കെ എം അഭിജിത്ത് കെ എസ് യു പ്രസിഡന്റ്; ജില്ലകളില്‍ മേല്‍ക്കൈ നേടി എ ഗ്രൂപ്പ്

കെ എം അഭിജിത്ത് കെ എസ് യു പ്രസിഡന്റ്; ജില്ലകളില്‍ മേല്‍ക്കൈ നേടി എ ഗ്രൂപ്പ്

Friday March 31, 2017,

2 min Read

കെ എസ് യു സംസ്ഥാന പ്രസിഡന്റായി എ ഗ്രൂപ്പില്‍ നിന്നുള്ള കെ എം അഭിജിത്തിനെ (കോഴിക്കോട്)തിരഞ്ഞെടുത്തു. ഐ ഗ്രൂപ്പ് പ്രതിനിധിയായ വി പി അബ്ദുല്‍ റഷീദ്(കണ്ണൂര്‍) വൈസ് പ്രസിഡന്റായി. ഏറെ സങ്കീര്‍ണതകള്‍ക്കൊടുവില്‍ ഇന്നലെ രാത്രി വൈകി സംഘടനാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2774 വോട്ടുകള്‍ നേടിയാണ് അഭിജിത് അധ്യക്ഷ പദത്തിലേക്കെത്തിയത്. ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായ അബ്ദുല്‍ റഷീദിന് 798 വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റ് പദവിയടക്കം സംസ്ഥാന കമ്മറ്റി ഭാരവാഹികളെയും ദേശീയസമിതി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെണ്ണലാണ് ഇന്നലെ നടന്നത്. ജില്ലാ തല തിരഞ്ഞടുപ്പില്‍ കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 11 സ്ഥാനത്തും എ ഗ്രൂപ്പ് വിജയം നേടി. ഇന്നലെ ജില്ലകളില്‍ ഫലം പുറത്തു വരാനുണ്ടായിരുന്നു മൂന്ന് ജില്ലകളില്‍ പത്തനംതിട്ടയിലും ഇടുക്കിയിലും എ ഗ്രൂപ്പ് വിജയിച്ചു. കണ്ണൂരില്‍ സുധാകരന്റെ സഹായത്തോടെ മത്സരിച്ച വിമത സ്ഥാനാര്‍ഥി വിജയിച്ചു.

image


സംസ്ഥാന കമ്മിറ്റിയില്‍ ആകെയുള്ള 36 പദവികളില്‍ 15 എണ്ണം എ ഗ്രൂപ്പ് നേടിയപ്പോള്‍ 20 സീറ്റുകളില്‍ ഐ ഗ്രൂപ്പ് മുന്നിലെത്തി. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ആറു വൈസ് പ്രസിഡന്റ് പദവിയും ഐ ഗ്രൂപ്പിനാണ്. റഷീദിനെ കൂടാതെ എസ് റിങ്കു, ജഷീര്‍, സ്‌നേഹ ആര്‍ നായര്‍, നിഖില്‍, ശ്രീലാല്‍ എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാര്‍. ജനസെക്രട്ടറി പദവികള്‍ എട്ടെണ്ണം ഐ ഗ്രൂപ്പും അഞ്ചെണ്ണം എ ഗ്രൂപ്പും പങ്കിട്ടെടുത്തു. എ-ഐ ഗ്രൂപ്പ് തിരിഞ്ഞ് നടന്ന വാശിയേറിയ സംഘടാന തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ 40സംസ്ഥാന ഭാരവാഹികളെയും നാല് ദേശീയ സമിതി അംഗങ്ങളേയുമാണ് തിരഞ്ഞെടുത്തത്. ജില്ലാതലത്തില്‍ എ ഗ്രൂപ്പ് ശക്തി തെളിയിച്ചപ്പോള്‍ ഐ ഗ്രൂപ്പിന്റെ പ്രാതിനിധ്യം പേരിനുമാത്രമായി. അഭിരാം പി കെ, ആദര്‍ശ് ഭാര്‍ഗവന്‍, അനു അന്ന ജേക്കബ്, അനു ലോനച്ചല്‍, അരുണ്‍ രാജേന്ദ്രന്‍, അസ്ലം, പി എച്ച്, ബാഹുല്‍ കൃഷ്ണ, എറിക് സ്റ്റീഫന്‍ ലയണല്‍ മാത്യു, മാത്യു ജോണ്‍, മുനീര്‍ സി എം, മേഘ എ , വി ആര്‍ രാംലാല്‍, ടിനു പ്രം, വരുണ്‍ എം കെ എന്നിവരാണ് സംസ്ഥാന സെക്രട്ടറിമാര്‍.

ജനറല്‍ സെക്രട്ടറിമാരായി ഐ ഗ്രൂപ്പിന്റെ അനൂപ് ഇട്ടന്‍, നബീല്‍ നൗഷാദ് അജ്മല്‍, സുഹൈല്‍ അന്‍സാരി, മനീഷ്, പവിജ പദ്മന്‍, അതുല്‍, റോഷിന്‍ എന്നിവരും എ ഗ്രൂപ്പിന്റെ രാഹുല്‍, സുബിന്‍മാത്യു, റംഷാദ്, ജോബി, അഖില്‍രാജ് എന്നിവരും തിരഞ്ഞടുക്കപ്പെട്ടു.

എ, ഐ ഗ്രൂപ്പ് നേതൃത്വം ഉണ്ടാക്കിയ ധാരണകളെല്ലാം അട്ടിമറിച്ചാണ് ജില്ലാതല തിരഞ്ഞെടുപ്പുകള്‍ നടന്നത്. എ ഗ്രൂപ്പിന് എട്ടു ജില്ലകളും ആറു ജില്ലകള്‍ ഐ ഗ്രൂപ്പിനും എന്ന ധാരണയാണ് നേതാക്കള്‍ തമ്മിലുണ്ടായിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഈ ധാരണകളെല്ലാം മാറി മറിഞ്ഞു. ഡി സി സി തിരഞ്ഞെടുപ്പില്‍ പാടേ അവഗണിക്കപ്പെട്ട എ ഗ്രൂപ്പ് കെ എസ് യു തിരഞ്ഞെടുപ്പിനായി ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ച് അംഗത്വവിതരണമടക്കം നടത്തിയപ്പോള്‍ ഐ ഗ്രൂപ്പ് സമവായത്തിലൂന്നി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. മത്സരിച്ചാല്‍ മികച്ച വിജയമുണ്ടാകുമെന്ന് വിശ്വാസമുള്ള ജില്ലകളില്‍ സമവായത്തിന് വഴങ്ങാതെ എ ഗ്രൂപ്പ് നേരിട്ടുള്ള മത്സരമാണ് നടത്തിയത്. 14 ജില്ലകളുടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. ഐ ഗ്രൂപ്പിന്റെ പക്കലുണ്ടായിരുന്ന കാസര്‍ഗോഡ്, വയനാട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകള്‍ എ ഗ്രൂപ്പ് പിടിച്ചെടുത്തു.കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകള്‍ നിലനിര്‍ത്തുകയും ചെയ്തു. അതേസമയം എ ഗ്രൂപ്പിന് ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പുള്ള തിരുവനന്തപുരത്ത് ഐ ഗ്രൂപ്പ് നേടിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. തൃശൂരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിനും വി എം സുധീരനും ഒപ്പമുള്ളവരുടെ പിന്തുണയോടെയാണ് ഐ ഗ്രൂപ്പ് വിമതന്‍ വിജയിച്ചത്. ഏറ്റവുമൊടുവില്‍ ഫലം പുറത്തു വരാനുണ്ടായിരുന്ന ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എ ഗ്രൂപ്പ് വിജയിച്ചതോടെ സംഘടനാ നേതൃത്വത്തില്‍ എ ഗ്രൂപ്പ് ആധിപത്യം പുലര്‍ത്തുകയായിരുന്നു.