അര്‍ബുദത്തിന്റെ കൂട്ടുകാരില്‍ പ്രധാനി ബീഡി തന്നെ എന്ന് തെളിയിച്ച് ആര്‍ സി സി

അര്‍ബുദത്തിന്റെ കൂട്ടുകാരില്‍ പ്രധാനി ബീഡി തന്നെ എന്ന് തെളിയിച്ച് ആര്‍ സി സി

Friday January 15, 2016,

2 min Read


ജീവിത സഖിയെ മാറ്റിയാലും ബീഡിയുടെ ബ്രാന്‍ഡ് മാറ്റാത്ത ആളുകളാണ് മലയാളികള്‍. ന്യൂ ജനറേഷന്‍ സിഗററ്റ് മാത്രമേ ഉപയോഗിക്കൂ എങ്കിലും പഴമക്കാര്‍ക്ക് ഇന്നും ഇഷ്ടം ബീഡി തന്നെ. സ്ഥിരമായി വലിക്കുന്ന ബ്രാന്‍ഡ് കിട്ടിയില്ലെങ്കില്‍ അവര്‍ക്കത് സഹിക്കാനാകില്ല. എന്നാല്‍ പുകയില ഉത്പന്നങ്ങളിലെ ദൂഷ്യവശങ്ങളില്‍ ഏറ്റവും ഭീകരന്‍ ബിഡി തന്നെ. ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളില്‍ അര്‍ബുദത്തിന് കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബീഡി വരുത്തിവെക്കുന്ന മറ്റൊരു ദൂഷ്യം കൂടി കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം ആര്‍ സി സി. ബീഡി ആമാശയാര്‍ബുദത്തിന് കാരണമാകുന്നതായാണ് ആര്‍ സി സിയുടെ പഠന റിപ്പോര്‍ട്ട്. പുകവലിക്കാത്തവരെ അപേക്ഷിച്ച് ബീഡി ഉപഭോക്താക്കള്‍ക്ക് ആമാശയ സംബന്ധ അര്‍ബുദത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് ഗാസ്‌ട്രോ എന്‍ഡറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

image


1990നും 2009നും ഇടയിലുള്ള കാലയളവില്‍ കൊല്ലം ജില്ലയിലെ തീരദേശമേഖലയായ കരുനാഗപ്പള്ളിയില്‍ 30നും 84 വയസ്സിനും ഇടയിലുള്ള 65,553 പുരുഷന്‍മാരെയാണ് പഠന വിധേയരാക്കിയത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ ബിഡി ഉപഭോഗം ആരംഭിച്ചവരില്‍ 1.8 ശതമാനമാണ് ആമാശയ അര്‍ബുദത്തിനുള്ള ആപേക്ഷിക സാധ്യത.

ബീഡിയുടെ എണ്ണത്തേയും ഉപഭോഗ കാലാവധിയേയും ആശ്രയിച്ചാണ് ആമാശയ സംബന്ധിയായ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിക്കുന്നതെന്ന് പുകയില, മദ്യ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും ഇന്ത്യയിലുമുള്ള ആമാശയാര്‍ബുദ സാധ്യത പഠനം സൂചിപ്പിക്കുന്നത്.

image


കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 155 പേരില്‍ പുതുതായി അര്‍ബുദം കണ്ടുവരുന്നുണ്ട്. ആര്‍ സി സിയില്‍ ചികിത്സതേടിയെത്തിയ പുരുഷന്‍മാരില്‍ 42 ശതമാനം അര്‍ബുദത്തിനും കാരണം പുകവലിയാണ്. സ്വാതന്ത്ര്യം ലഭിച്ച കാലഘത്തില്‍ 50 വയസ്സായിരുന്നു മനുഷ്യന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം. ഇപ്പോള്‍ 75 ആയി വര്‍ധിച്ചിരിക്കുന്നു.

നിലവിലെ പഠനം ആമാശയാര്‍ബുദ സാധ്യതയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ആര്‍ സി സി യിലെ ഡോ. പി ജയലക്ഷ്മി പറഞ്ഞു. സാധാരണക്കാര്‍ക്ക് ദുരിതങ്ങളാണ് ബീഡി സമ്മാനിക്കുന്നതെന്നും ഒരിക്കലും ഇത് ആശ്വാസം പ്രദാനം ചെയ്യുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ അര്‍ബുദരോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ പുകയിലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപഭോഗം പ്രധാന കാരണങ്ങളിലൊന്നാണെന്ന നിഗമനത്തെ ഇത് ശക്തിപ്പെടുത്തുന്നതായി ആര്‍ സി സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

പഠനത്തിന്റെ ഭാഗമായി സാമൂഹിക പശ്ചാത്തലം, ജീവിത ശൈലി ഘടകങ്ങള്‍ എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 199097 കാലയളവില്‍ കരുനാഗപ്പള്ളി താലൂക്കിലെ ഓരോ വീടുകളേയും കേന്ദ്രീകരിച്ച് സര്‍വ്വേ നടത്തിയിരുന്നു. സാമൂഹികസാമ്പത്തിക പരിസ്ഥിതി, മതം, വിദ്യാഭ്യാസം, വരുമാനം, തൊഴില്‍, മദ്യപാനപുകവലി ശീലം, ആഹാര ശീലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്ന വിധത്തിലുള്ള ചോദ്യാവലിയാണ് തയ്യാറാക്കിയതെന്നും അവര്‍ വ്യക്തമാക്കി.

തൊഴില്‍ മേഖലകളും ആമാശയാര്‍ബുദ സാധ്യതയും തമ്മില്‍ അഭേദ്യ ബന്ധമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. കര്‍ഷകരിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവരിലുമായി 51 പേരിലും മറ്റു ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 28 പേരിലും ഉള്‍പ്പെടെ പഠനകാലയളവിന്റെ അവസാനത്തോടെ 116 പേരിലാണ് ആമാശയാര്‍ബുദം കണ്ടെത്തിയത്.

കേന്ദ്ര സര്‍ക്കാറിന്റെ ആണവോര്‍ജ്ജ വകുപ്പ്, ജപ്പാനിലെ ഹെല്‍ത്ത് റിസര്‍ച്ച് ഫൗണ്ടേഷന്റേയും വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ ശാസ്ത്ര പഠനങ്ങള്‍ക്കായുള്ള ഗ്രാന്‍ഡ് ഇന്‍ എയ്ഡ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പഠനം.