സ്‌കൂള്‍ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം ഊരുട്ടമ്പലത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും

0

ഇക്കൊല്ലത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയന്‍ ഇന്ന് (ജൂണ്‍ ഒന്ന്) നിര്‍വഹിക്കും. ഊരുട്ടമ്പലം യു.പി സ്‌കൂളിലാണ് പരിപാടി. പഠനാവശ്യത്തിനായി മലയാള മണ്ണില്‍ നടന്ന ആദ്യ കലാപരമായ കണ്ടല ലഹളയുടെ ശതാബ്ദി വേളയില്‍ സര്‍വ ശിക്ഷാ അഭിയാന്‍ നിര്‍മ്മിച്ച കണ്ടല ലഹള ശതാബ്ദി സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. വിദ്യാലയ ഗുണമേന്മ ലക്ഷ്യമാക്കിയുളള ജനകീയ വിദ്യാഭ്യാസ മാര്‍ഗരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. 

ഊരുട്ടമ്പലം ഗവ. എല്‍.പി സ്‌കൂളില്‍ ഒന്നാം തരത്തില്‍ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കഥ പറഞ്ഞ് ക്ലാസിലേക്ക് വരവേല്‍ക്കുന്നതോടെയാണ് പ്രവേശനോത്സവം ആരംഭിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കും. ഐ. ടി @ സ്‌കൂള്‍ വിക്ടേഴ്‌സ് ചാനല്‍ ആരംഭിക്കുന്ന 15 വിനോദ സഞ്ചാര വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണോദ്ഘാടനവും നിര്‍വഹിക്കും. 

അധ്യാപകര്‍ക്കായി തയ്യാറാക്കിയ പിന്തുണാ സാമഗ്രിയായ കൈത്തിരിയുടെ പ്രകാശനം ഡോ. എ. സമ്പത്ത് എം.പി നിര്‍വഹിക്കും. കുട്ടികള്‍ക്കായുളള പഠനോപകരണങ്ങള്‍ ഐ.ബി. സതീഷ് എം.എല്‍.എ വിതരണം ചെയ്യും. സ്‌കൂള്‍ ഗ്രാന്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിര്‍വഹിക്കും. എല്ലാ കുട്ടികള്‍ക്കും പഠന മികവ് എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പഠന നേട്ട പ്രസ്താവന കലണ്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, സ്‌കൂള്‍ പി.ടി.എയ്ക്ക് കൈമാറും. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്വാഗതവും, എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ നന്ദിയും പറയും.