വികലാംഗരുടെ മനസറിഞ്ഞ് ബി എം വി എസ് എസ്

ജയ്പൂര്‍ കാലുകള്‍ നല്‍കിയത് 14.5ലക്ഷം പേര്‍ക്ക്

0

വാഹനാപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടെങ്കിലും കൃത്രിമകാലില്‍ നൃത്ത വിസ്മയമൊരുക്കുന്ന സുധാചന്ദ്രന്‍ കാഴ്ചക്കാര്‍ക്ക് എന്നും അത്ഭുതമാണ്. സുധാചന്ദ്രനെപ്പോലെ അപകടങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്ത് ജീവിതത്തില്‍ പതിന്‍മടങ്ങ് വിജയം നേടുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍കാരണം ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയാത്ത ഒരു വലിയ വിഭാഗവും മറുഭാഗത്തുണ്ട്. ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് ദേവേന്ദ്രരാജ് മേത്ത എന്ന ഡി ആര്‍ മേത്ത നിലകൊള്ളുന്നത് . സാമ്പത്തികമായും സാമൂഹ്യമായും താഴേക്കിടയിലുള്ളവര്‍ക്ക് സൗജന്യമായി കൃത്രിമക്കാല്‍ വെച്ചുപിടിപ്പിച്ച് കൊടുക്കുന്നതിലൂടെ നിരവധിപേരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡി ആര്‍ മേത്ത നേതൃത്വം നല്‍കുന്ന ഭഗവാന്‍ മഹാവീര്‍ വികലാംഗ് സഹായതാ സമിതി(ബി എം വി എസ് എസ്)ക്ക് ഇതിനോടകമായിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1975ല്‍ രൂപീകരിച്ച ബി എം വി എസ് എസ് ഇതുവരെ 14.5 ലക്ഷം ജനങ്ങള്‍ക്കാണ് താങ്ങായത്. ജാതി, മത വ്യത്യാസമില്ലാതെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനങ്ങള്‍ക്ക് കൃത്രിമ കാല്‍ സൗജന്യമായി വെച്ചുപിടിപ്പിച്ച് നല്‍കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സംഘടനയാണ് ഇന്ന് ബി എം വി എസ് എസ്.

ഡി ആര്‍ മേത്ത രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷന്‍ സ്വീകരിക്കുന്നു
ഡി ആര്‍ മേത്ത രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷന്‍ സ്വീകരിക്കുന്നു

സ്വന്തം ജീവിതാനുഭവമാണ് ഡി ആര്‍ മേത്തയെ മഹത്തായ ഇത്തരമൊരു സംരംഭത്തിലേക്ക് വഴിപിടിച്ചത്. 1969ല്‍ പൊഖ്‌റാനില്‍ ഉണ്ടായ അപകടത്തില്‍ അദ്ദേഹത്തിന് ഗുരുതമായി പരിക്കേറ്റു. 43 കഷണങ്ങളായി ചിതറിയ അദ്ദേഹത്തിന്റെ തുടയെല്ല് കൂട്ടിച്ചേര്‍ക്കാന്‍ വൈദ്യശാസ്ത്രത്തിനായില്ല. ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമോ എന്നുപോലും ഭയപ്പെട്ട നാളുകളെക്കുറിച്ച് പറയുമ്പോള്‍ മേത്തയുടെ തൊണ്ടയിടറുന്നു. എന്നാല്‍ ദൈവഹിതം മറ്റൊന്നായിരുന്നു. അഞ്ച് മാസത്തെ ആശുപത്രിവാസത്തിനുശേഷം വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തോട് അമേരിക്കയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അമേരിക്കയിലേക്കുള്ള ആ യാത്രയിലാണ് അദ്ദേഹം ജയ്പൂര്‍ കാലുകളെക്കുറിച്ചും(ജയ്പൂരില്‍ നിര്‍മിക്കുന്ന കൃത്രിമ കാല്‍) അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസിലാക്കുന്നത്.

ജയ്പൂര്‍ കാലുകള്‍ വെച്ചുപിടിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് കടന്നെങ്കിലും മേത്തയുടെ ചിന്ത മറ്റൊരു വഴിക്കായിരുന്നു. അപകടങ്ങളിലും അല്ലാതെയും കാലുകള്‍ നഷ്ടപ്പെട്ട് അവശരായി കഴിയുന്ന നിരവധിപേര്‍ സമൂഹത്തിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇവരില്‍ പലര്‍ക്കും കൃത്രിമ കാലുകളെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകുന്നതല്ല. ഇത്തരക്കാരെ സഹായിക്കാന്‍ ഒരു സം

ഘടന രൂപീകരിക്കണമെന്നായി മേത്തയുടെ ചിന്ത. അധികം വൈകാതെ അദ്ദേഹം ബി എം വി എസ് എസ് എന്ന സംഘടന രൂപീകരിച്ചു. സംഘടനയുടെ സ്തുത്യര്‍ഹമായ സേവനത്തെ തുടര്‍ന്ന്‌ റീഹാബിലിറ്റേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മികച്ച സംഘടനക്കുള്ള രണ്ട് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

നൊബേല്‍ ജേതാവായ ഡോ. ആല്‍ബെര്‍ട്ട് സ്വീറ്റ്‌സറുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ തനിക്ക് ഏറെ പ്രേരകമായെന്ന് മേത്ത പറയുന്നു. വേദനിക്കുന്നവര്‍ക്ക് സഹായം ചെയ്ത് അവരുടെ സന്തോഷത്തില്‍ പങ്കുചേരണമെന്നായിരുന്നു സ്വീറ്റ്‌സറുടെ വാക്കുകള്‍. സംഘടനയുടെ സേവനങ്ങളെക്കുറിച്ച് കൂടുതല്‍പേരെ അറിയിക്കാന്‍ വിവിധയിടങ്ങളില്‍ ബി എം വി എസ് എസ് റീഹാബിലിറ്റേഷന്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ജയ്പൂര്‍ ആസ്ഥാനമായി ശ്രീനഗര്‍ മുതല്‍ ചെന്നൈ വരെയും ഗ്വാഹട്ടി മുതല്‍ അഹമ്മദാബാദ് വരെയുമായി 22 സാറ്റലൈറ്റ് സെന്ററുകളും ഫണ്ട്. കൂടാതെ മെട്രോ സിറ്റികളായ ഡല്‍ഹി, പൂനെ, മുംബൈ, ബംഗലൂരു എന്നിവിടങ്ങളിലും ബി എം വി എസ് എസിന് ഫിറ്റിംഗ് സെന്ററുകളുണ്ട്.

പ്രത്യേക രീതിയിലുള്ള റബ്ബറില്‍ നിര്‍മിച്ച ജയ്പൂര്‍ കാലുകള്‍കൊണ്ട് യഥാര്‍ഥ കാലുകള്‍ ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളെല്ലാംതന്നെ പ്രയാസമില്ലാതെ ചെയ്യാനാകും. ഓടാനും ചാടാനും നടക്കാനും എല്ലാം ഈ കാലുകള്‍ ഉപയോഗിച്ച് സാധിക്കും. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി. കാംബ്രിഡ്ജിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വിര്‍ജീനിയ ടെക് യൂനിവേഴ്‌സിറ്റി, ഡോവ് ഇന്ത്യ, ഐ എസ് ആര്‍ ഒ എന്നിവയുമായും ബി എം വി എസ് എസിന് പാര്‍ട്ണര്‍ഷിപ്പ് ഉണ്ട്.

പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണമെന്നുണ്ടെങ്കിലും ഫണ്ടിന്റെ കുറവാണ് ബി വി എം എസ് എസ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. സര്‍ക്കാര്‍ ഫണ്ടുകള്‍ പര്യാപ്തമല്ല. ഈസാഹചര്യത്തില്‍ വ്യക്തികളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും ലഭിക്കുന്ന സംഭാവനകളാണ് ഉപയോഗിക്കുന്നത്. സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മേത്ത പൂര്‍ണ തൃപ്തനാണ്. വേദനിക്കുന്നവരെ സഹായിച്ച് അവരുടെ സന്തോഷത്തില്‍ പങ്കുചേരാനുള്ള സ്വീറ്റ്‌സറുടെ വാക്കുകള്‍തന്നെ മേത്ത പിന്തുടരുന്നു. ഇതിനേക്കാള്‍ വലിയ മറ്റൊരു സന്തോഷമില്ലെന്നും സ്വാനുഭവത്തിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു