പോളിഷ് ചലച്ചിത്രമേളയില്‍ കേരള ടൂറിസത്തിന് നാല് രാജ്യാന്തര പുരസ്‌കാരങ്ങള്‍

പോളിഷ് ചലച്ചിത്രമേളയില്‍ കേരള ടൂറിസത്തിന്

നാല് രാജ്യാന്തര പുരസ്‌കാരങ്ങള്‍

Monday June 20, 2016,

2 min Read

വിനോദസഞ്ചാരം, കല, പരിസ്ഥിതി എന്നീ പ്രമേയങ്ങളിലൂന്നി നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളയായ ഫിലിംഎടിയില്‍ കേരള ടൂറിസത്തിന് നാല് പുരസ്‌കാരങ്ങള്‍. കേരള ടൂറിസത്തിനുവേണ്ടി 'ന്യൂ വേള്‍ഡ്‌ഡേ' എന്ന പേരില്‍ തയാറാക്കിയ പ്രചാരണ ചിത്രപരമ്പരക്കും അതിലെ മൂന്നു ലഘുചിത്രങ്ങള്‍ക്കുമാണ് പോളണ്ടിലെ ലുബ്ലിനില്‍ നടന്ന ഫിലിംഎടി പതിനൊന്നാം പതിപ്പില്‍ ഈ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മൂന്നു പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത് ഉത്തരവാദിത്ത ടൂറിസം പ്രചാരണത്തിനാണ്. ഉത്തരവാദിത്ത ടൂറിസത്തിന് കേരളം നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമായി ഏറ്റവും മികച്ച സാമൂഹിക പ്രചാരണത്തിനുള്ള പുരസ്‌കാരം ന്യൂ വേള്‍ഡ്‌സിലൂടെ കേരള ടൂറിസത്തിനു ലഭിച്ചു.

image


ഈ പരമ്പരയിലെ സോയിംഗ് ദ സീഡ്‌സ് ഓഫ് നേച്ചര്‍ എന്ന ചിത്രം പരിസ്ഥിതി സംരക്ഷണത്തിനും എ ടെയ്സ്റ്റ് ഓഫ് ലൈഫ് എന്ന ചിത്രം ഭക്ഷണ രീതികള്‍ക്കുള്ള ഇക്കോ ഫുഡ് വിഭാഗത്തിലും ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ് ഓഫ് കേരള എന്ന ചിത്രം മികച്ച ചിത്രസംയോജനത്തിനുമുള്ള അവാര്‍ഡുകളാണ് നേടിയെടുത്തത്. ടൂറിസം ചലച്ചിത്ര മേളകളുടെ അന്താരാഷ്ട്ര സമിതി (സി ഐ എഫ് എഫ് ടി)യുമായി ബന്ധപ്പെടുത്തി നടത്തുന്ന ഫിലിംഎടി യില്‍ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത് ഓസ്‌കാര്‍ ജേതാക്കളായ ചലച്ചിത്ര പ്രവര്‍ത്തകരും പ്രമുഖ രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയവരും ടൂറിസം, കല, സംസ്‌കാരം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമാണ്. 

image


 രാജ്യാന്തര പ്രശസ്തമായ ഒരു ചലച്ചിത്രമേളയില്‍ നാല് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുക എന്നത് സുപ്രധാനമായ നേട്ടമാണ്. വ്യക്തമാക്കി. പരിസ്ഥിതിയെ മനസില്‍ സൂക്ഷിച്ച് ജനങ്ങളുടെ താത്പര്യങ്ങള്‍ കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെ കേരളത്തിന്റെ സാധ്യതകള്‍ രാജ്യാന്തര തലത്തില്‍ എത്തിക്കാന്‍ കാണിച്ച അര്‍പ്പണ ബോധത്തിനുള്ള പ്രതിഫലമാണ് ഈ പുരസ്‌കാര ലബ്ധി. ദൈവത്തിന്റെ സ്വന്തം നാടെന്ന അനന്യമായ ബോധവല്‍കരണത്തിലൂന്നി കേരളത്തെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനമാക്കി അവതരിപ്പിക്കുന്ന പ്രചാരണപരിപാടികള്‍ക്ക് കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയെടുക്കാനാവുമെന്നും  സംസ്ഥാന ടൂറിസം മന്ത്രി എ.സി മൊയ്തീന്‍ വിലയിരുത്തി. 

image


യഥാര്‍ഥ മനുഷ്യരെയും നാടന്‍ ഭക്ഷണവും തനതു സാംസ്‌കാരിക പരിപാടികളും ആസ്വദിക്കുന്ന വിനോസഞ്ചാരികളെയും കഥാപാത്രങ്ങളാക്കി തയാറാക്കിയ ന്യൂ വേള്‍ഡ്‌സ് വിവരിക്കുന്നത്, കേരളത്തിലെത്തുമ്പോള്‍ സഞ്ചാരികള്‍ക്കു അനുഭവ വേദ്യമാകുന്ന ഒരു നവലോകത്തെയാണ്. ജനജീവിതത്തില്‍ പുതിയ അധ്യായങ്ങള്‍ രചിച്ച ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രങ്ങളെന്നും ടൂറിസം പ്രചാരണ പരിപാടിയുടെ ആത്മാവും കാതലുമായി ഇവ മാറിയിരിക്കുകയാണെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു വി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം പ്രചാരണ പരിപാടി അഭംഗുരം വിജയകരമായി തുടരുകയാണ്. വിനോദ സഞ്ചാരികള്‍ക്കും പ്രാദേശിക ജനവിഭാഗങ്ങള്‍ക്കും നമ്മുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും പരിസ്ഥിതിക്കുമെല്ലാം അത് വേണ്ടപ്പെട്ടതാണെന്ന് അതിലൂടെ ബോധ്യപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

image


പരമ്പരാഗത രീതികളും പുത്തന്‍ സീമകളും അവസരങ്ങളുമെല്ലാം സന്തുലിതമാക്കി സുസ്ഥിരമായ വിനോദസഞ്ചാരത്തിലേയ്ക്കുള്ള പാതയൊരുക്കുന്നതിനുള്ള പാഠമാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു. പുതുമയും പഴമയും വിദഗ്ധമായി കോര്‍ത്തെടുത്ത് അവതരിപ്പിച്ചതുകൊണ്ടാണ് ഉത്തരവാദിത്ത ടൂറിസം പ്രചാരണം തുടര്‍ച്ചയായി വിജയം കൊയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള ടൂറിസത്തിന്റെ ക്രിയേറ്റീവ്ബ്രാന്‍ഡ് മാനേജ്‌മെന്റ് ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സാണ് ഈ മികച്ച ഉത്തരവാദിത്ത ടൂറിസം പ്രചാരണ പരിപാടിയുടെ ഊഷ്മളത അതേപടി പകര്‍ത്തുന്ന ചിത്രങ്ങളുടെ ആശയങ്ങള്‍ക്കും തിരക്കഥയ്ക്കും രൂപം നല്‍കിയത്. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അന്‍വര്‍ റഷീദാണ് ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. 2014ല്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി തലേബ് റിഫായ് അന്താരാഷ്ട്രതലത്തില്‍ പ്രകാശനം നിര്‍വഹിച്ച ന്യൂ വേള്‍ഡ്‌സ് ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടൂറിസം പ്രചാരണത്തിനുള്ള ഓസ്‌കര്‍ എന്ന് കണക്കാക്കപ്പെടുന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് ഇക്കൊല്ലം മാര്‍ച്ചില്‍ നടന്ന ഐടിബി ബെര്‍ലിനില്‍ വച്ച് ലഭിച്ചു. സുസ്ഥിര ടൂറിസത്തിലെ മികച്ച സംഭാവനകള്‍ക്ക് ഐക്യരാഷ്ട്ര സഭ നല്‍കുന്ന യു.എന്‍.ഡബ്ല്യു.ടി.ഒ യുലിസിസ് പുരസ്‌കാരത്തിനും കേരള ടൂറിസം അര്‍ഹമായിട്ടുണ്ട്. 

image


ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യാ ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ ജിതേന്ദ്ര ജാദവ് ആണ് കേരള ടൂറിസത്തിനുവേണ്ടി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. അവാര്‍ഡ് നിശയില്‍ തുര്‍ക്കി സാംസ്‌കാരികവിനോദസഞ്ചാര മന്ത്രാലയം, പോളിഷ് ടൂറിസം ഓര്‍ഗനൈസേഷന്‍, ഓസ്‌ട്രേലിയന്‍ നാഷണല്‍ ടൂറിസ്റ്റ് ഓഫിസ്, നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ഓഫ് സെര്‍ബിയ, സൗത്ത് ഓസ്‌ട്രേലിയന്‍ ടൂറിസം കമ്മീഷന്‍, ബഹൈമാസ് ടൂറിസം മന്ത്രാലയം, വിസിറ്റ് ഫിന്‍ലാന്‍ഡ്, വിസിറ്റ് ഡെന്‍മാര്‍ക്ക് എന്നിവരും വിജയികളായി.