വേറിട്ട കാഴ്ചയായി സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര

0

സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെ തുടര്‍ന്നുണ്ടായിട്ടുള്ള അപകടങ്ങള്‍ മാത്രമാണ് സാധാരണയായി കേള്‍ക്കാറ്. എന്നാല്‍ ഒരു കാരുണ്യ പ്രവര്‍ത്തനവുമായി സ്വകാര്യബസ്സുകള്‍ ഇറങ്ങിത്തിരിച്ച കഥ ഇതാദ്യമായാണ്. ആറ്റിങ്ങലില്‍ ബസപകടത്തില്‍ പരിക്കേറ്റ ഐ ടി ഐ വിദ്യാര്‍ത്ഥിനിക്ക് വിദഗ്ദ്ധ ചികിത്സക്ക് പണം സ്വരൂപിക്കാനായാണ് സ്വകാര്യബസുകളുടെ കാരുണ്യയാത്ര. 

മുട്ടപ്പലം പറയന്‍ വിളാകത്ത് ബാബു-അജിത ദമ്പതിമാരുടെ മകള്‍ സംഗീത (18) യെ ജീവിതത്തിലേക്ക്തി രികെക്കൊണ്ടുവരാനാണ് മൂന്ന് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയത്. വര്‍ക്കലആറ്റിങ്ങല്‍ വെഞ്ഞാറമൂട് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന തൗഫീഖ് ബസുകളാണ് ഒരു ദിവസത്തെ കളക്ഷന്‍ ചികിത്സാച്ചെലവിലേക്ക് നല്‍കുന്നത്. തൊഴിലാളികളുടെ വേതനവും ഡീസല്‍ച്ചെലവും മാനേജ്‌മെന്റ് വഹിക്കും. ബസുകളിലെ കളക്ഷന്‍ തുക ചൊവ്വാഴ്ച ചികിത്സാ ധനസഹായമായി കൈമാറും.

നവംബര്‍ 20ന് മാമം പാലത്തില്‍ സ്വകാര്യബസ് മറിഞ്ഞാണ് സംഗീതക്ക് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സംഗീതക്ക് ഇതുവരെ 6.50ലക്ഷം രൂപ ചികിത്സക്ക് ചെലവായി. ഇതില്‍ 4.50 ലക്ഷം ചെമ്മരുതി ഗ്രാമപ്പഞ്ചായത്തും സാന്ത്വനപരിചരണ വിഭാഗവും ജനകീയ കൂട്ടായ്മയൊരുക്കി കണ്ടെത്തിയിരുന്നു. നീണ്ടനാള്‍ കിടത്തി ചികിത്സക്ക് ഇനിയും പണം വേണ്ടിവരും.

നിര്‍ധന കുടുംബത്തിന് ചികിത്സാച്ചെലവുകള്‍ താങ്ങാന്‍ കഴിയില്ല. മകളുടെ ചികിത്സക്ക് വിഷമിക്കുന്ന കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ് തൗഫീഖ് മോട്ടോര്‍സ് ഉടമ മിന്‍ഷാ മനാഫ് സഹായ ഹസ്തം നീട്ടുകയായിരുന്നു. വിവിധയിടങ്ങളില്‍ ബസിന് സ്വീകരണം നല്‍കി. ബസ് യാത്രക്കാരുടെ സഹായം സ്വീകരിക്കാന്‍ ബസിനുള്ളില്‍ പെട്ടി സ്ഥാപിച്ചു. നല്ല പ്രതികരണമാണ് ജനത്തില്‍ നിന്നുണ്ടായത്.