ക് കഠിനാധ്വാനത്തിലൂടെ തന്റെ മക്കളെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍കഴിയുമെന്ന് ഛായ തെളിയിച്ചത്. സ്ത്രീകള്‍ക്ക് ഒരു ദിവസം കുറഞ്ഞത് 500 രൂപയെങ്കിലും വരുമാനമുണ്ടാക്കുന്ന ജോലിയില്‍ മുഴുകാനാകുമെന്ന് അവര്‍ പറയുന്നു. വീട്ടുജോലിയില്‍ മാത്രം മുഴുകിയിരിക്കുന്ന വീട്ടമ്മമാര്‍ക്ക് സംരംഭകരാകാനും തനിക്ക് ലഭിക്കാത്ത സൗഭാഗ്യങ്ങള്‍ തന്റെ മക്കള്‍ക്ക് നല്‍കാനും സാധിക്കും. നല്ല ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസവും എന്‍ജിനിയറിംഗ് കോളജ് പഠനവു ലഭിച്ച തന്റെ മക്കള്‍ ഇന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായി ഐ ടി കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അഭിമാനത്തോടെയാണ് ഛായ പറയുന്നത്.

ദാരിദ്ര്യത്തില്‍ നിന്നും എത്തിയ തനിക്ക് തന്റെ മക്കളെ അതിലേക്ക് തന്നെ തള്ളിവിടരുതെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. തന്റെ പഴയകാല ജീവിതത്തെ കുറിച്ചും കഷ്ടപ്പാടുകളേയും കുറിച്ച് പറഞ്ഞപ്പോള്‍ ഛായയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

മഹാരാഷ്ട്രയിലെ ജല്‍ഗൗണ്‍ ജില്ലയിലെ ധരണ്‍ഗാവോണ്‍ ഗ്രാമത്തിലാണ് ഛായ ജനിച്ചത്. ഏഴ് സഹോദരങ്ങള്‍ക്കൊപ്പം ജിവിച്ച ഛായയുടെ കുടുംബത്തിലെ ഏക വരുമാനം അച്ഛന്റേത് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ആഗ്രഹങ്ങളൊക്കെ കഴിഞ്ഞതോടെ പഠനം നിര്‍ത്തേണ്ടി വന്നു. ഉന്നത വിദ്യാഭ്യാസം ഒരു കനവായി അവശേഷിച്ചു. ഗുജറാത്തിലെ ഒരു ടെക്‌സറ്റൈല്‍ മില്‍ ജോലിക്കാരനെയാണ് ഛായ വിവാഹം ചെയ്തത്. പിന്നീട് ഭര്‍ത്താവിനൊപ്പം അഹമ്മദാബാദിലെത്തി. എണ്‍പതുകളില്‍ ഛായയുടെ ഭര്‍ത്താവിന്റെ ജോലി വളരെ മികച്ച ഒന്നു തന്നെയായിരുന്നു. എന്നാല്‍ മില്‍ പൂട്ടിയതോടെ അദ്ദേഹത്തിന് ജോലി നഷ്ടമായി. തുടര്‍ന്ന് വിശപ്പടക്കാന്‍ എന്തെങ്കിലും മാര്‍ഗം കണ്ടെത്തിയേ പറ്റൂ എന്ന അവസ്ഥയിലായി. തുടര്‍ന്ന് ഛായയുടെ ഭര്‍ത്താവ് ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങി. കുടുംബത്തിലെ കഷ്ടപ്പാടുകളില്‍ ഒരു കാഴ്ചക്കാരിയായി ഇരിക്കാനെ ആദ്യം ഛായക്ക് കഴിഞ്ഞുള്ളൂ. പിന്നീട് തന്റെ ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കണം എന്ന് തീരുമാനിച്ചു. അതിനായി സ്ത്രീകള്‍ക്ക് തുന്നല്‍ ക്ലാസ്സുകള്‍ നടത്തുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ എങ്ങനെ കുടുംബത്തിന് സഹായകമായി മാറണമെന്ന് ക്ലാസ്സ് എടുക്കുകയും ചെയ്തു. എന്നാല്‍ യാഥാസ്ഥിതികരായ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ എതിര്‍പ്പ് ഇത് തുടരാന്‍ ബുദ്ധിമുട്ടുണ്ടാക്കി എങ്കിലും ഭര്‍ത്താവിന്റെ സഹായത്തോടെ ഛായ വിജയം കൈവരിച്ചു.

അവള്‍ക്കെന്ത് ചെയ്യാന്‍ കഴിയും എന്ന തന്റെ ഭര്‍ത്താവിന്റെ അമ്മയുടെ ചോദ്യത്തിന് ഉത്തരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഛായ.

മുന്ന് മാസങ്ങള്‍കൊണ്ട് സ്ത്രീകള്‍ക്ക് തയ്യലില്‍ പരിശീലനം നല്‍കാന്‍ ഛായക്ക് കഴിഞ്ഞു. പിന്നീട് വിവധയിടങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങി. വീട്ടില്‍ തന്നെ ഒരു തയ്യല്‍ യൂനിറ്റ് ആരംഭിച്ച പ്രവര്‍ത്തവും തുടങ്ങി.

സാമ്പത്തികമായി ഉയര്‍ന്ന ഛായ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്ലാസ്സ് നല്‍കാന്‍ തയ്യാറായി. ഇത്തരത്തില്‍ ക്ലാസ്സ് ലഭിച്ച നിരവധിപേര്‍ക്ക് തങ്ങളുടെ ജീവിതം നല്ല രീതീയില്‍ കെട്ടിപ്പെടുക്കാനായി. തുടര്‍ന്ന് ദേവ് ശ്രീ എന്ന സ്ഥാപനം ഛായ ആരംഭിച്ചു. കൂടുതല്‍ സ്ത്രീകള്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാനെത്തി. ഇതിനിടയില്‍ ഛായക്ക് രണ്ട് ആണ്‍ മക്കള്‍ പിറന്നിരുന്നു. തന്റെ രണ്ട് മക്കളേയും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ച് പഠിപ്പിക്കണമെന്നത് ഛായയുടെ വലിയ ആഗ്രഹമായിരുന്നു. വീട്ടുകാരില്‍ നിന്നും എതിര്‍പ്പുയര്‍ന്നെങ്കിലും ഛായ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അങ്ങനെ തന്റെ രണ്ട് മക്കള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ ഛായക്കായി.

ഛായയുടെ അമ്മ എപ്പോഴും ഛായക്ക് വലിയ പിന്തുണ നല്‍കിയിരുന്നു. വലിയൊരു കുടുംബത്തെ നയിച്ച അവര്‍ എപ്പോഴും ഉള്ളതുകൊണ്ട് എല്ലാവരേയും സംതൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തന്റെ യാത്ര തുടങ്ങി 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഛായ പറയുന്നു താന്‍ ക്ലാസ്സ് തുടങ്ങിയിട്ട് ഇതുവരെ ഒരു മാസം പോലും തന്റെ ക്ലാസ്സില്‍ കുട്ടികള്‍ ഇല്ലാതിരുന്നിട്ടില്ല എന്ന്. താന്‍ 3000ത്തോളം പാവപ്പെട്ട കുടംബങ്ങളിലെ സ്ത്രീകള്‍ക്ക് പരീശീലനം നല്‍കിയിട്ടുണ്ട്. അവര്‍ അവരുടെ സ്വന്തം തയ്യല്‍ യൂനിറ്റുകള്‍ ആരംഭിച്ച് സ്വന്തം കാലില്‍ നില്‍ക്കുന്നത് കാണുമ്പോഴാണ് തനിക്ക് കൂടുതല്‍ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത്. ഇപ്പോള്‍ ധാരാളം സ്ത്രീകള്‍ അവരുടെ മക്കളം തനിക്കരികിലേക്ക് തയ്യല്‍ പഠിക്കാന്‍ അയക്കുന്നുണ്ട്. ഛായയെക്കുറിച്ച് മകന് പങ്കുവെക്കാനുള്ളത് വളരെ രസകരമായ ഒരു കഥയായിരുന്നു. അവന്റെ ചെറുപ്പകാലത്ത് ഛായക്ക് മുന്നില്‍ എത്തിയ ഒരു പെണ്‍കുട്ടി, പോളിയോ വന്ന് അവളുെട രണ്ട് കാലുകളും തളര്‍ന്നുപോയിരുന്നു. തയ്യല്‍ പഠിക്കാന്‍ ആഗ്രഹിച്ച അവള്‍ക്ക് അതിന് കഴിയില്ലെന്ന് പല ടീച്ചര്‍മാരും വിധിയെഴുതി. എന്നാല്‍ ഛായ ആ പെണ്‍കുട്ടിക്കായി ഒരു പ്രത്യേക ഓട്ടോമാറ്റിക് മെഷീന്‍ തയ്യാറാക്കി അവളെ പഠിപ്പിച്ചു. നാലു മാസങ്ങള്‍കൊണ്ട് അവള്‍ തയ്യല്‍ പഠിക്കുകയും ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടുകയും ചെയ്തു.

തന്റെ വീടിന്റെ ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള ക്ലാസ്സ് റൂമില്‍ ഛായ ഇപ്പോഴും നിരവധി കുട്ടികള്‍ക്ക് ക്ലാസ്സ് നല്‍കുന്നു. ഒരു മുത്തശ്ശികൂടിയായി മാറിയ ഛായ തന്റെ മരുമക്കളെ അവര്‍ക്കിഷ്ടമുള്ള ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇനിയും നിരവധി പെണ്‍കുട്ടികളുടെ ജീവിതത്തിന് വെളിച്ചമേകണമെന്നതു തന്നെയാണ് ഛായയുടെ ആഗ്രഹം.