നാടകത്തിലൂടെ വേറിട്ട പാത തുറന്ന് കുരുന്നുകള്‍

നാടകത്തിലൂടെ വേറിട്ട പാത തുറന്ന് കുരുന്നുകള്‍

Friday March 04, 2016,

1 min Read


നാടകം ഇവര്‍ക്കൊരു ഇനം മാത്രമല്ല, നന്മയുടെ പാതകൂടിയാണ്‌. നാവായിക്കുളം വെട്ടിയറ ഗ്രാമിക നാടകപഠന ഗവേഷണ സംഘത്തിലെ കുരുന്നുകളാണ് നാടകത്തിലൂടെ നല്ല സന്ദേശങ്ങള്‍ സമൂഹത്തിന് കൈമാറുന്നത്. സഹജീവികളോട് കാണിക്കേണ്ട കരുണയും സ്‌നേഹവും ജനഹൃദയങ്ങളിലേക്കെത്തിക്കാനാണ് ഇവര്‍ പ്രധാനമായും നാടകത്തിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ നാലുവര്‍ഷമായി ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥനം നേടിയത് ഇവരാണ്. നാടകസംഘത്തിലെ സ്‌നേഹ ജയന്‍, നവമി പ്രദീപ്, അഞ്ജന, രുദ്ര, ഹേമന്ദ്ദാസ്, വര്‍ണ വിജയന്‍, അര്‍ജുന്‍, സ്വരാജ്, ദേവനാരായണന്‍, അനുരാഗ് എന്നിവര്‍ നാവായിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥികളാണ്.

സംഘത്തിലെ സ്വരാജ് ബി എം ആകട്ടെ കഴിഞ്ഞ മൂന്നുവട്ടവും ജില്ലാ കലോത്സവത്തിലെ മികച്ചനടനുമാണ്. കുമുദാംശുമരത്തിന്റെ ഒരു പൂവ്, പെണങ്ങുണ്ണി, എലിയും പൂച്ചയും, വര്‍ണപ്പെട്ടി അഥവാ കാലിഡോസ്‌കോപ് എന്നിങ്ങനെ പ്രേക്ഷകരില്‍ ചിരിയും ചിന്തയും വ്യസനവുമുണര്‍ത്തുന്ന നാല് നാടകം ഇവര്‍ രംഗത്തവതരിപ്പിച്ചുകഴിഞ്ഞു.

image


എന്നാല്‍ മത്സര ഇനമായി മാത്രമല്ല ഇവര്‍ നാടകത്തെ കാണുന്നത്. ഇവരിലെ പ്രതിഭ കണക്കാക്കിതന്നെയാണ് ഇവര്‍ക്ക് എല്ലാ വര്‍ഷവും സമ്മാനം ലഭിക്കുന്നത്. അതില്‍ അവര്‍ക്ക് സന്തോഷവും ഉണ്ട്. എന്നാല്‍ അതിലുപരി തങ്ങളുടെ നാടകത്തിലൂടെ ഒരു നല്ലസന്ദേശം സമൂഹത്തിലെത്തിക്കാന്‍ കഴിയണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. നാടകം കണ്ട് ഒരാളെങ്കിലും നേരായ വഴിക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അതാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്രവും വലിയ സമാമനം എന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സ്‌കൂള്‍ പി ടി എയുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും ഇവര്‍ക്ക് മുതല്‍ക്കൂട്ടായുണ്ട്.

വര്‍ണപ്പെട്ടി അഥവാ കാലിഡോസ്‌കോപ് ഇത്തവണത്തെ സൂര്യാ നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവെല്ലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എഴുപതിലധികം വേദിയിലായി നാടകം അവതരിപ്പിച്ച ഈ സംഘത്തിലെ മിക്കവരും സിനിമ, ഷോര്‍ട്ട് ഫിലിം എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

നാവായിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും ഗ്രാമികയുടെ ചെയര്‍മാനുമായ ബൈജു എന്‍ ഗ്രാമികയുടെയും ഡയറക്ടര്‍ റെജു ശിവദാസ് ഗ്രാമികയുടെയും നേതൃത്വത്തിലാണ് നാടകസംഘം പ്രവര്‍ത്തിക്കുന്നത്.