ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വേദിയായി കേരളം  

0

2017ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കേരളം വേദിയാകുന്നത് മലയാളികള്‍ക്ക് അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തെ ഒരു വേദിയായി ഫിഫ ഔദ്യോഗമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഫിഫയുടെ പ്രഖ്യാപനം. ഇത്തരത്തില്‍ വലിയൊരു മത്സരത്തിന് വേദിയാകുന്നത് കേരളത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജമാകും.

ഫുട്‌ബോള്‍ കളിയുടെ പ്രചാരണത്തിനായി വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു വരുന്ന ഘട്ടത്തില്‍ ലോകകപ്പ് മത്സരത്തിന്റെ സാന്നിധ്യം പദ്ധതികളുടെ വേഗത്തിലുള്ള നടത്തിപ്പിന് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും ഉദ്യോഗസ്ഥരുടേയുമുള്‍പ്പെടേയുള്ള ഒരു വലിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവരേയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

2017 സെപ്റ്റംബറിലാണ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന്റെ വേദിയായി കഴിഞ്ഞ ദിവസമാണ് കൊച്ചിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കൊച്ചിയുടെ ഒരുക്കത്തില്‍ ഫിഫ സംഘം ഏറെ സന്തുഷ്ടരാണെന്നു ഹവിയര്‍ സെപ്പി പറഞ്ഞു. എങ്കിലും ഇനിയും പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ ഏറെയുണ്ട്. പരിശീലന മൈതാനങ്ങള്‍ തയാറാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും േകരള ഫുട്‌ബോള്‍ അസോസിയേഷനും ശ്രദ്ധ വയ്ക്കണം. അടുത്ത വര്‍ഷം ഫെബ്രുവരി അവസാനം മല്‍സര വേദിയും അനുബന്ധ സ്റ്റേഡിയങ്ങളും ഫിഫയ്ക്കു ൈകമാറണമെന്നും ഹവിയര്‍ സെപ്പി പറഞ്ഞു.

ഹവിയര്‍ സെപ്പിയുടേയും ഫിഫ അണ്ടര്‍ 17 ലോകകപ്പ് പദ്ധതി മേധാവി ട്രേസി ലൂവിന്റെയും നേതൃത്വത്തിലുള്ള 23 അംഗ സംഘം കലൂരിലെ നെഹ്‌റു സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും പരിശോധിച്ചു. പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട്, മഹാരാജാസ് സ്റ്റേഡിയം എന്നിവയാണു പരിശീലന മൈതാനങ്ങള്‍. 25 കോടി രൂപ ചെലവില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണു നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നത്.