ബാലാവകാശ സംരക്ഷണത്തിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍

ബാലാവകാശ സംരക്ഷണത്തിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍

Friday December 18, 2015,

1 min Read


കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലാവകാശ സംരക്ഷണ സംവിധാനങ്ങളുടെ കൂട്ടായ്മയായ കേരള ചൈല്‍ഡ് ഒബ്‌സര്‍വേറ്ററി ബാലാവകാശ സംരക്ഷണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കി. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇവക്ക് വളരെ പ്രയോജനകരമാകുകയും ചെയ്യുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. യുനിസെഫിന്റെ സഹായത്തോടെയാണ് ആപ്ലിക്കേഷന്‍ രൂപീകരിച്ചിരിക്കുന്നത്.

image


കേരളത്തിലെ ബാലസംരക്ഷണ സംവിധാനങ്ങളുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകളും പ്രധാന വെബ്‌സൈറ്റുകളും കുട്ടികളെ സംബന്ധിച്ച വാര്‍ത്തകളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. കുട്ടികള്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ നടക്കുന്ന ഇന്നത്തെ സാഹരത്തില്‍ ഇത്തരത്തില്‍ ഒരു ആപ്ലിക്കേഷന്‍ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. ബാലാവകാശ നിയമത്തെക്കുറിച്ചും ആപ്ലിക്കേഷനിലൂടെ വിശദമായി മനസിലാക്കാനാകും. പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകളും ഇതില്‍ ലഭ്യമാണ്.

image


തിരുവനന്തപുരം ലൊയോള കോളജില്‍വെച്ച് മാധ്യമ വിദ്യാര്‍ഥികള്‍ക്കായി കേരള ചൈല്‍ഡ് റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി സംഘടിപ്പിച്ച ശില്‍പശാലയില്‍ യുനിസെഫ് കേരള തമിഴ്‌നാട് ഘടകം മേധാവി ജോബ് സ്‌കറിയ മുഖ്യപ്രഭാഷണം നടത്തിയശേഷം ആപ്ലിക്കേഷന്‍ പുറത്തിറക്കി.

image


കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ്, മലയാളം പത്രങ്ങളുടെ അമ്പതിലധികം എഡിഷനുകള്‍ പരിശോധിച്ച് ദിവസവും തയ്യാറാക്കുന്ന കുട്ടികളുടെ വാര്‍ത്തകളുടെ ഓഡിയോ പ്രകാശനവും ശില്‍പശാലയില്‍ നടന്നു. ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം മീനാ കുരുവിളയാണ് ഓഡിയോ പ്രകാശനം നിര്‍വഹിച്ചത്.

ടെക് ഹോപ്പേഴ്‌സിലെ ആദര്‍ശ് ആര്‍ ജയന്‍, ആദര്‍ശ് എച്ച്, ജോര്‍ജ് ജോസ്, മിഥുന്‍ സിറിയക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഇതില്‍നിന്നും ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.