മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിത സുരക്ഷക്കായി പുനരധിവാസ പദ്ധതി

മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിത സുരക്ഷക്കായി പുനരധിവാസ പദ്ധതി

Sunday January 29, 2017,

2 min Read

മത്സ്യത്തൊഴിലാളികള്‍ക്ക് വാസയോഗ്യമായ ഭവനവും ജീവിതസുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂരഹിത മത്സ്യത്തൊഴിലാളി ഭവന പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുട്ടത്തറയിലെ ഫഌറ്റ് സമുച്ചയ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന്റെ സഹായത്തോടെ തയാറാക്കിയ ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മത്‌സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനം, സാമൂഹ്യസുരക്ഷിതത്വം ഇവയെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പല പദ്ധതികള്‍ക്കും രൂപം നല്‍കി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. 

image


വാസയോഗ്യമായ ഭവനം എന്ന ലക്ഷ്യത്തോടെ കേരള ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ മത്‌സ്യത്തൊഴിലാളികള്‍ക്ക് ഭവനസമുച്ചയം നിര്‍മിച്ചുനല്‍കുന്നത്. രാജ്യത്ത്തന്നെ ഏറ്റവും കൂടുതല്‍ മത്‌സ്യം ലഭിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ആറരലക്ഷം ടണ്‍ മത്‌സ്യം സമാഹരിക്കുന്നതിലൂടെ രാജ്യത്തെ വിദേശനാണ്യ വരുമാനത്തില്‍ പ്രധാനപങ്ക് വഹിക്കാനുമാകുന്നുണ്ട്. എന്നാല്‍, മത്‌സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ശോച്യാവസ്ഥയിലാണ്. സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രകൃതിക്ഷോഭവും തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതിനുപുറമേയാണ്, തീരദേശപരിപാലന നിയമത്തിന്റെ സാങ്കേതികത്വം. 

ആദിവാസിസമൂഹത്തോളം തന്നെ പിന്നാക്കം നില്‍ക്കുന്ന ജനതയാണ് മത്‌സ്യത്തൊഴിലാളികളും. മാനവിക വികസനസൂചികയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മത്‌സ്യമേഖലയില്‍ എത്തിയില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്ന മത്‌സ്യത്തൊഴിലാളികളുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ തിരിച്ചറിവാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയതിന് പിന്നിലുള്ളത്. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒന്‍പതുമാസം കൊണ്ട് ഫഌറ്റ് സമുച്ചത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കടലാക്രമണമേഖലയില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കും. സര്‍ക്കാരിന്റെ ലഭ്യമായ ഭൂമിയില്‍ പുനരധിവാസത്തിനായി നല്‍കുന്നുണ്ട്. അടിമലത്തുറയിലും പൂത്തുറയിലും പുനരധിവാസത്തിന് സൗകര്യമൊരുക്കുന്നത് പരിഗണനയിലുണ്ട്. തീരസുരക്ഷ ഉറപ്പാക്കി 35 മീറ്റര്‍ ഗ്രീന്‍ കോറിഡോര്‍ ആയി സംരക്ഷിച്ചുകൊണ്ടാകും പുനരധിവാസ നടപടികളൊന്നും മന്ത്രി അറിയിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മത്സ്യബന്ധനവകുപ്പ് വഴിയാണ് മുട്ടത്തറ ബി.എസ്.എഫ് ക്വാര്‍ട്ടേഴ്‌സിന് സമീപം സര്‍ക്കാര്‍ അനുവദിച്ച മൂന്നര ഏക്കര്‍ സ്ഥലത്ത് 160 പാര്‍പ്പിടം ഉള്‍ക്കൊള്ളുന്ന ഫഌറ്റ് സമുച്ചയം നിര്‍മിക്കുന്നത്. എട്ടു ഫഌറ്റുകള്‍ അടങ്ങുന്ന 20 ഇരുനില ബ്‌ളോക്കുകളായാണ് സമുച്ചയം ഒരുക്കുന്നത്. 10 ലക്ഷം രൂപ അടങ്കല്‍ വരുന്ന ഓരോ ഫഌറ്റിലും ഒരു ഹാള്‍, രണ്ട് കിടപ്പുമുറി, അടുക്കള, ശൗചാലയം എന്നിവയും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഉള്‍പ്പെടുന്നു. ഫഌറ്റ് സമുച്ചയത്തിന് ചുറ്റുമതില്‍, ഡ്രെയിനേജ് സംവിധാനം, ഹൈമാസ്റ്റ് ലൈറ്റുകള്‍, യാര്‍ഡ് ലൈറ്റിംഗ്, ലൈബ്രറി സംവിധാനം എന്നിവയും സജ്ജമാക്കും. ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം, പാളയം ഇമാം മൗലവി സുഹൈബ് വി.പി, കൗണ്‍സിലര്‍മാരായ ബീമാപ്പള്ളി റഷീദ്, ഷീബാ പാട്രിക്, സജീന ടീച്ചര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലീം, കൂട്ടായി ബഷീര്‍, ടി. പീറ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മത്സ്യബന്ധനതുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി ഡോ. കെ. അമ്പാടി നന്ദിയും പറഞ്ഞു.