സിനിമക്ക് നിയന്ത്രണങ്ങള്‍ ആവശ്യമില്ല: അമര്‍ത്യ ഭട്ടാചാര്യ

0

ഒരു കലയെന്ന നിലയില്‍ സിനിമക്ക് നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് ഒഡിഷയില്‍ നിന്നുള്ള സംവിധായകന്‍ അമര്‍ത്യാ ഭട്ടാചാര്യ പറഞ്ഞു. ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തോടനുബന്ധിച്ച് ടാഗോര്‍ തിയറ്ററില്‍ നടന്ന മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫത്‌വകളും മറ്റും സിനിമക്ക് തടസമാകുന്ന പ്രവണത നല്ലതല്ല. എതൊരു കലയിലുമെന്നതുപോലെ സിനിമക്കും നിയന്ത്രണങ്ങള്‍ പാടില്ല.എന്നാല്‍ മാത്രമേ നല്ല സിനിമകള്‍ ഉണ്ടാകുകയുളളൂ. കിം കി ഡുക്കിന്റെ സിനിമകള്‍ക്ക് ഐഐഎഫ്‌കെയില്‍ ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹിഷ്ണുതയുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയതാണെന്നും കന്നട സിനിമാ സംവിധായകന്‍ ലിംഗ ദേവരു പറഞ്ഞു. നാന്‍ അവന്‍ അല്ലൈ... അവള്‍ എന്ന സിനിമയുടെ സംവിധായകനാണ് ഇദ്ദേഹം. ആവശ്യമെങ്കില്‍ സിനിമക്ക്നിയന്ത്രണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണങ്ങളുണ്ടെങ്കില്‍ മാത്രമേ ക്രിയാത്മകമായി സിനിമകള്‍ ചെയ്യാന്‍ കഴിയുകയുള്ളുവെ്ന്ന ബംഗ്ലാദേശ് സംവിധായകന്‍ അബു ഷാഹിദ് പറഞ്ഞു. പല സിനിമകളും വിദേശത്ത് പ്രശസ്തമായതിന് ശേഷമാണ് സ്വന്തം രാജ്യത്ത് പ്രദര്‍ശനാനുമതി ലഭിച്ചതെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലാല്‍സ് സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകനാണിദ്ദേഹം.

ചടങ്ങില്‍ പങ്കെടുത്ത പ്രശസ്ത മലയാളി സംവിധായകന്‍ ഹരികുമാര്‍, എം.ടി വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കിയ അനുഭവം സദസില്‍ പങ്കുവെച്ചു. എല്ലാവരും പറയുന്നതു പോലെ എംടിയുടെ തിരക്കഥകള്‍ സിനിമയാക്കുന്നത് തനിക്ക് എളുപ്പമായിരുില്ല. സുകൃതം എന്ന സിനിമ ചെയ്യുമ്പോള്‍ താനേറെ മാനസിക സംഘര്‍ഷമനുഭവിച്ചെന്നും എംടിയുടെ തിരക്കഥയുടെ താളം നിലനിര്‍ത്തുക വെല്ലുവിളിയായിരുന്നുവെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരികുമാറിന്റെ പുതിയ ചിത്രമായ കാറ്റും മഴയും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.