സെക്രട്ടേറിയറ്റ് ഇനി വൈഫൈയുടെ വലയത്തില്‍

0


സംസ്ഥാനത്തിന്റെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റും ഇനി വൈ ഫൈയുടെ കീഴില്‍. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല സന്ദര്‍ശകര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ പബ്ലിക് വൈ ഫൈയാണ് സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന വൈവിധ്യമാര്‍ന്ന ഇ-ഗവേണന്‍സ് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് വൈ ഫൈ ലഭ്യമാക്കിയത്.

സംസ്ഥാന ഐ. ടി മിഷനാണ് പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. വൈ ഫൈ സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റില്‍ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് പബ്ലിക് വൈ-ഫൈ പദ്ധതി നിലവില്‍ വരുന്നതോടുകൂടി സെക്രട്ടേറിയറ്റിലെ സന്ദര്‍ശകരായ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം തികച്ചും സൗജന്യമായി ലഭ്യമാകും. സെക്രട്ടേറിയറ്റില്‍ ദിനംപ്രതി വന്നുപോകുന്ന നൂറു കണക്കിന് സന്ദര്‍ശകര്‍ക്ക് ഇത് ഏറെ സഹായകമാകും.

സെക്രട്ടേറിയറ്റിലെ സന്ദര്‍ശകരായ പൊതുജനങ്ങള്‍ക്ക് ഈ പബ്ലിക് വൈ-ഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ് എന്നിവയിലൂടെ സെക്രട്ടേറിയറ്റ് പരിസരത്തു നിന്നുതന്നെ അവരുടെ ഫയലിന്റെയും സമര്‍പ്പിച്ചിരിക്കുന്ന പരാതികളുടെയും നിജസ്ഥിതി, ഫയല്‍ നീക്കം തുടങ്ങിയവ യാതൊരു ചെലവും കൂടാതെ അറിയാന്‍ സാധിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്.

സൗജന്യ വൈ ഫൈ ലഭ്യമാകുന്ന തരത്തില്‍ സര്‍ക്കാര്‍ ചെലവില്‍ നിന്ന് തലസ്ഥാനത്ത് ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിച്ചിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ സംരംഭങ്ങളുമായി സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.