കേരളത്തിന്റെ പച്ചക്കറിക്ക് ക്ലീന്‍ചിറ്റ്

0

നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് എന്താണ് ? ഇങ്ങനെയൊരു ചോദ്യമുയര്‍ന്നാല്‍ ജോലി, മികച്ച കുടുംബം, സാമൂഹ്യമായ ആദരവ്, അംഗീകാരം ഉത്തരങ്ങള്‍ പലതും നിങ്ങള്‍ പറഞ്ഞേക്കാം എന്നാല്‍ സത്യം നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് നിങ്ങളുടെ ആരോഗ്യം തന്നെയാണെന്നതാണ്. നിങ്ങള്‍ എത്ര തന്നെ ധനമുണ്ടാക്കിയാലും എത്ര തന്നെ സ്ഥാനമാനങ്ങളിലെത്തിയാലും ആരോഗ്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇതൊന്നും ആസ്വദിക്കാനാകില്ല. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന് അത്യധികം പ്രാധാന്യമുണ്ട്. നമ്മുടെ ജീവിതത്തിലെ നിത്യ സാന്നിധ്യമായ പച്ചക്കറികളിലൂടെയാണ് നാമറിയാതെ തന്നെ ഏറ്റവുമധികം വിഷം നമ്മുടെ ഉള്ളില്‍ ചെല്ലുന്നത്. ഇതിന് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരു പരിഹാരമുണ്ടാവുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷമയമായ പച്ചക്കറികള്‍ കഴിച്ച് നിരാശരാകുന്ന മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. കേരളത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ നിങ്ങള്‍ക്ക് ധൈര്യമായി കഴിക്കാം. കേരളത്തിലെ പച്ചക്കറി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളില്‍ 99 ശതമാനവും ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിട്ടുണ്ട്.

വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബറട്ടറി പ്രൊഫസ്സര്‍ ആന്‍ഡ് ഹെഡ് ഡോ. തോമസ് ബിജു മാത്യൂവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗവേഷക ടീം നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തെളിയിക്കാനായത്. 2015 ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ സംസ്ഥാനത്ത കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പരിശോധിച്ച 210 സാമ്പിളുകളില്‍ 208 എണ്ണവും സേഫ് റ്റു ഈറ്റ് മാനദണ്ഡം നിലനിര്‍ത്തിയതായി പദ്ധതിയുടെ പരിശോധനാ ഫലങ്ങള്‍ കാണിക്കുന്നു.

ജില്ല തിരിച്ചുള്ള കണക്ക് നോക്കിയാല്‍ ജൈവജില്ലയായി പ്രഖ്യാപിച്ച കാസര്‍ഗോഡ് ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച രണ്ട് സാമ്പിളില്‍ വിഷാംശം കണ്ടെത്തിയെങ്കിലും അതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ് എസ് എസ് എ ഐ) പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണ്.

മറ്റ് ജില്ലകളായ ആലപ്പുഴ, പാലക്കാട്, ഇടുക്കി, കൊട്ടാരക്കര എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍, ഇടുക്കി ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച ഒരു സാമ്പിളില്‍ വിഷാംശം കെണ്ടത്തിയെങ്കിലും അതിന് എഫ് എസ് സ് എ ഐ പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷിച്ച ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വിഷാംശം ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നും ശേഖരിച്ച 63 പച്ചക്കറി സാമ്പിളുകളില്‍ ആറ് എണ്ണം മാത്രമാണ് കീടനാശിനി അവശിഷ്ട വിഷാംശം കണ്ടെത്തിയത്. അതില്‍ സേഫ് റ്റു ഈറ്റ് മാനദണ്ഡം ലംഘിച്ചത് രണ്ട് സാമ്പിള്‍ മാത്രമാണ്. പാവല്‍, ചുവപ്പ് ചീര, പയര്‍, സലാഡ് വെള്ളരി, പടവലം എന്നിവയുടെ സാമ്പിളുകളിലാണ് കീടനാശിനി അവശിഷ്ടം കണ്ടെത്തിയത്.

ക്ലോര്‍പൈറിഫോസ്, ഫെന്‍വാലറേറ്റ്, ലാംബ്ഡാ സൈഹാലോത്രിന്‍, സൈപെര്‍മെത്രിന്‍ എന്നീ കീടനാശിനികളാണ് പച്ചക്കറി സാമ്പിളുകളില്‍ കാണപ്പെട്ടത്. പരിധി ലംഘിച്ച സാമ്പിളിന്റെ വിവരങ്ങള്‍ വിപണി അധികൃതരിലൂടെ കര്‍ഷകരെ അറിയിച്ച് കീടനാശിനി പ്രയോഗത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ഉപദേശം നല്‍കിയിട്ടുണ്ടെന്ന് പരിശോധനയ്ക്ക് മേല്‍നോട്ടം നല്‍കുന്ന കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കര്‍ഷകരുടെ പച്ചക്കറി സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് ഉല്‍പന്ന പരിശോധനാ സാക്ഷ്യപത്രം നല്‍കുന്ന പരിപാടി സെഫ്ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി തുടരുകയാണ്.

കൃഷി ഓഫീസറുടെ ശിപാര്‍ശ കത്തുമായി പരിശോധിക്കേണ്ട പച്ചക്കറികളുടെ ഒരു കിലോ സാമ്പിള്‍ വീതം പ്ലാസ്റ്റിക്ക് അല്ലാത്ത ബാഗില്‍ ലേബലിട്ട് വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബറട്ടറിയില്‍ എത്തിച്ച് കൊടുക്കുകയാണെങ്കില്‍ സൗജന്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സമുഹം ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ടത് നല്ലൊരു നാളേക്ക് അത്യാവശ്യമാണ്.