ഇരുപതിന്റെ നേട്ടം ടാഗോര്‍ തിയേറ്റര്‍ നല്‍കുന്ന ശാന്തി

ഇരുപതിന്റെ നേട്ടം

ടാഗോര്‍ തിയേറ്റര്‍ നല്‍കുന്ന ശാന്തി

Tuesday December 08, 2015,

2 min Read

കൈരളി തിയേറ്ററിന്റെ പടിക്കെട്ടുകളിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂട്ടംകൂടലും കുത്തിയിരിപ്പുമൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ടാഗോര്‍ തിയേറ്ററിന്റെ വിശാലവും ശാന്തസുന്ദരമായ അന്തരീക്ഷത്തെ ഒരു മേള കൊണ്ടുതന്നെ പലരും ഇഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇത്തവണ പ്രതിനിധികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കൈരളി തിയേറ്ററായിരുന്നു ഇരുപതാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായിരുന്നെങ്കില്‍ വല്ലാത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടേനെ എന്ന് പല പ്രതിനിധികളും ചൂണ്ടിക്കാട്ടി. 

image


ടാഗോര്‍ തിയേറ്റര്‍ ഒരു രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാനവേദിയാകാന്‍ തീര്‍ത്തും അനുയോജ്യം തന്നെയെന്ന് അവര്‍ പറഞ്ഞു. ഇരിക്കാനും വിശ്രമിക്കാനും ഇഷ്ടംപോലെ സ്ഥലം. പാര്‍ക്കിംഗിനും വേണ്ടുവോളം ഇടമുണ്ട്. തിയേറ്റര്‍ വളപ്പിനു പുറത്താണെങ്കില്‍ വീതിയുള്ള റോഡ്, ഭക്ഷണത്തിന് ധാരാളം ഹോട്ടലുകള്‍..എന്നിങ്ങനെ ടാഗോര്‍ തിയേറ്ററിന്റെ നിരവധി മെച്ചങ്ങള്‍ അവര്‍ നിരത്തുന്നു. പല മേളകളിലൂടെയാണ് കൈരളിയെ ഇഷ്ടപ്പെട്ടതെങ്കില്‍ ഒരു മേള കൊണ്ടുതന്നെ ടാഗോര്‍ ഏവരെയും ആകര്‍ഷിച്ചിരിക്കുന്നു. എട്ടുവര്‍ഷമായി ഐഎഫ്എഫ്‌കെയ്ക്ക് സ്ഥിരമായെത്താറുണ്ടെന്നു പറഞ്ഞ എം.വി.സൂരജിന് ഇത്തവണ ഡെലിഗേറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചെന്നുപറഞ്ഞപ്പോള്‍ അല്പം ആശങ്കയുണ്ടായിരുന്നു. പക്ഷേ സ്ഥലപരിമതി അനുഭവപ്പെടാതിരിക്കാനുള്ള പ്രധാന കാരണം ടാഗോര്‍ തിയേറ്ററാണെന്ന് സൂരജ് ചൂണ്ടിക്കാട്ടി. കൂടിയിരിക്കാനും സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ടാഗോര്‍ തിയേറ്റര്‍ ഇഷ്ടംപോലെ സ്ഥലം തരുന്നുണ്ടെന്ന് ഡെലിഗേറ്റായ സുദേവ് കൃഷ്ണ പറഞ്ഞു. സിനിമയില്‍ താല്പര്യമുള്ളവര്‍ ഒത്തുകൂടുന്ന വേദിയാണ് ചലച്ചിത്രമേളകള്‍. അങ്ങനെയുള്ളവര്‍ക്ക് അനുയോജ്യമായ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ടെന്ന് സുദേവ് ചൂണ്ടിക്കാട്ടി. ടാഗോര്‍ ഹാളിലെ പ്രദര്‍ശനവേദി പരിഷ്‌കരിച്ച് ആധുനികമാക്കി. 380 ചതുരശ്രമീറ്ററില്‍ 900 പേരെ ഉള്‍ക്കൊള്ളാനാവും. ടുകെ പ്രൊജക്ഷനോടെ സിനിമ കാണാനാവും. കൈരളി തിയേറ്ററില്‍ പാര്‍ക്കിംഗ് വല്ലാത്ത പ്രശ്‌നമാണെന്ന് സിനിമാ നിര്‍മാതാക്കളുടെ അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. ടാഗോള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതുകൊണ്ട് പുറത്ത് വലിയ ബഹളമില്ല. കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ഇനിയും ഏറെ അവസരമുണ്ട്. അധികൃതര്‍ അത് ചെയ്യണമെന്ന് സുരേഷ്‌കുമാര്‍ നിര്‍ദ്ദേശിച്ചു. തിങ്ങിക്കൂടുന്ന പ്രേക്ഷകര്‍ കാരണം ഇത്രയും കാലം പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന് മേളയിലെ പ്രതിനിധി കൂടിയായ ഗ്രാമവികസന കമ്മീഷണര്‍ കെ.വി.മോഹന്‍കുമാര്‍ പറഞ്ഞു. നഗരമധ്യത്തിലാണെങ്കില്‍ പോലും ടാഗോര്‍ തിയേറ്ററിന് ഈ പ്രശ്‌നമില്ല. 

image


ടാഗോര്‍ തന്നെയായിരിക്കണം മേളയുടെ പ്രധാനവേദിയെന്ന് മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടി. മേളയുടെ അവിഭാജ്യഘടകങ്ങളായ മീറ്റ് ദ ഡയറക്ടര്‍, മീറ്റ് ദ പ്രസ്, ഓപ്പണ്‍ ഫോറം എന്നിവയും സാംസ്‌കാരിക പരിപാടികളും ടാഗോര്‍ വളപ്പില്‍ സുഗമമായിതന്നെ നടക്കുന്നുണ്ട്. സൗകര്യങ്ങള്‍ ഏറെയുള്ള ടാഗോര്‍ വളപ്പിലേക്ക് പ്രധാനവേദി മാറ്റി ആള്‍ക്കൂട്ടത്തെ മാനേജ് ചെയ്യാന്‍ ചലച്ചിത്ര അക്കാദമിക്ക് ഇത്തവണ കഴിഞ്ഞെങ്കിലും കൈരളിയിലെ ആള്‍ക്കൂട്ടവും തിക്കുംതിക്കും കൈമോശം വന്നതുപോലെ തോന്നുന്നുവെന്നാണ് സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്റെ പക്ഷം.