മോട്ടോര്‍ വാഹന വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ  

0

മോട്ടോര്‍ വാഹന വകുപ്പില്‍ നടപ്പിലാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2017 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2017 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങള്‍ക്ക് പദ്ധതിപ്രകാരം നികുതി അടയ്ക്കാം. ഇതനുസരിച്ച് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാര്‍ച്ച് മൂന്ന് വരെയുള്ള അവസാനത്തെ അഞ്ച് വര്‍ഷത്തെ നികുതി കുടിശികയുടെ ഇരുപത് ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മുപ്പത് ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാല്‍ ഈ വാഹനങ്ങളുടെ മാര്‍ച്ച് 31 വരെയുള്ള എല്ലാ നികുതി കുടിശിക എഴുതിത്തള്ളും. 

ഇത്തരത്തില്‍ കുടിശിക അടയ്ക്കുന്നതിനു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, വെല്‍ഫയര്‍ ഫണ്ട് അടച്ച രസീത് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. മുമ്പ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വാഹനം മറ്റാര്‍ക്കെങ്കിലും വിറ്റ് കഴിഞ്ഞശേഷം പേര് മാറ്റാതിരിക്കുകയോ വാഹനം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയോ വാഹനത്തെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ചെയ്താല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് (www.mvdkerala.gov.in) പരിശോധിച്ച് ആ വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശിക ഉറപ്പുവരുത്തിയാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഭാവിയിലുണ്ടാകുന്ന റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാക്കാം. മാത്രമല്ല വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ, വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി അടച്ചശേഷം നൂറ് രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയാണെങ്കില്‍ ആ വാഹനത്തിന് ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാധ്യതയില്‍ നിന്നും ഉടമകളെ ഒഴിവാക്കും. ഈ സൗജന്യം 2017 ഡിസംബര്‍ 31 വരെ മാത്രമേ ലഭ്യമാകുകയുള്ളു. നികുതി കുടിശികയുള്ള വാഹനങ്ങള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തി ബാധ്യതകളില്‍ നിന്നും ഒഴിവാകണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.