സ്വാമി വിവേകാനന്ദന്‍ വിപ്ലവകാരിയായ ആത്മീയവാദി: മന്ത്രി കെ.ടി. ജലീല്‍

സ്വാമി വിവേകാനന്ദന്‍ വിപ്ലവകാരിയായ ആത്മീയവാദി: മന്ത്രി കെ.ടി. ജലീല്‍

Friday January 27, 2017,

1 min Read

മുപ്പത്തിയൊമ്പതു വര്‍ഷം ജീവിച്ച്, നൂറ്റാണ്ടുകള്‍ കൊണ്ട് ചെയ്തുതീര്‍ക്കാനാവാത്ത കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത വിപ്ലവകാരിയായ ആത്മീയവാദിയും അതുല്യ പ്രതിഭയുമായിരുന്നു് സ്വാമി വിവേകാനന്ദനെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. 

image


സംസ്ഥാന കായിക യുവജന കാര്യാലയം നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദേശീയ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തെ ഇന്നു നാം കാണുന്ന പുരോഗമന കേരളമാക്കി മാറ്റിയതിനു പിന്നില്‍ ഉത്പതിഷ്ണുക്കളായ അനേകം യുവാക്കളുടെ കൂട്ടായ പരിശ്രമമുണ്ട്. ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായ ചിന്താശക്തിയുമുള്ളവരായിരിക്കണം യുവാക്കളെന്നും ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ലെന്നും മന്ത്രി പറഞ്ഞു. വേദങ്ങളും ഖുറാനും ബൈബിളും സമഞ്ജസമായി സമന്വയിച്ച ഒരു ലോകമാണ് വിവേകാനന്ദന്‍ ആഗ്രഹിച്ചിരുന്നത്. വിശ്വാസങ്ങള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും വേദഗ്രന്ഥങ്ങള്‍ക്കിടയിലും സാമ്യമുണ്ടെന്നും മനുഷ്യനുവേണ്ടിയാണ് എല്ലാം എന്നും വിധവയുടെ കണ്ണീരു തുടയ്ക്കാത്തവരും അനാഥന് അന്നം നല്‍കാത്തവരും മനുഷ്യത്വമുള്ളവരല്ല എന്നും അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, കായികയുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം രഞ്ജിത്ത് എം.ആര്‍, രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശങ്കര്‍റാം, രാമകൃഷ്ണ വിവേകാനന്ദ ഭാവ പ്രചാര്‍ പരിഷത്ത് സംസ്ഥാന കണ്‍വീനര്‍ സി.വി. അജിത്ത് കുമാര്‍, കായിക യുവജനകാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബൈജു കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.