സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധം  

0

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളെ മണിക്കൂറോളം ലിഫ്റ്റില്‍ കയറ്റാതെ സ്റ്റാഫുകള്‍ തടസം സൃഷ്ടിച്ചുവെന്ന സന്ദേശം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒന്നാം നിലയിലാണ് സെന്‍ട്രല്‍ സ്റ്റെറിലൈസേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു., വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കുള്ള രോഗീ പരിചരണത്തിനും ജീവന്‍ രക്ഷാ പരിചരണത്തിനുമുള്ള സാമഗ്രികളും ശസ്ത്രക്രിയാ ഉപകരണങ്ങളുമെല്ലാം അണു വിമുക്തമാക്കുന്ന സ്ഥലമാണിത്. ജീവനക്കാര്‍ ഇവിടെനിന്നും ശേഖരിച്ച അണുവിമുക്തമായ ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റ് ജീവന്‍രക്ഷാ സാമഗ്രികളുമായി രണ്ടാം നിലയിലേക്ക് പോകാനായാണ് ലിഫ്റ്റില്‍ കയറിയത്. എന്നാല്‍ താഴത്തെ ഗ്രൗണ്ട് ഫ്‌ളോറിലുള്ളവര്‍ ലിഫ്റ്റിന്റെ ബട്ടന്‍ അമര്‍ത്തിയതിനാല്‍ ലിഫ്റ്റ് താഴെക്ക് വരികയായിരുന്നു. വാര്‍ഡുകളിലും മറ്റുസ്ഥലങ്ങളിലേക്കും പോകാനായി കാത്തു നിന്ന ചിലര്‍ ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അതേസമയം അണു വിമുക്തമായ ഈ ഉപകരണങ്ങള്‍ പുറത്തിറക്കി അധികനേരം വച്ചാല്‍ അത് ഐസിയിലും ഓപ്പറേഷന്‍ തീയറ്ററിലുമുള്ള രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. ഇക്കാര്യം പറഞ്ഞ ശേഷം അവര്‍ സാധനങ്ങള്‍ രണ്ടാം നിലയില്‍ എത്തിച്ച് ലിഫ്റ്റ് രോഗികള്‍ക്ക് വിട്ടു കൊടുക്കുകയും ചെയ്തു. കേവലം മിനിട്ടുകള്‍ മാത്രമെടുത്ത ഈ സംഭവമാണ് മണിക്കൂറുകളെടുത്തു എന്ന് പറഞ്ഞ് പ്രചരിക്കുന്നത്.

പാവപ്പെട്ട രോഗികള്‍ക്കായി രാവും പകലും വിശ്രമമില്ലാതെ ജോലിചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകര്‍ക്കാനേ ഇതുപോലുള്ള അനാവശ്യ വിവാദം ഉപകരിക്കുകയുള്ളൂവെന്ന് സൂപ്രണ്ട് പറഞ്ഞു. ആശുപത്രിക്കകത്ത് വീഡിയോ എടുക്കാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ അല്‍പം പോലും ക്ഷമ കാണിക്കാതെ ഇവര്‍ വീഡിയോ എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രവര്‍ത്തന രഹിതമായിരുന്ന ഈ ലിഫ്റ്റ് അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് അടുത്തിടെ പുന:നിര്‍മ്മിച്ചത്. അണുവിമുക്തമായതും ഐസിയുവിലും തീയറ്ററുകളിലും ഉപയോഗിക്കേണ്ട ഉപകരണങ്ങളാണ് ട്രോളിയില്‍ ഉള്ളതെന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്. അതേ സമയം ഈ വിഷയത്തെപ്പറ്റി പരാതിയൊന്നും തന്നെ ആരും നല്‍കിയിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.