മെഡിക്കല്‍ കോളേജിലെ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

മെഡിക്കല്‍ കോളേജിലെ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

Thursday March 30, 2017,

1 min Read

മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ പുതിയ കമ്മ്യൂണിറ്റി ഫാര്‍മസി കൗണ്ടര്‍, പുതിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എം.ആര്‍ഐ., സി.ടി. സംവിധാനം എന്നിവയുടെ ഉദ്ഘാടനം 31-ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അത്യാഹിത വിഭാഗത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഉദ്ഘാടന യോഗം സര്‍ജറി ലക്ചര്‍ ഹാളില്‍ നടക്കും.

image


പുതിയ കമ്മ്യൂണിറ്റി ഫാര്‍മസി കൗണ്ടര്‍

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും മരുന്നുകള്‍ വാങ്ങാനായി പലപ്പോഴും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. റോഡിന് മറുവശത്തുള്ള ഫാര്‍മസിയില്‍ പോയാണ് മരുന്നു വാങ്ങിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് കമ്മ്യൂണിറ്റി ഫാര്‍മസി കൗണ്ടര്‍ സ്ഥാപിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഫാര്‍മസി മെഡിസിന്‍ വിഭാഗത്തിനും സര്‍ജറി വിഭാഗത്തിനും ഇടയ്ക്കാണ് സ്ഥാപിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗത്തില്‍ നിലവിലുള്ള ആശുപത്രി ഫാര്‍മസിക്ക് പുറമേയാണ് പുതിയ ഫാര്‍മസി സ്ഥാപിച്ചത്.

പുതിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്

അത്യാഹിത വിഭാഗത്തില്‍ സര്‍ജറി വിഭാഗത്തിന് സമീപമായി പുതിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സംവിധാനം സ്ഥാപിച്ചു. അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗികള്‍ക്ക് സമയം പാഴാക്കാതെ തന്നെ സ്‌കാനിംഗ് എടുക്കാന്‍ കഴിയും. അപകടം പറ്റി വരുന്ന രോഗികളുടെ വയറ്, നെഞ്ച് എന്നിവിടങ്ങളിലെ രക്തവാര്‍ച്ചയും ശ്വാസകോശം, ഹൃദയം എന്നിവയുടെ അവസ്ഥയും വളരെ കൃത്യമായറിയാന്‍ ഈ സ്‌കാനിംഗിലൂടെ കഴിയുന്നു. കഴിഞ്ഞ ഒരാഴ്ചയായി 250 ഡോക്ടര്‍മാര്‍ക്കും പി.ജി. ഡോക്ടര്‍മാര്‍ക്കും ഇതിനുള്ള വിദഗ്ധ പരിശീലനവും നല്‍കിയിരുന്നു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എം.ആര്‍ഐ., സി.ടി. സ്‌കാനിംഗ് സംവിധാനം

നിലവില്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സി.ടി., എം.ആര്‍.ഐ. സ്‌കാനിംഗ് സംവിധാനം 24 മണിക്കൂറാക്കുന്നു. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സ്‌കാനിംഗിനായി വളരെയേറെ കാത്തിരിക്കുന്ന രോഗികള്‍ക്ക് ഇത് വലിയൊരനുഗ്രഹമാകും.