'മെഡിക്കോ' ഡോക്ടര്‍ ഒരു ക്ലിക്ക് അകലെ

0

നമ്മളില്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് ഒരു അസുഖം ഉണ്ടായാല്‍ എന്ത് ചെയ്യും? ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും. എന്നാല്‍ ആ രോഗത്തിനുള്ള വിദഗ്ധ ഡോക്ടറുടെ സേവനം അവിടെ ലഭ്യമല്ലെങ്കിലോ? ഡോക്ടര്‍മാരുള്ള ആശുപത്രികള്‍ തേടി നടക്കും. എന്നാല്‍ ഇനി ഇതൊന്നും വേണ്ട. ഒറ്റ ക്ലിക്ക് മതി നിങ്ങളുടെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളും അവിടങ്ങളില്‍ ലഭ്യമാകുന്ന ചികിത്സകളും അടുത്തുള്ള ഫാര്‍മസികളും എന്നുവേണ്ട ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ലഭിക്കും. ആരോഗ്യ രംഗത്ത് തന്നെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ സംരംഭത്തിന് പിന്നില്‍ മെഡിക്കോ എന്ന സ്ഥാപനമാണ്.

ആരോഗ്യമേഖലയില്‍ നിരവധി സ്ഥാപനങ്ങളും നേട്ടങ്ങളും ഉണ്ടാകുന്നെങ്കിലും പലര്‍ക്കും സേവനങ്ങള്‍ ലഭിക്കുന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയില്ല. ഈ അവസരത്തിലാണ് ശ്രീവല്‍സന്‍ മേനോനും രമണ്‍ ശുക്ലയും ചേര്‍ന്ന് മെഡിക്കോ എന്ന സ്ഥാപനം തുടങ്ങിയത്. ആവശ്യക്കാരെ ആശുപത്രികളുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്. ആശുപത്രികളെ മാത്രമല്ല ഡയഗ്‌നോസ്റ്റിക് സെന്ററുകളുമായും ഫാര്‍മസികളുമായും സുഖചികിത്സാ കേന്ദ്രങ്ങളുമായുമെല്ലാം ഇവരെ ബന്ധിപ്പിക്കുന്നു.

ശ്രീവല്‍സന്‍ 20 വര്‍ഷമായി ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ അവസാനത്തെ അസൈന്‍മെന്റ് ഐ ബി എമ്മില്‍ ആയിരുന്നു. സ്ഥാപനത്തിന്റെ രാജ്യത്തിന്റെ തന്നെ തലവന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന് ആഴ്ചയില്‍ നാലു ദിവസം വരെ യാത്ര ചെയ്യേണ്ടതായി വരാറുണ്ടായിരുന്നു. സ്ഥിരമായ ഈ യാത്ര തന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് ശ്രീവല്‍സന്‍ മനസിലാക്കി. ഒരിക്കല്‍ മുംബൈയില്‍വെച്ച് തനിക്ക് ഒര്യാവശ്യം വന്നപ്പോള്‍ അവസാന നിമിഷത്തിലും മരുന്നുകളൊന്നും ലഭിച്ചില്ല. ശരിയായ വിവര സാങ്കേതിക സംവിധാനങ്ങളില്ലാത്തതാണ് മരുന്നുകള്‍ കിട്ടാത്തതിന് കാരണമെന്ന് ശ്രീവല്‍സന്‍ പറയുന്നു. അതില്‍നിന്നാണ് ആരോഗ്യ മേഖലയിലെ സേവനങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് കൃത്യമായ അറിവ് ലഭിക്കുന്ന തരത്തില്‍ ഒരു സംവിധാനം തുടങ്ങണമെന്ന ആശയമുദിച്ചത്.

രമേശ് ശുക്ലയും ശ്രീവല്‍സനും മൂന്ന് വര്‍ഷമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം രമേശിന് ഉണ്ടായിരുന്നു. ഒരിക്കല്‍ തന്റെ സുഹൃത്തിന്റെ മാതാപിതാക്കള്‍ക്ക് വിദഗ്ധ ചികിത്സിക്കാത്തതിന്റെ ബുദ്ധിമുട്ട് അദ്ദേഹം നേരിട്ടറിഞ്ഞിട്ടുണ്ട്. അങ്ങനെ ശ്രീവല്‍സന് രമേശില്‍നിന്നും പിന്തുണ ലഭിക്കുകയായിരുന്നു.

ഇന്ത്യയില്‍ ഹെല്‍ത്ത് കെയര്‍മാര്‍ക്കറ്റ് 2020 ല്‍ 280 ബില്യന്‍ ഡോളറിലേക്കെത്തുമെന്നാണ് ഇരുവരും പറയുന്നത്. ഇപ്പോള്‍ അത് 100 ബില്യന്‍ ഡോളര്‍ എത്തിയിട്ടുണ്ട്. മെഡിക്കോ ഇപ്പോള്‍ ബംഗലൂരുവിലാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല 1500ല്‍ അധികം ഹെല്‍ത്ത് സര്‍വീസുകളെക്കുറിച്ച് മെഡിക്കോ വിവരം നല്‍കുന്നുണ്ട്.

2015 ഒക്ടോബറിലാണ് മെഡിക്കോ ആരംഭിച്ചത്. വെബ്‌സൈറ്റിലൂടെ മാത്രം 800 പേര്‍ മെഡിക്കോയുടെ സേവനം തേടുന്നുണ്ട്. മാത്രമല്ല 12000 പേരാണ് പേജ് നോക്കുന്നത്. 200 പേര്‍ ഇവരുടെ സേവനം തേടാന്‍ മൊബൈല്‍ ആപ്ലിക്കേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര പേര്‍ പേജ് നോക്കുന്നുണ്ട്, ഡീല്‍ഡ് മാര്‍ജിന്‍, ക്യാമ്പയിനുകള്‍ എന്നിവയിലൂടെയാണ് മെഡിക്കോ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വരുമാനം കണ്ടെത്തുന്നത്.

2016 ആദ്യത്തോടെ 20 നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് ഭാഷക്ക് പുറമേ തദ്ദേശീയ ഭാഷകളിലും സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും.

ഈവര്‍ഷം അവസാനത്തോടെ 5000 കസ്റ്റമേഴ്‌സിനെയാണ് മെഡിക്കോ ലക്ഷ്യമിടുന്നത്. ഡിസംബര്‍ ആദ്യത്തോടെ മെഡിക്കോക്കുവേണ്ടി ആപ്ലിക്കേഷന്‍ തയ്യാറാകും. ഇതിന് സി എം എസ് കമ്പ്യൂട്ടര്‍ ലിമിറ്റഡ് സി ഇ ഒ അനില്‍ മേനോന്റെ സഹായം തേടിയിട്ടുണ്ട്. 2017ഓടെ 2012 ബില്യന്‍ ഡോളറാണ് ലക്ഷ്യമിടുന്നത്.

വരുമാനത്തിന്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലും ഇന്ന് രാജ്യത്ത് ഒന്നാമത് നില്‍ക്കുന്നത് ആരോഗ്യ മേഖലയാണ്. ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഇന്ത്യയും ജപ്പാനുമാണ് കൂടുതല്‍ ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനുകള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ 1000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിരക്കിലാണ് വൈദ്യസേവനം ലഭ്യമാകുന്നത്.