ക്രിസ്മസിനെ വരവേല്‍ക്കാന്‍ മെലോഡിയ ക്വയറിന്റെ സ്വര്‍ഗീയ സംഗീതം

0

ക്രിസ്മസിന് മുന്നോടിയായി തിരുവനന്തപുരം നഗരത്തെ സ്വര്‍ഗീയാനുഭൂതിയിലേയ്ക്കുണര്‍ത്തി മെലോഡിയ ക്വയര്‍ സംഗീതസായാഹ്നം. വാര്‍ഷിക ക്രിസ്മസ് പരിപാടിയുടെ ഭാഗമായി സമകാലിക ഗാനങ്ങള്‍ക്കൊപ്പം കോറല്‍ സംഗീതവും ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു സംഗീതവിരുന്ന്. ക്രിസ്മസിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഭിന്നശേഷിയുള്ള മൂന്നു പേര്‍ക്ക് ട്രൈസ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. സമൂഹത്തിലെ അശരണര്‍ക്ക് സഹായമെത്തിക്കുന്ന മെലോഡിയയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മലോഡിയ സായാഹ്നം ഉദ്ഘാടനം ചെയ്ത കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു. സംഘഗാനങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് സാമൂഹ്യസേവനത്തിന് പ്രയോജനപ്പെടുത്തുന്ന മെലോഡിയയുടേത് ശ്ലാഘനീയമായ സാമൂഹ്യസേവനമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

വിഭിന്ന ശഷിയുള്ളവര്‍ക്കുള്ള ട്രൈസ്‌കൂട്ടറുകള്‍ ചടങ്ങില്‍ പ്രത്യേകാതിഥിയായിരുന്ന കെ.എസ്. ശബരീനാഥന്‍ എം എല്‍ എ വിതരണം ചെയ്തു. സമൂഹത്തിന് നന്മ ചെയ്യുകയെന്നതാണ് എല്ലാ മതത്തിന്റെയും അടിസ്ഥാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ വിവിധരംഗങ്ങളില്‍നിന്നുള്ളവര്‍ ഉള്‍ക്കൊള്ളുന്നതാണ് നൂറു പേരടങ്ങിയ മെലോഡിയ ക്വയര്‍. 2012ല്‍ ചെറിയ തോതില്‍ സംഗീതവും സൗഹാര്‍ദ്ദവും വളര്‍ത്താനും മനുഷ്യത്വപരമായ കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനുമായുള്ള സംഗീതപ്രേമികളുടെ കൂട്ടായ്മയായി ആരംഭിച്ച മെലോഡിയ ഇപ്പോള്‍ വലിയ സംഘമായി വളര്‍ന്നുകഴിഞ്ഞുവെന്ന് തുടക്കം മുതല്‍ ഇതിനോട് സഹകരിക്കുന്ന യുഎഇയിലെ ഷാര്‍ജ അടിസ്ഥാനമായുള്ള എന്‍ ആര്‍ ഐ ഫ്രണ്ട്‌സ് ഫോറത്തിലെ ജേക്കബ് കുര്യന്‍ പറഞ്ഞു. ഇപ്പോള്‍ എല്ലാ പ്രായത്തിലും ജോലിയിലുമുള്ളവര്‍ ഈ സംഘത്തിലുണ്ട്. ഇവരുടെ സമൂഹത്തോടുള്ള പ്രതിബദ്ധത ഏറെ അനുകരണീയമാണെന്ന് ജേക്കബ് പറഞ്ഞു. ഗുരുക്കന്മാരുടെ വചനങ്ങള്‍ സാധാരണക്കാര്‍ക്കുള്ള സാദ്ധ്യതകളാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ഫാ. ബോബി ജോസ് കപ്പ്യൂച്ചിന്‍ ചൂണ്ടിക്കാട്ടി. ബൈബിളില്‍ വചനം മാംസമായെന്നാണ് എഴുതിയിരിക്കുന്നത്. നമുക്ക് ഒരു നദിയായി ഒഴുകി, വിശ്വാസത്തിന്റ പച്ചപ്പുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമോയെന്നും നമുക്കു ചുറ്റും നീരൊഴുക്കായി വളര്‍ച്ചയുടെ കണികകളാകാന്‍ സാധിക്കുമോയെന്നും ശ്രമിക്കണമെന്ന് ഫാ. ബോബി ജോസ് പറഞ്ഞു.

പിന്നണി ഗായകന്‍ നജീം അര്‍ഷാദ്, എസ്പി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് പി സുബ്രമണ്യം എന്നിവര്‍ സംഗീതസായാഹ്നത്തിന് ആശംസകള്‍ നേര്‍ന്നു. നജീം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു 2012 ഡിസംബര്‍ 15ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മെലോഡിയ ക്വയര്‍ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മൂന്നുവര്‍ഷവും മെലോഡിയ ക്വയറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി ലക്ഷക്കണക്കിന് രൂപയാണ് വിതരണം ചെയ്തത്. വിവിധ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും തിരുവനന്തപുരത്തെ വിവിധ വേദികളിലുമായി 15ല്‍ അധികം സംഗീതപരിപാടികളാണ് മെലോഡിയ അവതരിപ്പിച്ചിട്ടുണ്ട്.