പുതുമയാര്‍ന്ന വനിതാദിനാഘോഷവുമായി വനിതാക്കമ്മീഷന്‍

പുതുമയാര്‍ന്ന വനിതാദിനാഘോഷവുമായി വനിതാക്കമ്മീഷന്‍

Sunday March 06, 2016,

2 min Read


ലോകവനിതാദിനം സംസ്ഥാനത്തുടനീളം ആഘോഷിക്കാന്‍ പ്രത്യേക പരിപാടിയുമായി കേരള വനിതാക്കമ്മിഷന്‍. സാമൂഹിക മാധ്യമങ്ങളില്‍ ചലനം സൃഷ്ടിക്കത്തക്കവിധമുള്ള പരിപാടിയാണ് കമ്മിഷന്‍ ആസൂത്രണം ചെയ്യുന്നത്. ഇക്കൊല്ലത്തെ വനിതാദിനസന്ദേശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ പ്രദര്‍ശിപ്പിച്ച് അതിനുമുന്നില്‍നിന്നു പ്രതിജ്ഞ ചൊല്ലി സെല്‍ഫി എടുത്ത് സാമൂഹികമാധ്യമത്തില്‍ സ്വയം പ്രചരിപ്പിക്കാന്‍ സ്ത്രീപുരുഷപ്രായഭേദമെന്യേ സംസ്ഥാനത്തെ മുഴുവന്‍ മനുഷ്യരോടും കമ്മിഷന്‍ ആഹ്വാനം ചെയ്യുന്നു. മാര്‍ച്ച് എട്ടിനാണു വനിതാദിനം.

image


ഈ വര്‍ഷത്തെ ലോകവനിതാദിനത്തിന്റെ സന്ദേശം 'തുല്യതയ്ക്കായി പ്രതിജ്ഞ ചെയ്യുക' എന്നതാണ്. ദിനാഘോഷം സംഘടിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വനിതാവിഭാഗമായ യുഎന്‍ വിമന്‍ ഇതിനായി നിര്‍ദ്ദേശിക്കുന്ന പരിപാടികളില്‍നിന്നു കമ്മിഷന്‍ രൂപപ്പെടുത്തിയതാണ് സ്വയംപ്രചോദനപരിപാടിയായ ഈ പ്രത്യേക ക്യാമ്പയിന്‍. ഇതിനായി പ്രതിജ്ഞയും കമ്മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ രൂപകല്പന ചെയ്ത പകര്‍പ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും (http://keralawomenscommission.gov.in) ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. ഇവ ഡൗണ്‍ലോഡ് ചെയ്ത് വലുതായി പ്രിന്റ് ചെയ്ത് ഉപയോഗിക്കാം.

image


ആഘോഷത്തിനു കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്ന പരിപാടി ഇങ്ങനെ: ഓഫീസുകളും ഫാക്ടറികളും വ്യാപാരസേവനസ്ഥാപനങ്ങളും വിദ്യാലയങ്ങളും അടക്കമുള്ള എല്ലാ സ്ഥാപനത്തിലും പൊതുസ്ഥലത്തുമെല്ലാം ഈ പ്രതിജ്ഞ വലുതായിയും ഭംഗിയായും പ്രദര്‍ശിപ്പിക്കുക. പ്രതിജ്ഞ ചൊല്ലുന്നവര്‍ക്ക് അതിന്റെ വേണ്ടത്ര ചെറിയ പകര്‍പ്പുകളും നല്‍കണം. വ്യക്തികളുടെയോ സംഘടനകളുടെയോ സ്ഥാപനമേധാവികളുടെയോ ട്രേഡ് യൂണിയനുകളുടെയോ സ്ഥാപനയുടമകളുടെയോ നേതൃത്വത്തില്‍ ഇതു ചെയ്യാം.

അവിടെ വരുന്ന എല്ലാ മനുഷ്യരും പ്രതിജ്ഞാബോര്‍ഡ് പശ്ചാത്തലത്തില്‍ വരുന്നതരത്തില്‍ അതിനു മുന്നില്‍ നിന്ന് പ്രതിജ്ഞ ചൊല്ലുക. അങ്ങനെ ചൊല്ലുന്നതിന്റെ സെല്‍ഫി എടുക്കുക. അല്ലെങ്കില്‍ അവരുടെ ഫോട്ടോ എടുക്കാന്‍ മറ്റുള്ളവര്‍സഹായിക്കുക. സൗകര്യമുള്ള സ്ഥലങ്ങളില്‍ സെല്‍ഫി സ്റ്റാന്‍ഡ് സ്ഥാപിച്ചുകൊടുക്കുകയുമാകാം. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കും വാട്ട്‌സാപ്പും ട്വിറ്ററും പോലുള്ള സാമൂഹികമാദ്ധ്യമങ്ങളില്‍ അടിക്കുറിപ്പോടെ പ്രസിദ്ധപ്പെടുത്തുക. ഒപ്പം അവ പ്രൊഫൈല്‍ച്ചിത്രമാക്കി മാറ്റുക.

സൗകര്യങ്ങള്‍ നേരത്തേ ഒരുക്കിവച്ചാല്‍ വൈകുന്നേരത്തിനകം നിരവധിപ്പേര്‍ക്ക് ഈ ജനമുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ കഴിയും. ഒരേപശ്ചാത്തലത്തിലുള്ള പ്രൊഫൈല്‍ച്ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുമ്പോള്‍ ലോകമാകെ ശ്രദ്ധിക്കുന്ന ഒരു സംഭവമായി അതു മാറും. തുല്യതയുടെ സന്ദേശം ശ്രദ്ധിക്കപ്പെടുകയും ചെയ്യും.


തുല്യതയ്ക്കായി ഞാന്‍ പ്രതിജ്ഞചെയ്യുന്നു

ലോകത്തെ എല്ലാ മേഖലയിലെയും മുന്നേറ്റങ്ങള്‍ സ്ത്രീയുടെകൂടി സംഭാവനയാണ്. എന്നാല്‍ അവള്‍ക്കു തുല്യത നല്‍കാന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല. ഇത് അനീതിയും അപരിഷ്‌ക്കൃതത്വവും ലജ്ജാകരവും ആണെന്നു ഞാന്‍ തിരിച്ചറിയുന്നു. അതെന്നെ വേദനിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് പഠനത്തിലും തൊഴിലിലും അവസരസമത്വവും വേതനത്തില്‍ തുല്യതയും കൊണ്ടുവരും. നേതൃത്വപരമായ സ്ഥാനങ്ങളില്‍ അവര്‍ക്കു തുല്യപങ്കാളിത്തം ഉറപ്പാക്കും. കുടുംബത്തിലും തൊഴിലിടത്തും പൊതുസ്ഥലങ്ങളിലുമെല്ലാം സ്ത്രീക്കു സുരക്ഷിതത്വവും പുരുഷനൊപ്പം അവള്‍ക്കും അവളുടെ അഭിപ്രായങ്ങള്‍ക്കും അംഗീകാരവും സാദ്ധ്യമാക്കും. ഈ ലക്ഷ്യങ്ങള്‍ എന്നും മനസില്‍ സൂക്ഷിക്കുമെന്നും ഇവ നിറവേറുന്നതുവരെ അതിനായി അക്ഷീണം പ്രയത്‌നിക്കുമെന്നും ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

    Share on
    close