കരകൗശല വിരുതിന്റെ കമനീയതയില്‍ തിളങ്ങി നവ്യ അഗര്‍വാള്‍ 

0നമ്മുടെ ഹൃദയത്തിലെ ദിനംപ്രതിയുള്ള മാലിന്യങ്ങളെ വൃത്തിയാക്കുകയാണ് കലയുടെ പ്രധാന ലക്ഷ്യം പാബ്ലോ പിക്കാസോ

ലക്‌നൗവില്‍നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള അധികം വികസിതമല്ലാത്ത തന്റെ ജന്മദേശമായ സീതാപൂരില്‍ 23 വയസ്സുകാരിയായ നവ്യ അഗര്‍വാള്‍ തിരിച്ചെത്തിയത് മനസ്സില്‍ ഉറപ്പിച്ച തീരുമാനത്തോടെയായിരുന്നു. ഒരിക്കലും നഗരങ്ങളിലേക്ക് തിരിച്ചുപോകില്ലെന്നും ആഡംബര ജീവിതം നയിക്കില്ലെന്നുമായിരുന്നു ആ തീരുമാനം. പ്രോഡക്ട് ഡിസൈന്‍ ബിരുദധാരിയായ നവ്യ ഈ ലക്ഷ്യത്തോടെയാണ് 2013 ല്‍ ഐ വാല്യു എവരി ഐഡിയ (ഐവ്‌യി) സ്ഥാപിച്ചത്. എല്ലാ ആശയങ്ങള്‍ക്കും ഈ ലോകത്ത് അതിന്റേതായ ഒരു സ്ഥാനം ലഭിക്കും, ആ ആശയം ശരിയായ രീതിയില്‍ വളര്‍ത്തിയെടുത്താല്‍. ഈ പ്രതീക്ഷയോടെയാണ് ഐവ്‌യി സ്ഥാപനം തുടങ്ങിയത്.

നാലു മരപ്പണിക്കാരെ തിരഞ്ഞെടുത്തു. അവരോട് ചെറിയ പ്രതിമകള്‍ നിര്‍മിക്കാന്‍ പറഞ്ഞു. അവരുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള ശ്രമമായിരുന്നു ഇത്. എന്നാല്‍ അവര്‍ ചെയ്ത ഉല്‍പ്പന്നം കണ്ടപ്പോള്‍ ശരിക്കും ഞാന്‍ അതിശയിച്ചുപോയി. ആധുനിക ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ പരമ്പരാഗത രീതിയിലാണ് അവര്‍ ഓരോന്നും നിര്‍മിച്ചത് ഐവ്‌യി തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് നവ്യ പറഞ്ഞു.

ഇത്രയും കഴിവുണ്ടായിരുന്നിട്ടും ഇപ്പോഴും ഇവര്‍ക്ക് തൊഴിലില്ലാത്തത് എന്തുകൊണ്ടാണെന്നും നവ്യ പറഞ്ഞു.

നഗരങ്ങളില്‍ ഇത്തരം കരകൗശല വസ്തുക്കള്‍ക്കായുള്ള പ്രദര്‍ശനം അധികം നടക്കാറില്ല. അവിടെ നിന്നുമാണ് ഇവര്‍ക്ക് കൂടുതല്‍ വില്‍പനക്കാരെ ലഭിക്കുന്നത്. പണമില്ലാത്തതു കാരണം ഇവര്‍ക്ക് പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനും കഴിയുന്നില്ല. അതിനാല്‍തന്നെ പലരും ഒരേ രീതിയില്‍തന്നെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നു. തുടര്‍ച്ചയായി ഉപഭോക്താക്കളെ ലഭിക്കാത്തതും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണികള്‍ ലഭിക്കാത്തതുമാണ് സീതാപൂരിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി.

ഇന്ത്യന്‍ കരകൗശല വ്യവസായം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ ചെയ്യുന്ന മേഖലയാണിത്. 70 ലക്ഷത്തോളം പേര്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ കരകൗശലപ്പണിക്കാരിലെ ഭൂരിഭാഗവും പിന്നാക്ക സമുദായത്തില്‍നിന്നുള്ളവരാണ്. വികസനം ഒട്ടും എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിലാണ് അവര്‍ ജീവിക്കുന്നത്. അവരുടെ ഉയര്‍ച്ചയ്ക്കും തൊഴില്‍ പരിശീലനത്തിനും വിപണികള്‍ ലഭ്യമാക്കുന്നതിനുമുള്ള സൗകര്യം അവര്‍ക്ക് കിട്ടാറില്ല. കലാകാരന്മാരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനായി നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് മിഷന്റെ കീഴില്‍ സ്‌കില്‍ ഇന്ത്യ മിഷന്‍ എന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്നത് ഏറെ പ്രയോജനകരമായിട്ടുണ്ട്.

ഗ്രാമീണ മേഖലയിലെ കരകൗശല നിര്‍മാണ തൊഴിലാളികളുടെ ഉയര്‍ച്ചയ്ക്കായി ഫാബ് ഇന്ത്യ, മദര്‍ എര്‍ത്ത്, ഡസ്ത്കര്‍ ബസാര്‍ തുടങ്ങി ഏതാനും പേര്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഐവ്!യി പോലുള്ള ചെറിയ സംഘടനകളും തങ്ങള്‍ക്ക് കഴിയുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യമൊട്ടാകെ ചെയ്യുന്നുണ്ട്. ഐട്രോകി, ഗാഥ, ജയ്‌പോര്‍, ക്രാഫ്തിസാല്‍ തുടങ്ങിയ ഇകൊമേഴ്‌സ് കമ്പനികള്‍ കൈത്തൊഴില്‍ക്കാരെയും ശില്‍പികളെയും നഗരങ്ങളിലെ വിപണികള്‍ക്കനുയോജ്യമായ വിധത്തിലുള്ള പുതിയ ഡിസൈനുകള്‍ പരിചയപ്പെടുത്തുകയും അവയുടെ നിര്‍മാണരീതിയകളും പഠിപ്പിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഇകൊമേഴ്‌സ് സംരംഭകരുടെയും നവ്യയെപ്പോലുള്ള സ്ത്രീകളുടെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് കരകൗശല മേഖല ഇന്നും നിലനില്‍ക്കുന്നത്.

പുതിയ നടപടികള്‍, തകര്‍ച്ചകള്‍, പുതിയ പാഠങ്ങള്‍

ചെറിയ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് നവ്യ ആദ്യം തീരുമാനിച്ചത്. 2013 ല്‍ തന്റെ അച്ഛന്റെ കയ്യില്‍നിന്നും കടം വാങ്ങിയ 3,50,000 രൂപ ഉപയോഗിച്ച് ഐ വാല്യു എവരി ഐഡിയ തുടങ്ങി. തുടക്കത്തില്‍ കരകൗശലനിര്‍മാണ രംഗത്തുള്ളവര്‍ സംശയത്തോടെയാണ് നവ്യയെ നോക്കിയത്.

23 വയസുകാരിയായ ഒരു പെണ്‍കുട്ടി അവരെ പഠിപ്പിക്കുക എന്നത് അവര്‍ക്ക് ആദ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവരുടെ നിര്‍മാണശാലകളിലേക്ക് നേരിട്ടു ചെന്നു. അവരുമായി സംസാരിച്ചു. പുതിയ രീതികള്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു. തങ്ങളുടെ കഴിവുകള്‍ സ്വയം മനസിലാക്കിയ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ തയാറായി. ചിലര്‍ എന്റെ അടുത്ത് നേരിട്ടു വന്നു. ഞാനവരെ പഠിപ്പിച്ചു. അവര്‍ എനിക്ക് പ്രത്യുപകാരമായി സൗജന്യമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കി. പുതിയ പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ അവര്‍ ആകാംക്ഷഭരിതരായിരുന്നു നവ്യ പറഞ്ഞു.

12 പേരടങ്ങിയ ചെറിയ ടീമിനെ രൂപീകരിച്ചു. അതില്‍ തടികള്‍ കൊണ്ട് വളകള്‍ നിര്‍മിക്കുന്ന വീട്ടമ്മയും മെഹന്തി ഡിസൈന്‍ ചെയ്യുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ആദ്യമൊക്കെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചതൊന്നും ശരിയായില്ല. പക്ഷേ പതുക്കെ പതുക്കെ അതൊക്കെ മാറി. നല്ല ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ ഇവ എങ്ങനെ വിറ്റഴിക്കുമെന്നായിരുന്നു എനിക്കു മുന്‍പിലുണ്ടായിരുന്ന ഏറ്റവും വലിയ ചോദ്യം.

ആദ്യ വില്‍പനയില്‍നിന്നും 20,000 രൂപയാണ് ലഭിച്ചത്. എനിക്ക് നഷ്ടം ഉണ്ടായി. പക്ഷേ ജനങ്ങളില്‍നിന്നും കിട്ടിയ പ്രതികരണം മികച്ചതായിരുന്നു. അവര്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇഷ്ടപ്പെടുകയും ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഞങ്ങള്‍ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നു ഇതിലൂടെ മനസിലായതായി നവ്യ പറഞ്ഞു.

കുകു ക്രെയ്റ്റ് സ്റ്റാര്‍ട്ടപില്‍ നിന്നാണ് ആദ്യ ഓര്‍ഡര്‍ ലഭിച്ചത്. മിക്കി മൗസിന്റെ രൂപത്തിലുള്ള 100 ക്ലോക്കുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഓരോന്നിനും ഞങ്ങള്‍ക്ക് 100 രൂപ വീതം ചെലവായി. 110 രൂപയ്ക്ക് ഞങ്ങള്‍ ഉല്‍പ്പന്നം വിറ്റു.

വലിയ ഓര്‍ഡറുകള്‍ഡക്ക് ശ്രമിക്കാതിരുന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. കുകു ക്രെയ്റ്റില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചതോടെ ബൗട്ടിക് ഷോപ്പുകള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനിടയില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലെ കടകളില്‍ ഐവ്!യിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വച്ചു. തുടര്‍ന്ന് നിരവധി ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി. 2014 ലാണ് ഐവ്‌യിയുടെ ജീവിത്തെ മാറ്റിമറിച്ച സംഭവമുണ്ടായത്. ഡല്‍ഹി ആസ്ഥാനമായ ഇക്കോസെന്‍സിനായി 500 വൈറ്റ്‌ബോര്‍ഡ് കലണ്ടറുകള്‍ നിര്‍മിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ ഓര്‍ഡറില്‍നിന്നും നല്ല ലാഭം ലഭിച്ചു. ടീമംഗങ്ങള്‍ക്ക് അതു വീതിച്ചു നല്‍കി.

ഇതിനുപിന്നാലെ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളായ ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ആമസോണ്‍ തുടങ്ങിയവ ഐവ്!യിയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തയാറായി മുന്നോട്ടുവന്നു. മാത്രമല്ല വന്‍കിട മുതലാളിമാരില്‍നിന്നും ഐവ്!യിക്ക് ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങി.

ഐവ് യി മുന്നോട്ടുപോകുന്നു

ഇന്നു നവ്യയ്‌ക്കൊപ്പം മുഴുവന്‍ സമയവും ജോലിചെയ്യുന്ന 16 തൊഴിലാളികളുണ്ട്. ഓരോരുത്തരും മണിക്കൂറില്‍ 60 രൂപ വീതം സമ്പാദിക്കുന്നു. മുന്‍പത്തെക്കാളും കൂടുതലാണിത്. മുന്‍പു ഒരു ദിവസം 200 രൂപയായിരുന്നു ഇവരുടെ സമ്പാദ്യം. ഇന്നു നിരവധി വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ആദ്യവര്‍ഷം ഒരു ലക്ഷം രൂപയുടെ വരുമാനം ഉണ്ടായി. കഴിഞ്ഞ വര്‍ഷം 18,00,000 രൂപയുടെ വരുമാനമുണ്ടായി. ഇത്രയും വലിയ തുക മുന്നോട്ടുള്ള യാത്രയ്ക്കും ഐവ്!യിയുടെ സ്വപ്‌നങ്ങളെ സഫലമാക്കാനും സഹായിക്കുമെന്നു നവ്യ പറഞ്ഞു. സീതാപൂരിലെ തന്റെ യാത്രയില്‍നിന്നും പഠിച്ച പാഠങ്ങളും നവ്യ പങ്കുവച്ചു.

ഏതാണോ സ്ഥലം എന്നതു പ്രശ്‌നമല്ല

തുടക്കത്തില്‍ സീതാപൂരില്‍ ഒരു വിപണി കണ്ടെത്തുന്നതെങ്ങനെയെന്നു ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മേഖല ഇതിനുള്ള വഴികാട്ടിയായി. ജനങ്ങള്‍ ഐവ്‌യി പോലുള്ള ചെറിയ സ്ഥാപനങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തയാറായി മുന്നോട്ടുവന്നു. അവര്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു.

ടീമംഗങ്ങളോട് പക്ഷാപാതം കാട്ടരുത്

ഐവ്‌യി പിടിച്ചുനില്‍ക്കും എന്ന ആത്മവിശ്വാസം ലഭിക്കുന്നതുവരെ തൊഴിലാളികളോട് അവരുടെ മറ്റു ജോലികള്‍ കളഞ്ഞ് ഐവ്‌യിക്കുവേണ്ടി മുഴുനീള സമയം ജോലി ചെയ്യണമെന്നു ഞാന്‍ പറഞ്ഞില്ല. അവര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഇടവേളകളില്‍ ഐവ്‌യിലെത്തി. അവര്‍ക്ക് ഇഷ്ടമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു. ചെയ്യുന്ന മണിക്കൂറിനനുസരിച്ച് ഞാനവര്‍ക്ക് പ്രതിഫലം നല്‍കി.

ചില സമയത്ത് ചെറുതും നല്ലതായിരിക്കും.

ഐവ്‌യിയുടെ വളര്‍ച്ച വലുതായതോടെ ചെറിയ രീതിയില്‍ നിര്‍മാണം ഉണ്ടായിരുന്നപ്പോഴുള്ള സന്തോഷം ഞങ്ങള്‍ക്ക് നഷ്ടമായി. ഐവ്‌യിയെ സംബന്ധിച്ചിടത്തോളം ചില സമയത്ത് ചെറുതും നല്ലതാണ്. ഈ തൊഴിലാളികളെ ഇതുപോലെ കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം. എങ്കില്‍ മാത്രമേ അവര്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനും അവരുടെ കുട്ടികളെ പഠിപ്പിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവസരം ലഭിക്കൂ.

ഈ വര്‍ഷം അവസാനമാകുമ്പോള്‍ തന്റെ ടീമിനെ 40 പേരടങ്ങുന്നതായി വികസിപ്പിക്കുകയാണ് നവ്യയുടെ പദ്ധതി. എന്റെ ടീം അവര്‍ ചെയ്യുന്നതെന്താണോ അതില്‍ സന്തോഷിക്കുന്നവരാകണമെന്നു എനിക്ക് നിര്‍ബന്ധമുണ്ട്. അതാണ് തന്നെ സംബന്ധിച്ച് പ്രധാന കാര്യമെന്നും നവ്യ പറഞ്ഞു..